ബാലകൃഷ്ണപിള്ളയുടെ കൈവശമുണ്ടായിരുന്നതില്‍ അഞ്ച് ജോടി ആനക്കൊമ്പും 110 ഗ്രാം ചെറു കഷണങ്ങളും വനംവകുപ്പ് ഏറ്റെടുത്തു; ആനക്കൊമ്പ് ലഭിച്ചതിന്റെ ഉറവിടം അറിയില്ലെങ്കില്‍ കേസെടുത്തു പിടിച്ചെടുക്കുകയാണ് ചെയ്യേണ്ടത്; മന്ത്രി ഗണേഷിനും ആ കൊമ്പ് നഷ്ടമായേക്കും; മന്ത്രി ശശീന്ദ്രന്‍ ചടുല നീക്കങ്ങളില്‍

Update: 2024-12-12 02:24 GMT

തിരുവനന്തപുരം: ആനയുടെ ഉടമസ്ഥാവകാശമില്ലാത്ത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ആനക്കൊമ്പ് സൂക്ഷിക്കുന്നുവെന്നു ചോദ്യത്തില്‍ കരുതലോടെ തീരുമാനം എടുക്കാന്‍ വനംമന്ത്രി എകെ ശശീന്ദ്രന്‍. ഗണേഷ് കുമാറിന് ആനയുടെ ഉടമസ്ഥാവകാശം ഇല്ലെന്ന് വനംവകുപ്പ് തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ആനകളെ ഏറ്റെടുക്കുകയും ആനക്കൊമ്പു പിടിച്ചെടുക്കുകയും വേണമെന്നാവശ്യപ്പെട്ടാണ് വനം മന്ത്രിക്കു പരാതി കിട്ടിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിസിസി വൈസ് പ്രസിഡന്റ് എസ്.ജലീല്‍ മുഹമ്മദാണു മന്ത്രി എ.കെ.ശശീന്ദ്രനും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും പരാതി നല്‍കിയത്. മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉടമസ്ഥാവകാശമില്ലാതെ ആനക്കൊമ്പുകള്‍ സൂക്ഷിക്കുന്ന വിഷയത്തില്‍ വനംവകുപ്പിനോട് അടിയന്തര റിപ്പോര്‍ട്ട് തേടുമെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ഗണേഷിന്റെ ആനക്കൊമ്പ് പിടിച്ചെടുക്കണമെന്ന നിലപാടിലാണ് മന്ത്രി ശശീന്ദ്രന്‍. എന്നാല്‍ മറ്റൊരു മന്ത്രിയുടെ കാര്യമായതു കൊണ്ട് നടപടിക്രമങ്ങള്‍ പാലിക്കും.

നിയമപ്രകാരം ആനക്കൊമ്പ് സര്‍ക്കാര്‍ സ്വത്താണെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ആനയുടെ ഉടമയല്ലാത്ത ആള്‍ക്ക് എങ്ങനെ ആനക്കൊമ്പ് ലഭിച്ചുവെന്നു കണ്ടെത്തണം. അന്തരിച്ച മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ വീട്ടില്‍നിന്ന് 5 ജോടി ആനക്കൊമ്പ് വനംവകുപ്പ് പിടിച്ചെടുക്കുന്നതിനു പകരം ഏറ്റെടുക്കുകയാണു ചെയ്തത് എന്നതിനെക്കുറിച്ചും അന്വേഷണം വേണമെന്നു പരാതിയില്‍ ആവശ്യപ്പെടുന്നു. ഗണേഷ് കുമാറിന്റെ കയ്യിലുള്ള കൊമ്പുകള്‍ പാരമ്പര്യമായി കിട്ടിയതാണെന്നാണു താന്‍ മനസ്സിലാക്കിയിരുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറയുന്നു. എന്നാല്‍ ഗണേഷ് കുമാറിന് അത് എപ്പോള്‍ കൈമാറിക്കിട്ടി എന്നതു പരിശോധിക്കണം. വന്യജീവി സംരക്ഷണ നിയമം വരുന്നതിനു മുന്‍പ് ആളുകള്‍ ആനക്കൊമ്പ് സൂക്ഷിച്ചിരുന്നു. നിയമം വന്നശേഷം ക്രയവിക്രയം പാടില്ല. ഗണേഷ് കുമാറിന്റെ കയ്യില്‍ എങ്ങനെ, എപ്പോള്‍ ആനക്കൊമ്പുകള്‍ എത്തിയെന്നും നിയമപരമായ എന്തു രേഖയുടെ അടിസ്ഥാനത്തിലാണു കൈവശം വച്ചിരിക്കുന്നതെന്നും അന്വേഷിക്കാനാണ് തീരുമാനം.

കോടികള്‍ വില മതിക്കുന്ന ആനക്കൊമ്പുകള്‍ വനംവകുപ്പിന്റെ സ്റ്റോറുകളിലുണ്ട്. അവ കത്തിച്ചുകളയാനാണു നിയമത്തില്‍ പറയുന്നത്. ആനക്കൊമ്പിനു വേണ്ടിയുള്ള ആനവേട്ട തടയാനും ആനക്കൊമ്പ് വ്യാപാരം നിരുത്സാഹപ്പെടുത്താനുമാണ് ഈ വ്യവസ്ഥ അന്നു നിയമത്തില്‍ ഉള്‍പ്പെടുത്തിയത്. കത്തിച്ചുകളയാതെ, ആനക്കൊമ്പ് സൂക്ഷിക്കുന്ന മ്യൂസിയം വനംവകുപ്പ് ആരംഭിക്കാന്‍ ഉദ്ദേശിച്ചെങ്കിലും ചില കാരണങ്ങളാല്‍ നടന്നില്ല. മ്യൂസിയത്തിന്റെ കാര്യം വീണ്ടും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നു മന്ത്രി പറഞ്ഞു. മുന്‍ വനംമന്ത്രി കൂടിയായ ഗണേഷ്‌കുമാറിന്റെ കൈവശം ഉടമസ്ഥാവകാശമില്ലാത്ത ഒരു ജോടി ആനക്കൊമ്പ് ഉണ്ടെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു വനംവകുപ്പ് മറുപടി നല്‍കിയത്. ആനക്കൊമ്പുകള്‍ എങ്ങനെ കയ്യിലെത്തിയെന്നോ, നിയമപരമായ എന്തു നടപടിയെടുത്തെന്നോ മറുപടിയില്‍ ഇല്ല.

മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ആനയും ആനക്കൊമ്പും എവിടെ നിന്ന് കിട്ടിയെന്ന ചോദ്യത്തിന് വനം വകുപ്പിന്റെ കൈയില്‍ ഉത്തരമില്ലെന്നതാണ് വസ്തുത. വര്‍ഷങ്ങളായി മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ കൈയിലുള്ള ആനക്ക് ഉടമസ്ഥാവകാശമില്ലെന്നു വനംവകുപ്പ്. അദ്ദേഹത്തിന്റെ കയ്യിലുള്ള രണ്ട് ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശവും നല്‍കിയിട്ടില്ലെന്നു വിവരാവകാശ മറുപടി. പിതാവും മുന്‍ മന്ത്രിയുമായ അന്തരിച്ച ആര്‍.ബാലകൃഷ്ണപിള്ളയുടെ കൈവശമുണ്ടായിരുന്ന ആനയാണു ഗണേഷിനു ലഭിച്ചത്. ബാലകൃഷ്ണപിള്ളയുടെ കയ്യില്‍ ആന എങ്ങനെ വന്നുവെന്ന് വിവരം വനംവകുപ്പ് ആസ്ഥാനത്ത് ഇല്ല. ഗണേഷിന്റെ കൈവശം ഇപ്പോഴുള്ള ആന അദ്ദേഹത്തിന്റേതാണെന്നതിനു മൈക്രോ ചിപ്പ് സര്‍ട്ടിഫിക്കറ്റ്, ഡേറ്റ ബുക്ക് എന്നീ രേഖകളാണ് നിലവിലുള്ളത്.

കൈവശാവകാശ നിയമപ്രകാരം ആനയെ ഗണേഷിനു മാറ്റി നല്‍കുന്നതിനുള്ള അപേക്ഷയില്‍ വനം വകുപ്പ് തീരുമാനമെടുക്കല്‍ അനന്തമായി നീളുകയാണ്. നിയമപരമായ ആധികാരിക രേഖയില്ലാതെ ആനയെ കൈവശം വെക്കാന്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം സാധ്യമല്ല. ആര്‍.ബാലകൃഷ്ണപിള്ളയുടെ കൈവശവും ആനക്കൊമ്പുകളുണ്ടായിരുന്നുവെന്നു വിവരാവകാശ രേഖയില്‍ വനംവകുപ്പ് പറയുന്നു. എന്നാല്‍ ഈ ആനക്കൊമ്പുകള്‍ അദ്ദേഹത്തിനു ലഭിച്ചത് എങ്ങനെയെന്നും ആര്‍ക്കെങ്കിലും കൈമാറ്റം ചെയ്തിട്ടുണ്ടോയെന്നുമുള്ള രേഖകള്‍ നിലവില്‍ ലഭ്യമല്ല.

ബാലകൃഷ്ണപിള്ളയുടെ കൈവശമുണ്ടായിരുന്നതില്‍ അഞ്ച് ജോടി ആനക്കൊമ്പും 110 ഗ്രാം ചെറു കഷണങ്ങളും വനംവകുപ്പ് ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. ആനക്കൊമ്പ് ലഭിച്ചതിന്റെ ഉറവിടം അറിയില്ലെങ്കില്‍ കേസെടുത്തു പിടിച്ചെടുക്കുകയാണ് ചെയ്യേണ്ടത്.

Tags:    

Similar News