ജോസിന് പിന്നാലെ ഇനി യുഡിഎഫില്ല; ചര്‍ച്ചകള്‍ക്ക് താല്‍ക്കാലിക വിരാമം; താല്‍പര്യമുണ്ടെന്ന് അറിയിച്ചാല്‍ ചര്‍ച്ചയാകാം; കേരള കോണ്‍ഗ്രസിന്റെ പിന്നാലെ നടക്കുന്നുവെന്ന പ്രതീതി ഒഴിവാക്കാന്‍ കോണ്‍ഗ്രസ്; പാലാ വിട്ടുനല്‍കില്ലെന്ന് കാപ്പന്‍; ജോസ് മുന്നണി വിടില്ലെന്ന് മന്ത്രി വി.എന്‍. വാസവനും; ലീഗിന്റെ ചാണക്യതന്ത്രങ്ങള്‍ പാളുന്നു!

ലീഗിന്റെ ചാണക്യതന്ത്രങ്ങള്‍ പാളുന്നു!

Update: 2026-01-14 16:48 GMT

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സജീവമായിരുന്ന കേരള കോണ്‍ഗ്രസ് (എം) മുന്നണി മാറ്റ ചര്‍ച്ചകള്‍ക്ക് താല്‍ക്കാലിക വിരാമം. എല്‍ഡിഎഫില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കിയതോടെ, ഇനി അദ്ദേഹത്തിന്റെ പിന്നാലെ പോകേണ്ടതില്ലെന്ന് യുഡിഎഫ് നേതാക്കള്‍ തീരുമാനിച്ചു. താത്പര്യമുണ്ടെന്ന് ജോസ് വിഭാഗം ഔദ്യോഗികമായി അറിയിച്ചാല്‍ മാത്രം ചര്‍ച്ചയാകാമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഒടുവിലത്തെ നിലപാട്.

'ഇനി ആരുടെയും പിന്നാലെ പോകില്ല'

യുഡിഎഫ് ജോസ് കെ. മാണിയുടെ പിന്നാലെ നടക്കുകയാണെന്ന പ്രതീതി ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശക്തമായ ആവശ്യമുയര്‍ന്നു.ജോസ് കെ മാണിയുമായി മുന്നണിമാറ്റ ചര്‍ച്ച നടന്നിട്ടില്ലെന്നും താല്‍പര്യമറിയിച്ചാല്‍ മാത്രം ചര്‍ച്ച നടത്താമെന്നും കെസി വേണുഗോപാലും ആരുടെയും പിന്നാലെ പോകില്ലെന്ന് കെ.മുരളീധരനും വ്യക്തമാക്കി. 'മുന്നണി വിടാനുള്ള താല്‍പ്പര്യം അവര്‍ പ്രകടിപ്പിക്കട്ടെ, അല്ലാത്തിടത്തോളം ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. അതേസമയം, ജോസ് കെ. മാണി മുന്നണി വിടില്ലെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് മന്ത്രി വി.എന്‍. വാസവന്‍ പ്രതികരിച്ചു.

കോട്ടയത്ത് 'പൊട്ടിത്തെറി'; കോണ്‍ഗ്രസില്‍ അമര്‍ഷം

കേരള കോണ്‍ഗ്രസിനെ തിരികെ എത്തിക്കാനുള്ള മുസ്ലിം ലീഗിന്റെ നീക്കത്തിനെതിരെ കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ സഹായമില്ലാതെ തന്നെ കോട്ടയം ജില്ലാ പഞ്ചായത്തും നഗരസഭകളും പിടിച്ചെടുത്തത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

ജോസ് കെ. മാണി വന്നാല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടി വരുമെന്ന ഭയം നേതാക്കള്‍ക്കുണ്ട്. 'കൊള്ളാവുന്ന കുടുംബത്തിലേക്ക് വേശ്യയെ വിളിച്ചുകൊണ്ടു വന്നാല്‍ കുടുംബം കുളം തോണ്ടും' എന്ന കെപിസിസി മുന്‍ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ് കോണ്‍ഗ്രസിനുള്ളിലെ രോഷം വെളിപ്പെടുത്തുന്നു. കെ.സി. ജോസഫിനെ പോലുള്ള മുതിര്‍ന്ന നേതാക്കളും ഈ നീക്കത്തിന് എതിരാണ്.

'പാലാ' വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പന്‍

മുന്നണി മാറ്റ ചര്‍ച്ചകള്‍ക്കിടെ മാണി സി. കാപ്പന്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി. ജോസ് കെ. മാണി യുഡിഎഫിലേക്ക് വന്നാല്‍ പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കാപ്പന്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചു. പി.ജെ. ജോസഫ് വിഭാഗവും തങ്ങളുടെ സീറ്റുകളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല.

ലീഗിന്റെ തന്ത്രവും കോണ്‍ഗ്രസിന്റെ ആശങ്കയും

ഭരണം പിടിക്കാന്‍ എന്തുവിലകൊടുത്തും ജോസ് വിഭാഗത്തെ എത്തിക്കണമെന്ന നിലപാടിലാണ് മുസ്ലിം ലീഗ്. എന്നാല്‍ ഇത് കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കുറയ്ക്കാനും, ഭരണം കിട്ടിയാല്‍ തന്നെ ചെറുകക്ഷികളുടെ വിലപേശലിന് വഴങ്ങേണ്ടി വരാനും കാരണമാകുമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഭയപ്പെടുന്നു. ഐഷാ പോറ്റി മാതൃകയില്‍ സീറ്റ് നഷ്ടപ്പെടുന്നവര്‍ പാര്‍ട്ടി വിടുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

Tags:    

Similar News