87,500 രൂപ ശമ്പളം വാങ്ങിയിരുന്ന അഭിഭാഷകന് ഇനി കിട്ടുക 1,10,000 രൂപ! സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി സര്‍ക്കാര്‍, അതും മുന്‍കാല പ്രബല്യത്തില്‍; 2022 ജനുവരി ഒന്നുമുതല്‍ പ്രാബല്യം; 43 മാസത്തെ കുടിശിക നല്‍കാന്‍ മാത്രം വേണ്ടത് പത്ത് കോടി; പാര്‍ട്ടി ബന്ധുക്കളായ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് പോക്കറ്റ് നിറയും
87,500 രൂപ ശമ്പളം വാങ്ങിയിരുന്ന അഭിഭാഷകന് ഇനി കിട്ടുക 1,10,000 രൂപ!
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ക്ഷേമപെന്‍ഷന്‍ വിതരണം ഉള്‍പ്പെടെയുള്ളവ കുടിശികയായി നില്‍ക്കുമ്പോഴും സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍, അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍, അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, പ്ലീഡര്‍ ടു ഡു ഗവണ്‍മെന്‍്റ് വര്‍ക്ക് എന്നിവരുടെ പ്രതിമാസ വേതനം വര്‍ദ്ധിപ്പിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
യഥാക്രമം 87,500 രൂപയില്‍ നിന്നും 1,10,000 രൂപയായും 75,000 രൂപയില്‍ നിന്നും 95,000 രൂപയായും 20,000 രൂപയില്‍ നിന്നും 25,000 രൂപയുമായാണ് വര്‍ദ്ധിപ്പിക്കുക. 2022 ജനുവരി ഒന്നുമുതല്‍ പ്രാബല്യം ഉണ്ടാകും. 43 മാസത്തെ കുടിശിക നല്‍കാന്‍ മാത്രം ഏതാണ്ട് പത്തുകോടിയോളംരൂപ സര്‍ക്കാരിനു വേണ്ടിവരും.
ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയാകുന്നതും, കെ.എസ്.ആര്‍.ടി.സിയിലെ ശമ്പളം മുടങ്ങലും ആശവര്‍ക്കര്‍മാര്‍ക്കുള്ള കുടിശികയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അഭിഭാഷകരുടെ ശമ്പളവര്‍ധന സര്‍ക്കാര്‍ നടപ്പാക്കുന്നത്. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാല്‍ ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ചെലവുകള്‍ക്കായി സംസ്ഥാനം 3000 കോടി രൂപ കൂടിയാണ് കടമെടുത്തത്. 12 വര്‍ഷ കാലയളവില്‍ 1000 കോടിയും 37 വര്‍ഷത്തെ തിരിച്ചടവില്‍ 2000 കോടിയുമാണ് പൊതുവിപണിയില്‍ നിന്ന് സമാഹരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. നടപ്പു സാമ്പത്തികവര്‍ഷം കേരളത്തിന്‍െ്റ 10,000 കോടിയായി വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ മേയ് 31 ന് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പെന്‍ഷനായവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ 3000 കോടിരൂപ ആവശ്യമായി വന്നു. ഏതാണ്ട് 10,000 സര്‍ക്കാര്‍ ജീവനക്കാരാണ് ഈ വര്‍ഷം പെന്‍ഷനായത്. ഇതിനു പുറമേ ക്ഷേമപെന്‍ഷന്‍ വിതരണവും പൂര്‍ത്തിയാക്കണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 37,512 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചിരുന്നങ്കിലും 54,000 കോടി പലഘട്ടങ്ങളിലായി സംസ്ഥാനമെടുത്തിരുന്നു. 2025-26 സംസ്ഥാന ബജറ്റനുസരിച്ച് സര്‍ക്കാരിന്റെ സഞ്ചിത കടം 4,81,997.62 കോടി രൂപയാണ.് കേന്ദ്രാനുമതി ലഭിച്ച 4600 കോടിയും മറ്റു ബാധ്യതകളും കൂടി ചേര്‍ത്താല്‍ മൊത്തം കടം ആറുലക്ഷം കോടിയാകും.
നേരത്തെ കേരളാ ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളവും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. സ്പെഷല്‍ സര്‍ക്കാര്‍ പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തില്‍നിന്ന് 1.50 ലക്ഷം ആക്കി ഉയര്‍ത്തി. സീനിയര്‍ പ്ലീഡറുടെ ശമ്പളം 1.10ല്‍നിന്ന് 1.40 ലക്ഷവും പ്ലീഡര്‍മാരുടേത് ഒരു ലക്ഷത്തില്‍നിന്ന് 1.25 ലക്ഷവും ആക്കി. അന്നും മുന്‍കാല പ്രാബല്യമാണ് ഉണ്ടായിരുന്നത്.
അഡ്വക്കറ്റ് ജനറല്‍, അഡീഷനല്‍ അഡ്വ. ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, അഡീ. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, സ്റ്റേറ്റ് അറ്റോര്‍ണി എന്നിവര്‍ക്കു നല്‍കുന്ന പ്രതിഫലവും പരിഷ്‌കരിച്ചിരുന്നു. പ്രതിമാസ റീട്ടെയ്നര്‍ ഫീസ് 2.50 ലക്ഷമാക്കി. പ്രത്യേക അലവന്‍സ് - 50,000, സുപ്രീംകോടതിയില്‍ ഹാജരാകുന്നതിന് ഫീസ് - 60,000 രൂപ, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ഹാജരാകുന്നതിന് ഫീസ് - 15,000 രൂപ, സിംഗിള്‍ ബെഞ്ചില്‍ ഹാജരാകുന്നതിന് ഫീസ് - 7,500 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
രാഷ്ട്രീയ നിയമനങ്ങള്‍ക്കാണ് സര്‍ക്കാര്‍ വലിയ തോതില്‍ ശമ്പള വര്‍ധിപ്പിക്കുന്നത്. ഇത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. നേരത്തെ പിഎസ്സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളത്തില്‍ 1.6 ലക്ഷം രൂപയിലേറെ വര്‍ധന വരുത്തിയിരുന്നു. ചെയര്‍മാന്റെ ആകെ ശമ്പളം 2.24 ലക്ഷം രൂപയില്‍നിന്ന് 3.87 ലക്ഷമായും അംഗങ്ങളുടേത് 2.19 ലക്ഷത്തില്‍നിന്ന് 3.80 ലക്ഷമായുമാണ് കൂടുന്നത്. ചെയര്‍മാനടക്കം 20 അംഗങ്ങളാണ് പിഎസ്സിയില്‍ നിലവിലുള്ളത്. ഒരു സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.