ചന്ദനമരം മുറിക്കലിലും വനത്തിലെ ഭക്ഷണാവശിഷ്ടത്തിലും തര്‍ക്കിച്ച് ചീഫ് സെക്രട്ടറി; എല്ലാ വകുപ്പുകളും പരിശോധിച്ചതു തന്നെയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍; വാക്കുതര്‍ക്കങ്ങളില്‍ കലങ്ങി മന്ത്രിസഭാ യോഗം; പ്രശ്ന പരിഹാരത്തിന് പ്രത്യേകയോഗം കൂടാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും; ജയതിലക് സൂപ്പര്‍പവറോ?
ചന്ദനമരം മുറിക്കലിലും വനത്തിലെ ഭക്ഷണാവശിഷ്ടത്തിലും തര്‍ക്കിച്ച് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ വനം മന്ത്രി എ.കെ ശശീന്ദ്രനും ചീഫ് സെക്രട്ടറി എ. ജയതിലകും തമ്മില്‍ നടന്ന തര്‍ക്കം പരിഹരിക്കാനാകാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. വന്യമൃഗ അക്രമണം തടയുന്നത് അടക്കമുള്ള അടിയന്തര പ്രാധാന്യമുള്ള മൂന്നു കരടു ബില്ലുകള്‍ തര്‍ക്കത്തെത്തുടര്‍ന്ന് ചീഫ് സെക്രട്ടറി മാറ്റിവച്ചു. തര്‍ക്കമുള്ള ബില്ലുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി മാത്രം ശനിയാഴ്ച മന്ത്രിസഭായോഗം കൂടാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. സംസ്ഥാനത്തിന്റെ സുപ്രധാന നിയമ നിര്‍മ്മാണങ്ങളില്‍ ചീഫ് സെക്രട്ടറിയുടെ വിയോജിപ്പിനെത്തുടര്‍ന്ന് പ്രത്യേക മന്ത്രിസഭാ യോഗം വിളിക്കുന്നത് ഇതാദ്യമായി.
വിവിധ വകുപ്പുകള്‍ പരിശോധിച്ച് മന്ത്രിമാര്‍ അംഗീകാരം നല്‍കി മന്ത്രിസഭയുടെ അന്തിമ അനുമതിക്കായി എത്തിയ ബില്ലുകളിലാണ് ചീഫ് സെക്രട്ടറി തര്‍ക്കം ഉന്നയിച്ചത്. ബില്ലുകള്‍ പാസാക്കാനാവാത്തതില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ കടുത്ത അതൃപ്തി യോഗത്തില്‍ പ്രകടിപ്പിച്ചു. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഈ ബില്ലുകള്‍ മാത്രം ചര്‍ച്ച ചെയ്യുന്നതിനായി ശനിയാഴ്ച പ്രത്യേക മന്ത്രിസഭായോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്. നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ കരടുബില്ലുകള്‍ അവതരിപ്പിച്ചത്. വന്യജീവി സംരക്ഷണ നിയമ ഭേദഗതി, ചന്ദനമരം മുറിക്കല്‍, ഇക്കോ ടൂറിസം ബോര്‍ഡ് ബില്ലുകളായിരുന്നു അവ.
ബില്ലുകളുടെ ഉള്ളടക്കത്തെക്കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ചാണ് ചീഫ് സെക്രട്ടറി കുറിപ്പുകള്‍ എഴുതിയത്. 'ചന്ദനം എങ്ങനെ മുറിക്കും, എങ്ങനെ വില്‍ക്കും?', 'വനത്തിലെ മാലിന്യത്തില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടുമോ?' തുടങ്ങിയ ചോദ്യങ്ങളാണ് ചീഫ് സെക്രട്ടറി ഉന്നയിച്ചത്. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയ ശേഷം ചട്ടങ്ങള്‍ രൂപീകരിക്കുമ്പോഴാണ് ഇത്തരം വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതെന്നും, അവസാന നിമിഷം ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് നിയമനിര്‍മ്മാണം വൈകിപ്പിക്കാനാണെന്നും മന്ത്രി ആരോപിച്ചു.
മനുഷ്യജീവന് ഭീഷണിയാകുന്ന കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങളെ വെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്നതാണ് വന്യജീവി സംരക്ഷണ നിയമ ഭേദഗതി. സംസ്ഥാനത്ത് വന്യമൃഗ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ഏറെനാളായി ഉയരുന്ന ആവശ്യമാണിത്. കര്‍ഷകര്‍ പട്ടയഭൂമിയില്‍ നട്ടുവളര്‍ത്തിയ ചന്ദനമരങ്ങള്‍ മുറിച്ച് വനംവകുപ്പ് വഴി വില്‍ക്കാന്‍ അനുവദിക്കുന്നതാണ് ചന്ദനമരം മുറിക്കല്‍ ബില്‍. നിലവിലെ നിയമക്കുരുക്കില്‍ കര്‍ഷകര്‍ക്ക് തങ്ങള്‍ നട്ട മരം പോലും മുറിക്കാനാവാത്ത അവസ്ഥയ്ക്ക് പരിഹാരമായാണ് ഇത് കൊണ്ടുവരുന്നത്. സംസ്ഥാനത്ത് ഇക്കോ ടൂറിസം വികസനത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇക്കോ ടൂറിസം ബോര്‍ഡ് ബില്‍: ഇനി മൂന്നു ബില്ലുകളും ശനിയാഴ്ച ചേരാനിരിക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
മുന്‍പ് ഇരുപതോളം ഇനങ്ങള്‍ മന്ത്രിസഭായോഗത്തിന്റെ അജണ്ടയില്‍ വന്നിരുന്നെങ്കില്‍, ഇപ്പോള്‍ നാലോ അഞ്ചോ ഇനങ്ങള്‍ മാത്രമാണ് വരുന്നതെന്നും ഇത് ഭരണപരമായ കാര്യങ്ങളില്‍ വേഗത കുറയ്ക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. ചീഫ് സെക്രട്ടറിയുടെ പുതിയ നടപടി ഈ ആരോപണത്തിന് ശക്തി കൂട്ടും. മന്ത്രിസഭ അംഗീകരിച്ചാലും ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതിയും, കേന്ദ്രത്തിന്റെ അനുമതിയും ലഭിച്ചാല്‍ മാത്രമേ ഈ ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിക്കാനാകൂ. ഈ സാഹചര്യത്തില്‍ മന്ത്രിസഭയിലെ കാലതാമസം നിയമനിര്‍മ്മാണം ൈവകിപ്പിക്കും.