കായികതാരമായ പെണ്‍കുട്ടിയെ ക്യാമ്പില്‍ വച്ചും പീഡനത്തിന് ഇരയാക്കി; അറസ്റ്റിലായവരില്‍ പ്ലസ്ടു വിദ്യാര്‍ഥിയും ഒരാഴ്ച മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞയാളും മീന്‍ കച്ചവടം നടത്തുന്ന സഹോദരങ്ങളും വരെ; പ്രതികളില്‍ പലരും ഒളിവില്‍; ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
കായികതാരമായ പെണ്‍കുട്ടിയെ ക്യാമ്പില്‍ വച്ചും പീഡനത്തിന് ഇരയാക്കി
പത്തനംതിട്ട: പത്തനംതിട്ടയില്‍ കായിക താരമായ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതികളില്‍ പലരും ഒളിവില്‍. 64 പേര്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതില്‍ 62 പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയടക്കം 20 പേര്‍ അറസ്റ്റിലായിരുന്നു. അഞ്ച് വര്‍ഷത്തെ പീഡന വിവരങ്ങളാണ് പെണ്‍കുട്ടിയില്‍ നിന്ന് പൊലീസിന് കിട്ടിയത്. പ്രതികളില്‍ പലരും നാട്ടില്‍ പോലുമില്ലാത്തവരാണ്. അതുകൊണ്ടുതന്നെ അന്വേഷണവും വെല്ലുവിളി നിറഞ്ഞതാണ്. ദരിദ്രകുടുംബത്തില്‍ ജനിച്ച കുട്ടിയുടെ കുടുംബസാഹര്യവും പ്രതികള്‍ ചൂഷണം ചെയ്യുകയായിരുന്നു.
കൂട്ട ബലാത്സംഗത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് സിഡബ്ല്യുസിക്ക് പെണ്‍കുട്ടി നല്‍കിയ മൊഴി. ഇതില്‍ 40 പേരെ നേരത്തെ തിരിച്ചറിഞ്ഞു. അതേ സമയം സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ കേരള പൊലീസിനോട് റിപ്പോര്‍ട്ട് തേടി. മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
കേസില്‍ 15 പേര്‍ കൂടി ഇന്ന് അറസ്റ്റിലായിരുന്നു. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 20 ആയി. ഇന്ന് അറസ്റ്റിലായവരില്‍ പ്ലസ്ടു വിദ്യാര്‍ഥിയും ഒരാഴ്ച മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ വ്യക്തിയും മീന്‍ കച്ചവടം നടത്തുന്ന സഹോദരങ്ങളും ഉള്‍പ്പെടുന്നതായാണ് വിവരം. കഴിഞ്ഞദിവസം അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യം നടന്ന കൂടുതല്‍ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
ആദ്യം പീഡിപ്പിച്ചത് ആണ്‍സുഹൃത്താണ്. പതിമൂന്നാം വയസ്സിലായിരുന്നു ഇത്. പീഡനദൃശ്യങ്ങള്‍ സുഹൃത്ത് തന്റെ ഫോണില്‍ പകര്‍ത്തുകയും പിന്നീട് ഇതുകാട്ടി ഭീഷണിപ്പെടുത്തിയുമാണ് ആണ്‍സുഹൃത്തിന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മദ്യപിക്കുന്ന ശീലമുള്ള പിതാവിന്റെ ഫോണ്‍ രാത്രി പെണ്‍കുട്ടി ഉപയോഗിക്കുമായിരുന്നു. അങ്ങനെ സംസാരിച്ചവരും പരിചയപ്പെട്ടവരും ക്രൂരത നടത്തിയവരില്‍പ്പെടുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൂന്നുപേര്‍ ഒന്നിച്ചുവിളിച്ചുകൊണ്ടുപോയി വരെ കൂട്ടമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും മൊഴിയിലുണ്ട്.
പെണ്‍കുട്ടിക്ക് അറിയാത്ത പല സ്ഥലങ്ങളിലും പീഡനം നടന്നിട്ടുണ്ട്. കാറില്‍വച്ചും സ്‌കൂളില്‍വച്ചും വീട്ടിലെത്തിയും പീഡിപ്പിച്ചവരുണ്ട്. സ്‌കൂള്‍തല കായികതാരമായ പെണ്‍കുട്ടി ക്യാമ്പില്‍ വച്ചും പീഡനത്തിന് ഇരയായി. വിഡിയോ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു എല്ലാ പീഡനങ്ങളും നടന്നത്. ഇലവുംതിട്ട പൊലീസാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. പത്തനംതിട്ട പൊലീസും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പല സ്ഥലങ്ങളില്‍വച്ച് നടന്ന പീഡനമായതിനാല്‍ അതാത് പൊലീസ് സ്റ്റേഷനുകളില്‍ കേസ് റജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാണ് തീരുമാനം. പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. പത്തനംതിട്ട പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം. പെണ്‍കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടാക്കാത്ത രീതിയിലാണ് മൊഴിയെടുക്കുന്നത്. ആവശ്യമായ കൗണ്‍സിലിങ്ങും നല്‍കുന്നുണ്ട്.
ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സിഡബ്ല്യുസിക്ക് മുന്‍പാകെ 18 കാരി നടത്തിയത്. 13 വയസ് മുതല്‍ സുഹൃത്തുക്കളും സഹപാഠികളും അടക്കം നിരവധിപേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കി. 62 പേരുടെ വിവരങ്ങള്‍ കൗണ്‍സിലിങ്ങിലൂടെ എം എഫ് സിഡബ്ല്യുസിക്ക് കിട്ടിയിരുന്നു. അത് പരിശോധിച്ചാണ് പ്രത്യേക പൊലീസ് സംഘം പ്രതികളെ പിടികൂടിയത്.
പത്തനംതിട്ട, ഇലവുംതിട്ട സ്റ്റേഷനിലായി 7 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നലെ അറസ്റ്റ് ചെയ്ത അഞ്ച് പേര്‍ക്കെതിരെ കൂട്ട ബലാത്സംഗത്തിനാണ് കേസ്. ദളിത് പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. അതിനാല്‍ പോക്‌സാ കൂടാതെ പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം കൂടി ചേര്‍ത്തിട്ടുണ്ട്. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങള്‍ എത്തിച്ചാണ് പെണ്‍കുട്ടിയെ പ്രതികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കായികതാരമായ പെണ്‍കുട്ടിയെ പരിശീലകര്‍ പോലും ചൂഷണത്തിനിരയാക്കിയൊന്നും പൊലീസ് പറയുന്നുണ്ട്.
പൊലീസ് പറയുന്നത്:
13 വയസ്സുള്ളപ്പോഴാണ് ആന്‍സുഹൃത്ത് പെണ്‍കുട്ടി ഈ ആദ്യമായി ലൈംഗിക ചൂഷണത്തിനു ഇരയാക്കുന്നത്. പിന്നീട് ഇയാളുടെ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തി. അവര്‍ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി പീഡിപ്പിച്ചു. പിന്നീട് അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിന് പോലും ഇരയാക്കി. ഹയര്‍സെക്കന്‍ഡറി കാലഘട്ടത്തില്‍ പഠിച്ചവര്‍ പിന്നീട് ഉപരിപഠനത്തിനായി ചേര്‍ന്നപ്പോള്‍ അവിടെയുള്ള സഹപാഠികളും പെണ്‍കുട്ടിയെ ചൂഷണം ചെയ്തു.
60ലധികം പേരുടെ വിവരങ്ങള്‍ സിഡബ്ല്യുസിക്ക് ലഭിച്ച മൊഴിയില്‍ നിന്ന് പൊലീസിനെ കിട്ടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് പൊലീസിന് നിര്‍ണായ വിവരങ്ങള്‍ കിട്ടിയത്. അച്ഛന്റെ ഫോണിലൂടെ ആയിരുന്നു പ്രതികളുമായി ആശയവിനിമയം. പെണ്‍കുട്ടി തന്നെ എഴുതി സൂക്ഷിച്ചിരുന്ന ഡയറിയില്‍ നിന്നും കൂടുതല്‍ പ്രതികളെ തിരിച്ചറിയാനായി. എന്നാല്‍ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ വീട്ടിലുള്ളവര്‍ പോലും പെണ്‍കുട്ടി നേരിട്ട ദുരനുഭവം തിരിച്ചറിഞ്ഞില്ല. മഹിളാ സമഖ്യ സൊസൈറ്റിക്ക് നല്‍കിയ വിവരമാണ് കേസിന്റെ ചുരുളഴിച്ചത്.
കായിക താരമായ പെണ്‍കുട്ടിയെ ചൂഷണം ചെയ്ത പരിശീലകരും കേസില്‍ പ്രതികളാകും. ലൈംഗിക ചൂഷണത്തിന് ഇരയാക്കിയവര്‍ മാത്രമല്ല പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ വ്യാപകമായി പങ്കുവെച്ചവരും കേസില്‍ പ്രതികള്‍ ആകുമെന്ന് പൊലീസ് പറയുന്നു.