കളി കയ്യിലിരിക്കട്ടെ; കച്ചവടത്തിന്റെ പേരില്‍ ഇന്ത്യക്കാര്‍ക്ക് പ്രത്യേക വിസ നല്‍കാനാകില്ലെന്ന് ഇന്ത്യയില്‍ കാലു കുത്തും മുന്നേ ജാമ്യമെടുത്തു കീര്‍ സ്റ്റാര്‍മര്‍; യാത്രകൊണ്ടുള്ള നേട്ടം നമുക്കാണെന്നു കോക്പിറ്റില്‍ നിന്നും പൈലറ്റിന്റെ ശബ്ദ സഹായിയിലൂടെ പ്രധാനമന്ത്രി; കച്ചവടത്തില്‍ ആത്യന്തിക വിജയം ബ്രിട്ടന് തന്നെ; ബോളിവുഡ് സിനിമകള്‍ യുകെയില്‍ നിര്‍മ്മിക്കും; മാഞ്ചസ്റ്ററില്‍ നിന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് ഡല്‍ഹിക്ക്
ഇന്ത്യക്കാര്‍ക്ക് പ്രത്യേക വിസ നല്‍കാനാകില്ലെന്ന് ഇന്ത്യയില്‍ കാലു കുത്തും മുന്നേ ജാമ്യമെടുത്തു കീര്‍ സ്റ്റാര്‍മര്‍
ന്യൂഡല്‍ഹി: ബ്രക്സിറ്റിനു ശേഷം യൂറോപ്പിന് പകരം ഇന്ത്യയാണ് ഇനി മുന്നോട്ടുള്ള വ്യപാര പങ്കാളി എന്നുറപ്പിച്ചത് ബോറിസ് ജോണ്‍സണാണ്. തുടര്‍ന്ന് ലിസ് ട്രസും ഋഷി സുനകും പ്രധാനമന്ത്രിമാരായി വന്നു പോയപ്പോഴും ഇപ്പോള്‍ കീര്‍ സ്റ്റാര്‍മര്‍ നയം തീരുമാനിക്കുമ്പോഴും 14 വട്ടമാണ് ഇക്കാര്യത്തില്‍ തുടര്‍ച്ചയായി ഇന്ത്യയുമായി ചര്‍ച്ച നടത്തിയത്. എല്ലാ ചര്‍ച്ചകളും വഴി മുട്ടിയത് ഇന്ത്യ പകരമായി കൂടുതല്‍ ആളുകള്‍ക്ക് ബ്രിട്ടനില്‍ ജോലി ചെയ്യാനും പഠിക്കാനും ആവശ്യമായ വിസ ആവശ്യപ്പെട്ടതോടെയാണ്.
എന്നാല്‍ ചരിത്രപരമായ കച്ചവട പങ്കാളിത്തത്തിന് ഇക്കഴിഞ്ഞ ജൂലൈ സന്ദര്‍ശനത്തില്‍ ബ്രിട്ടനില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കീര്‍ സ്റ്റാര്‍മര്‍ക്ക് കൈകൊടുത്തു കരാറില്‍ ഒപ്പുവച്ചതോടെ ആത്യന്തികമായി വിജയം ബ്രിട്ടന്‍ നേടുക ആയിരുന്നു. അക്കാര്യം ഒരിക്കല്‍ കൂടി ഉറപ്പിച്ച ശേഷമാണ് ഇന്നലെ സ്റ്റാര്‍മര്‍ ഇന്ത്യയിലേക്ക് വിമാനം കയറിയത്. യാത്രയ്ക്ക് തൊട്ടു മുന്‍പായി സ്റ്റാര്‍മര്‍ പറഞ്ഞത് 'കച്ചവടം വേറെ, വിസ കാര്യം വേറെയെന്നാണ്. രണ്ടും കൂടി കൂട്ടിക്കുഴയ്ക്കാനാകില്ല. ഇന്ത്യയ്ക്ക് പ്രത്യേകമായി വര്‍ക്ക് വിസയോ സ്റ്റുഡന്റ് വിസയോ അധികമായി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല', എന്നാണ്.
ഇതിനര്‍ത്ഥം താന്‍ ഇന്ത്യയില്‍ കാലുകുത്തുമ്പോഴേക്ക് പതിവ് പോലെ ഇന്ത്യയുടെ ഭാഗത്തു നിന്നും വിസയ്ക്കായി സമ്മര്‍ദ്ദമുയരരുത് എന്ന് തന്നെയാണ്. തന്റെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ ശ്രദ്ധ വ്യാപാര കരാറില്‍ മാത്രമായിരിക്കുമെന്നും തന്നോടൊപ്പമുള്ള എല്ലാവരും ഇന്ത്യയിലെത്തി അവസരങ്ങള്‍ എങ്ങനെ മുതലാക്കണം എന്നതില്‍ മുഴുവന്‍ താല്‍പര്യവും കാട്ടണം എന്നാണ് യാത്രയ്ക്ക് തൊട്ടു മുമ്പായി തന്നോടൊപ്പമുള്ള 125 അംഗ സംഘത്തോട് വിമാനത്തിലെ കോക്പിറ്റില്‍ കയറി പ്രധാനമന്ത്രി സന്ദേശം നല്‍കിയത്. ഇത്രയും വലിയ സംഘവുമായി സ്റ്റാര്‍മര്‍ യാത്ര ചെയ്യുന്നത് തന്നെ പരമാവധി നേട്ടം ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ്. ഇന്നലെ ഇന്ത്യയില്‍ എത്തിയ ഉടന്‍ മുംബൈ ബോളിവുഡ് സ്റ്റുഡിയോയില്‍ അടക്കം എത്തി തിരക്കിട്ട പരിപാടികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.
ബ്രിട്ടന് മിടുക്കരെ ആവശ്യമുണ്ട്, പക്ഷെ അതിനായി വിസ നിയമം മാറ്റില്ല
നൂറിലേറെ സംരംഭകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍ അടക്കമുള്ള വിദ്യാഭ്യാസ വിദഗ്ധര്‍ എന്നിവരൊക്കെയാണ് സ്റ്റാര്‍മറിന്റെ കൂടെ ഇന്ത്യയിലെത്തിയിരിക്കുന്നത്. ചര്‍ച്ചകളില്‍ ഒരിടത്തും കുടിയേറ്റ സംബന്ധമായ വിഷയം കടന്നു വരാതിരിക്കാന്‍ സ്റ്റാര്‍മറിനൊപ്പമുള്ള പ്രത്യേക സംഘം ജാഗ്രത നല്‍കും. ഇന്ത്യയിലെത്തിയ തന്നോട് ബിസിനസ് രംഗത്ത് നിന്നും ഒരാള്‍ പോലും ഇക്കാര്യം ആവശ്യപെട്ടില്ലെന്നും സ്റ്റാര്‍മര്‍ പറഞ്ഞതും തന്റെ യാത്രയുടെ ഉദ്ദേശ ലക്ഷ്യം വിജയം തന്നെയാണ് എന്ന് വ്യക്തമാക്കുന്നതിനു വേണ്ടിയാണ്. യുകെയില്‍ നിന്നും കാറും സ്‌കോച്ച് വിസ്‌കിയും ഇന്ത്യയിലേക്ക് ഒഴുകുമ്പോള്‍ തിരികെ വസ്ത്രങ്ങളും ആഭരണങ്ങളും മറ്റും യുകെയിലേക്കും പറക്കും. അതിനാല്‍ അതാത് രംഗത്തുള്ളവര്‍ പരമാവധി കച്ചവട പങ്കാളിയെ കണ്ടെത്തുക എന്നതും സ്റ്റാര്‍മര്‍ തന്റെ സംഘത്തോട് ഓര്‍മ്മിപ്പിച്ച ശേഷമാണ് ചര്‍ച്ചകളിലേക്ക് കടന്നിരിക്കുന്നത്.
മൂന്നു വര്‍ഷത്തേക്ക് ജോലി ചെയ്യാന്‍ എത്തുന്ന ഇന്ത്യന്‍ കമ്പനി വിദഗ്ധരും മറ്റും സാമൂഹ്യ സുരക്ഷയ്ക്കായി ഒരു പണം പോലും യുകെയില്‍ മുടക്കേണ്ട എന്നാണ് ബ്രിട്ടന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് കുടിയേറ്റ നയത്തെ കാര്യമായി ബാധിക്കില്ലെന്നും ഇങ്ങനെ എത്തുന്ന പ്രൊഫഷണലുകള്‍ വളരെ കുറച്ചായിരിക്കും എന്നുമാണ് മന്ത്രിമാര്‍ അടക്കമുള്ള ബ്രിട്ടീഷ് സംഘം കരുതുന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരോടും വിസ സംബന്ധിച്ച ചോദ്യം ഇന്ത്യന്‍ ഭാഗത്തു നിന്നും ഉണ്ടാകില്ല എന്ന പ്രതീക്ഷയാണ് പ്രധാനമന്ത്രി പങ്കുവച്ചതും. അമേരിക്ക ഇന്ത്യന്‍ ടെക്കികള്‍ക്ക് ദുര്‍ഘട സാഹചര്യം സൃഷ്ടിച്ചത് പരിഗണിച്ച് അത്തരക്കാരെ ബ്രിട്ടന്‍ സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് എല്ലാ വിഭാഗം മിടുക്കരെയും ബ്രിട്ടന് ആവശ്യമുണ്ടെന്നും എന്നാല്‍ അതിനായി പ്രത്യേക വിസ റൂട്ടൊന്നും തുറക്കാനാകില്ല എന്നുമാണ് സ്റ്റാര്‍മര്‍ സംശയലേശമന്യേ നല്‍കിയ മറുപടി.
ബോളിവുഡ് സ്റ്റുഡിയോയില്‍ സ്റ്റാര്‍മര്‍, റാണി മുഖര്‍ജിയടക്കം ഉള്ളവരുമായി കുശലവും
മുംബൈയില്‍ എത്തിയ ഉടന്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട സ്റ്റാര്‍മര്‍ ഇത്രയും വലിയ വ്യാപാര സംഘവുമായി ആദ്യമാണ് തങ്ങള്‍ ഒരു വിദേശ രാജ്യത്ത് എത്തുന്നത് എന്ന കാര്യം ആവര്‍ത്തിച്ചത് സന്ദര്‍ശനത്തിന്റെ പ്രാധാന്യം ഉറപ്പിക്കാന്‍ വേണ്ടി ആയിരുന്നു. അടുത്ത വര്‍ഷം മൂന്നു യാഷ് രാജ് ചോപ്ര സിനിമകള്‍ യുകെയില്‍ നിര്‍മ്മിക്കും എന്ന് ബോളിവുഡ് സ്റ്റുഡിയോ സന്ദര്‍ശിക്കവെ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചത് ഏറെകാലമായി ബോളിവുഡ് സിനിമകള്‍ ബ്രിട്ടനോട് മുഖം തിരിച്ച കാര്യമൊക്കെ പഴംകഥ ആണെന്ന് കൂടി ഓര്‍മ്മിപ്പിക്കാനായിരുന്നു. ബോളിവുഡ് നടി റാണി മുഖര്‍ജിയടക്കം ഉള്ളവരോട് കുശലം പങ്കിട്ടു സ്റ്റാര്‍മര്‍ നീങ്ങിയത് മാധ്യമ ക്യാമറാ കണ്ണുകള്‍ക്കും കൗതുക കാഴ്ചയായി.
സിനിമ മേഖലയില്‍ മാത്രമായി 3000 പേര്‍ക്ക് ജോലി നല്‍കാനും ഇപ്പോഴത്തെ കച്ചവട കരാറുകള്‍ വഴി സാധിക്കും എന്നാണ് കണക്കുകൂട്ടല്‍. യാഷ് രാജ് സിനിമയുടെ ഓഫീസ് തന്നെ യുകെയില്‍ തുറക്കാനും തയ്യാറാണ് എന്ന് കമ്പനി ചീഫ് എക്സിക്യുട്ടീവ് അക്ഷയ വിധാനി പ്രഖ്യാപിച്ചതും ചര്‍ച്ചകള്‍ നേര്‍ വഴിയില്‍ തന്നെയാണ് എന്ന സൂചന നല്‍കുന്നതായി. അല്‍പ സമയം കിട്ടിയപ്പോള്‍ അക്ഷയ വിധാനിയും റാണി മുഖര്‍ജിയും ചേര്‍ന്ന് സ്റ്റാര്‍മര്‍ ഹിന്ദി സിനിമയുടെ ചില ഭാഗങ്ങള്‍ കാണാനും തയ്യാറായി.
മാഞ്ചസ്റ്ററില്‍ നിന്നും അടുത്ത വര്‍ഷം ബ്രിട്ടീഷ് എയര്‍വേയ്‌സ് ഡല്‍ഹിയിലേക്ക്
ചര്‍ച്ചകള്‍ ഗതാഗത രംഗത്തേക്ക് തിരിഞ്ഞതോടെ യുകെയിലെ മലയാളികള്‍ക്കും നേട്ടം കിട്ടിയ സൂചനയാണ് പുറത്തു വരുന്നത്. വമ്പന്‍ കരാറുകളും നിരവധി കമ്പനികളും കൈകോര്‍ക്കുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായ യാത്രകള്‍ ഇരുഭാഗത്തും നിന്നും ആവശ്യമാണ് എന്ന ന്യായം ചൂണ്ടിക്കാട്ടിയതോടെ ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും നേരിട്ടുള്ള ദിനംപ്രതിയുള്ള വിമാന സര്‍വീസ് ബ്രിട്ടീഷ് എയര്‍വേയ്‌സ് വര്‍ധിപ്പിക്കും എന്ന ഉറപ്പാണ് സ്റ്റാര്‍മര്‍ നല്‍കിയത്. ഇതിന്റെ ഭാഗമായി ഏതാനും നാള്‍ മുന്‍പ് രാജി വച്ച ഉപ പ്രധാനമന്ത്രി ആഞ്ചേല റെയ്നര്‍ ഇടയ്ക്കിടെ ആവശ്യപ്പെട്ടിരുന്ന മാഞ്ചസ്റ്റര്‍ - ഡല്‍ഹി വിമാനവും യാഥാര്‍ത്ഥ്യമാകുകയാണ്. ഇതിന്റെ നേരിട്ടുള്ള ഗുണം യുകെയിലെ മലയാളികള്‍ക്കും ലഭിക്കും.
വടക്കന്‍ പട്ടണങ്ങളിലെ മലയാളികള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഡല്‍ഹി വഴി കേരളത്തില്‍ എത്താന്‍ ഈ വിമാനത്തെ ഉപയോഗിക്കാനാകും. പ്രധാന വിമാനക്കമ്പനികളുമായി ബ്രിട്ടീഷ് എയര്‍വെയ്സിന് കോഡ് ഷെയറിങ് ഉള്ളതിനാല്‍ കണക്ഷന്‍ ഫ്‌ളൈറ്റ് തലവേദന ആയേക്കില്ല. നിലവില്‍ മുംബൈയിലേക്ക് ഇന്‍ഡിഗോ നടത്തുന്ന സര്‍വീസുമായി ക്ലാഷ് ഉണ്ടാകാത്ത വിധമായിരിക്കും ബ്രിട്ടിഷ് എയര്‍വേയ്‌സിന്റെ വരവ്. ഇതോടെ മാഞ്ചെസ്റ്റര്‍ വിമാനത്താവളത്തിന്റെ പ്രാധാന്യവും ഉയരുകയാണ്. ഡല്‍ഹിയിലേക്ക് യുകെയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നും ദിവസം നേരിട്ട് മൂന്നു സര്‍വീസുകളും അടുത്ത വര്‍ഷത്തോടെ യാഥാര്‍ത്ഥ്യമാകും.