ഇത്തവണ മാര്‍ക്ക് ഏകീകരണം സിബിഎസ് ഇ കുട്ടികള്‍ക്ക് അനുകൂലമാകും; കീം പ്രവേശനത്തിനുള്ള റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിയും പുതിയ റാങ്ക് പട്ടികയും റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതിയും; സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതും കേരളാ സിലബസുകാര്‍ക്ക് തിരിച്ചടിയായി; കീമില്‍ വാദം തുടരും; അടുത്ത വര്‍ഷം പുതിയ സ്‌കീം വന്നേക്കും
ന്യൂഡല്‍ഹി: കീം പ്രവേശന പരീക്ഷയില്‍ കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി. പരീക്ഷയിലെ മാര്‍ക്ക് സമീകരണം സംബന്ധിച്ച കേസില്‍ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജിയില്‍ നാലാഴ്ചയ്ക്ക് ശേഷം വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ഇതോടെ നിയമന നടപടികളുമായി സര്‍ക്കാരിന് മുമ്പോട്ട് പോകാം.
സി.ബി.എസ്.ഇ സ്‌കീമിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീല്‍ ഫയല്‍ ചെയ്യുന്നില്ലെന്ന് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. ഇത് കേസില്‍ അതിനിര്‍ണ്ണായകമായി. അതുകൊണ്ടാണ് സുപ്രീംകോടതി ഇടപെടലുകള്‍ നടത്താത്തത്. ഓഗസ്റ്റ് 14-നുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ അപ്പീല്‍ നല്‍കിയാല്‍ പ്രവേശന നടപടികള്‍ വൈകിയേക്കും. അതുകൊണ്ടാണ് അപ്പീലിന് പോകാത്തതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു.
എന്നാല്‍ കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികളുടെ ആവശ്യത്തോട് തങ്ങള്‍ പൂര്‍ണമായും യോജിക്കുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കല്‍ അത്യാവശ്യമാണെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേരള സിലബസിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേരളത്തിന് നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ ഹര്‍ജി കോടതി മാറ്റി. ഇതോടെ ഇക്കൊല്ലത്തെ പ്രവേശന നടപടികള്‍ പുതുക്കിയ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ഉറപ്പായി. ഇതിന് ശേഷമാകും കേസിലെ വാദം കേള്‍ക്കല്‍. ഇതോടെ അടുത്ത വര്‍ഷം പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വ്യക്തമായി.
കീം റാങ്ക് പട്ടിക പുതുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമോയെന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനോടാണ് ഇല്ലെന്ന മറുപടി സര്‍ക്കാര്‍ നല്‍കിയത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പുതുക്കിയ റാങ്ക് പട്ടികയില്‍ കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞത്. ഈ കേസില്‍ ഇന്നലെ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകര്‍ ആരും ഹാജരായിരുന്നില്ല.
തുടര്‍ന്നാണ് കേസ് പരിഗണിക്കുമ്പോള്‍ കോടതി മുറിയില്‍ ഉണ്ടായിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയോട് സംസ്ഥാനം അപ്പീല്‍ ഫയല്‍ ചെയ്യുന്നുണ്ടോ എന്ന് അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. ഹൈക്കോടതി വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയെന്നും അതിനാല്‍ ഇനി കോടതി ഇടപെടല്‍ ഉണ്ടാകരുതെന്നും തടസ ഹര്‍ജി നല്‍കിയ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനും ആവശ്യപ്പെട്ടിരുന്നു. ഇതാണ് അംഗീകരിക്കപ്പെടുന്നത്.
കീം പ്രവേശനത്തിനുള്ള റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിയും പുതിയ റാങ്ക് പട്ടികയും റദ്ദാക്കണമെന്നായിരുന്നു കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ തടസഹര്‍ജിയും ഫയല്‍ ചെയ്തു. പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് സ്റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികളും ഈ മാറ്റം നിയമവിരുദ്ധമാണെന്ന് സിബിഎസ്ഇ വിദ്യാര്‍ത്ഥികളും അവകാശപ്പെട്ടത്.