തുരുത്തേലിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ കേരള കോണ്‍ഗ്രസ് (എം) തീരുമാനിച്ചു; ഇത് കേട്ട് പുലര്‍ച്ചെ നെഞ്ചു വേദന വന്ന് ആശുപത്രിയിലായ നഗരസഭാ ചെയര്‍മാന്‍; യുഡിഎഫ് സ്വതന്ത്രന്‍ കൊണ്ടുവന്ന 'അവിശ്വാസം' പുറത്താക്കിയത് സ്വന്തം ചെയര്‍മാനെ; മാണിയില്ലാത്ത 'പാല'യില്‍ കാണുന്നതും കേള്‍ക്കുന്നതും അതിവിചിത്ര രാഷ്ട്രീയം
പാലായില്‍ സ്വന്തം ചെയര്‍മാനെ പുറത്താക്കി കേരള കോണ്‍ഗ്രസ് (എം)
പാലാ: മുന്‍ധാരണ പ്രകാരം രാജി വയ്ക്കാത്ത സ്വന്തം ചെയര്‍മാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി കേരള കോണ്‍ഗ്രസ് (എം). പാലാ നഗരസഭ ചെയര്‍മാന്‍ ഷാജു വി.തുരുത്തനെയാണു യുഡിഎഫ് സ്വതന്ത്രന്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു കേരള കോണ്‍ഗ്രസ് (എം) പുറത്താക്കിയത്.
എതിര്‍പക്ഷം കൊണ്ടുവന്ന അവിശ്വാസത്തിലൂടെ സ്വന്തം പക്ഷത്തെ ചെയര്‍മാനെ പുറത്താക്കുകയെന്ന അപൂര്‍വതയാണു പാലായില്‍ നടന്നത്. അവിശ്വാസം കൊണ്ടുവന്ന യുഡിഎഫ് ചര്‍ച്ചയില്‍നിന്നു വിട്ടു നിന്നു. എന്നാല്‍ ഭരണപക്ഷത്തെ 14 പേര്‍ വോട്ട് ചെയ്തതോടെ പ്രമേയം പാസായി. സിപിഎം പുറത്താക്കിയ കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം, ബിനുവിനൊപ്പം നില്‍ക്കുന്ന ഷീബ ജിയോ, ഷാജു വി.തുരുത്തന്‍ എന്നിവര്‍ വോട്ടിങ്ങിന് എത്തിയില്ല. ഷാജു വി.തുരുത്തന്‍ ആശുപത്രിയില്‍ ആയതിനാലാണു എത്താതിരുന്നത്.
പാര്‍ട്ടി അന്ത്യശാസനം തള്ളി ഷാജു വി തുരുത്തേല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്ന നിലപാടില്‍ ഉറച്ച് നിന്നതോടെയാണ് പാര്‍ട്ടി കടുത്ത നിലപാടിലേക്ക് പോയത്. ഷാജു വി തുരുത്തേലിന് രാജിവെക്കാന്‍ രാവിലെ 11 മണിവരെ നേതൃത്വം സമയം നല്‍കിയിരുന്നു. എന്നിട്ടും രാജിവെക്കാതെ വന്നതോടെയാണ് ചെയര്‍മാനെതിരായ യുഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചത്.
അവിശ്വാസം കൊണ്ടു വന്നവര്‍ തന്നെ സഭയില്‍ എത്തിയിരുന്നില്ല. ഇതോടെ കോറമില്ലാതെ അവിശ്വാസം അവതരിപ്പിക്കാനുള്ള യോഗം പോലും ചേരാന്‍ കഴിയാതെയായി. ഫലത്തില്‍ അവിശ്വാസത്തെ കേരളാ കോണ്‍ഗ്രസ് എം പിന്തുണയ്ക്കാന്‍ തീരുമാനിച്ചതോടെ കോണ്‍ഗ്രസ് മലക്കം മറിയുകയായിരുന്നു.
ധാരണയനുസരിച്ച് ഷാജു അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്നാണ് കേരള കോണ്‍ഗ്രസ് (എം) നേതൃത്വം ആവശ്യപ്പെടുന്നത്. കൗണ്‍സിലര്‍ തോമസ് പീറ്ററിന് അവസാനത്തെ 9 മാസം നഗരസഭാധ്യക്ഷ സ്ഥാനം നല്‍കുന്നതു സംബന്ധിച്ച് കരാര്‍ ഉണ്ടായിരുന്നതായും കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു. അതിനിടെ, നഗരസഭാധ്യക്ഷന്‍ ഷാജു വി.തുരുത്തനെ ഇന്നലെ പുലര്‍ച്ചെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് നിലവില്‍ ഷാജു.
സ്വതന്ത്ര അംഗം ജിമ്മി ജോസഫ് ആണ് യുഡിഎഫിന്റെ പിന്തുണയോടെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ചെയര്‍മാന്‍ രാജിവെക്കുന്നതിനെ ചൊല്ലി കേരളാ കോണ്‍ഗ്രസ് എമ്മിലെ അഭിപ്രായ ഭിന്നത ലക്ഷ്യമിട്ടായിരുന്നു യുഡിഎഫ് നീക്കം.
യുഡിഎഫ് അംഗങ്ങളും സ്വതന്ത്ര അംഗം ജിമ്മി ജോസഫും ഉള്‍പ്പെടെ ഒന്‍പത് പേര്‍ ഒപ്പിട്ടാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് നേരത്തെ അധ്യക്ഷസ്ഥാനം നഷ്ടമായ മുന്‍ സിപിഎം അംഗം ബിനു പുളിക്കക്കണ്ടവും അവിശ്വാസപ്രമേയത്തെ പിന്തുണച്ചേക്കും എന്ന് സൂചനകളുണ്ടായിരുന്നു.
പുതിയ സംഭവ വികാസങ്ങള്‍ക്കൊപ്പം ഒരിടവേളയ്ക്ക് ശേഷം പാലാ നഗരസഭയിലെ രാഷ്ട്രീയം വീണ്ടും ചൂടു പിടിക്കുകയാണ്. വിഷയങ്ങളില്‍ സിപിഎം പരസ്യ നിലപാട് എടുത്തിട്ടില്ല. സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെടുത്തിയശേഷം രാജിവയ്ക്കാമെന്നായിരുന്നു ചെയര്‍മാന്‍ ഷാജു തുരുത്തന്റെ നിലപാട്. മൂന്ന് പതിറ്റാണ്ടോളം പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു.
തനിക്ക് കിട്ടിയ ചെയര്‍മാന്‍ സ്ഥാനം ഒരു വര്‍ഷമാക്കി വെട്ടി കുറച്ചതിനു പിന്നില്‍ പാര്‍ട്ടിയിലെ ചിലരാണെന്ന് ഷാജു വി തുരുത്തേല്‍ പറഞ്ഞിരുന്നു. അവിശ്വാസത്തിന് ശേഷം രാജി ഉണ്ടായില്ലെങ്കില്‍ മറ്റൊരു അവിശ്വാസത്തിന് സമയമില്ല. അതിനാല്‍ യുഡിഎഫ് പിന്തുണയോടെ വന്ന അവിശ്വാസത്തെ തള്ളാനും കൊള്ളാനും വയ്യാത്ത പ്രതിസന്ധിയിലായി കേരള കോണ്‍ഗ്രസ് എം.
തനിക്ക് രണ്ടു വര്‍ഷമാണ് ചെയര്‍മാന്‍ പദം പാര്‍ട്ടി അനുവദിച്ചതെന്നാണ് തുരുത്തന്റെ വാദം. എന്നാല്‍ അങ്ങനെയല്ല അവസാന എട്ടുമാസം കൗണ്‍സിലര്‍ തോമസ് പീറ്ററിനാണ് അധ്യക്ഷ സ്ഥാനം പറഞ്ഞുവച്ചിരിക്കുന്നതെന്നാണ് കേരള കോണ്‍ഗ്രസ് എം നേതൃത്വം ഇപ്പോള്‍ പറയുന്നത്. 26 അംഗ പാലാ നഗരസഭാ കൗണ്‍സിലില്‍ കേരള കോണ്‍ഗ്രസ് എമ്മിന് 10 അംഗങ്ങളും സിപിഎമ്മിന് ആറാംഗങ്ങളും സിപിഐക്ക് ഒരു അംഗവുമാണ് ഉള്ളത്. ആകെ 17 അംഗ ഭരണസമിതി. ഇതില്‍ സിപി എം അംഗം ബിനു പുളിക്കക്കണ്ടത്തെ പാര്‍ട്ടി പുറത്താക്കിയിരിക്കുകയാണ്.ബിനുവിന് ഒപ്പം തന്നെയാണ് മറ്റൊരു സ്വതന്ത്ര സിപിഎം കൗണ്‍സില്‍ ആയ ഷീബാ ജിയോയും നില്‍ക്കുന്നത്. എങ്കില്‍പോലും ഭരണപക്ഷത്തിന് തുരത്തനെ കൂടാതെ 14 അംഗങ്ങളുടെ ഭൂരിപക്ഷം ഉണ്ട്.