കെ.സി.വേണുഗോപാലിന്റെയും യതീഷ് ചന്ദ്രയുടെയും പേരില്‍ വ്യാജ എഫ്ബി; ഫര്‍ണിച്ചര്‍ വില്‍ക്കുന്നുവെന്ന് സന്ദേശം; അഡ്വാന്‍സ് കൊടുത്താല്‍ കച്ചവടം ഉറപ്പാക്കാമെന്ന് വാഗ്ദാനവും; അഭിഭാഷകര്‍ക്ക് തോന്നിയ സംശയം നിര്‍ണായകമായി; തട്ടിപ്പിന് പിന്നില്‍ ഒരേസംഘമെന്ന് സൂചന; അന്വേഷണം തുടങ്ങി

കെ.സി, യതീഷ് ചന്ദ്ര എന്നിവരുടെ പേരില്‍ വ്യാജ സന്ദേശം അയച്ച് തട്ടിപ്പിന് ശ്രമം

Update: 2025-04-01 07:55 GMT

കണ്ണൂര്‍: കെ.സി.വേണുഗോപാല്‍ എംപി, ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര എന്നിവരുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് തട്ടിപ്പിന് ശ്രമം. സ്ഥലംമാറ്റം പെട്ടെന്നായതിനാല്‍ വീട്ടിലെ ഫര്‍ണിച്ചര്‍ വിറ്റഴിക്കുന്നെന്നാണു സന്ദേശം. ഡിഐജി യതീഷ് ചന്ദ്രയുടെ പേരിലുള്ള വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ടില്‍നിന്ന് ഹൈക്കോടതി അഭിഭാഷകന്‍ കുളത്തൂര്‍ ജയ്സിങ്ങിനാണ് സന്ദേശം ലഭിച്ചത്. കൊച്ചി സൈബര്‍ പൊലീസില്‍ പരാതി നല്‍കി. ജയ്സിങ്ങിനു ലഭിച്ച അതേ സന്ദേശങ്ങളാണ് കെ.സി.വേണുഗോപാലിന്റെ പേരിലുള്ള ഫെയ്‌സ്ബുക് അക്കൗണ്ടില്‍ നിന്ന് ഹരിപ്പാട്ടെ അഭിഭാഷകനായ ജെ.ശിവപ്രസാദിന് ലഭിച്ചത്.

ഡി.ഐ.ജി യതീഷ് ചന്ദ്രയുടെയും, ആലപ്പുഴ എംപി കെസി വേണുഗോപാലിന്റെയും പേരിലുള്ള വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് വഴിയാണ് ഇരു അഭിഭാഷകര്‍ക്കും തട്ടിപ്പ് സന്ദേശം അയച്ചത്. ഇതിന് പിന്നില്‍ ഒരേസംഘമെന്നാണ് സൂചന. ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ പേരിലുള്ള വ്യാജ എഫ്ബി അക്കൗണ്ടില്‍ നിന്ന് ഹൈക്കോടതി അഭിഭാഷകനായ അഡ്വ. കുളത്തൂര്‍ ജയ്സിംഗിനാണ് ഒരു മെസേജ് ലഭിച്ചത്.

പെട്ടെന്നായിരുന്നു സ്ഥലം മാറ്റമുണ്ടായത്, അതുകൊണ്ട് വീട്ടിലെ ഫര്‍ണിച്ചര്‍ വില്‍ക്കുകയാണ്, സോ.. വെറും 4 മാസത്തെ പഴക്കം മാത്രമുള്ള 5 ലക്ഷം രൂപയുടെ ഫര്‍ണിച്ചര്‍ 95000 രൂപ കൊടുത്താല്‍ സി.ആര്‍.പി.എഫിന്റെ വണ്ടിയില്‍ വീട്ടിലെത്തിക്കും. ഇതാണ് യതീഷ് ചന്ദ്രയുടെ പേരിലുള്ള വ്യാജ എഫ്ബി അക്കൗണ്ടില്‍ നിന്ന് അഭിഭാഷകന് വന്ന സന്ദേശം.

പിന്നീട് യതീഷ് ചന്ദ്രയുടെ ഫോണ്‍ നമ്പറും ആവശ്യപ്പെട്ടു. ഫോണില്‍ സി.ആര്‍.പി.എഫ് ഓഫീസര്‍ ബന്ധപ്പെടുമെന്ന് അറിയിക്കുക കൂടി ചെയ്തു. അഡ്വാന്‍സ് കൊടുത്താല്‍ കച്ചവടം സെറ്റാക്കാമെന്ന് ഉറപ്പും നല്‍കി. സംശയം തോന്നിയ അഡ്വ. കുളത്തൂര്‍ ജയ്സിംഗ് ഫോണില്‍ യതീഷ് ചന്ദ്രയെ ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹത്തിന്റെ മേസേജ് അല്ല എന്നറിയുന്നത്. തുടര്‍ന്ന് കൊച്ചി സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

അങ്ങനെ സംഭവത്തില്‍ കേസ് എടുത്തു. തുടര്‍ന്ന് വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് മരവിപ്പിച്ച് അന്വേഷണം നടത്തവേയാണ് കെ.സി.വേണുഗോപാല്‍ എം.പിയുടെ പേരിലുള്ള വ്യാജ ഫേസ് ബുക്ക് അക്കൗണ്ടില്‍ നിന്ന് ഹരിപ്പാട്ടെ അഭിഭാഷകനായ ശിവപ്രസാദിന് സമാന സ്വഭാവമുള്ള മെസേജ് ലഭിച്ചത്. ഹരിപ്രസാദും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആരാണ് ഇതിന് പിന്നിലെന്ന അന്വേഷണത്തിലാണ് പൊലീസ്. വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നില്‍ ഒരേസംഘമാണെന്ന് സൂചന ലഭിച്ചിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Tags:    

Similar News