അമ്മ കല്യാണ കുറിയുമായി ചെന്നപ്പോള്‍ വീട്ടുകാര്‍ കരുതിയത് പുതിയ റേഷന്‍കാര്‍ഡുമായി എത്തിയതെന്ന്; റേഷന്‍കടയിലെ ചെക്കന്റെ കല്യാണ കുറിക്കും 'റേഷന്‍കാര്‍ഡ്' ടച്ച്; കാണാതപോയ കാര്‍ഡ് തിരിച്ചുകിട്ടിയെന്ന് ആശ്വസിച്ചവരുമുണ്ട് കൂട്ടത്തില്‍; ആ കാര്‍ഡ് കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയയും

റേഷന്‍കടയിലെ ചെക്കന്റെ കല്യാണ കുറിക്കും 'റേഷന്‍കാര്‍ഡ്' ടച്ച്

Update: 2025-02-03 15:02 GMT

അടൂര്‍: ഏനാത്ത് ഇളങ്ങമംഗലം കിണറുവിള വീട്ടില്‍ ജ്യോതിഷ് ആര്‍.പിള്ളയുടെ വിവാഹം ഇന്നലെ കഴിഞ്ഞെങ്കിലും ആ കല്യാണക്കുറിയാണ് ഇപ്പോഴും നാട്ടിലെ ചര്‍ച്ചാവിഷയം. റേഷന്‍കാര്‍ഡിന്റെ മാതൃകയില്‍ ഒരുക്കിയിരിക്കുന്ന കല്യാണക്കുറിയാണ് നാട്ടുകാര്‍ക്ക് കൗതുകമായത്. ജ്യോതിഷിന്റെ കുടുംബം വര്‍ഷങ്ങളായി നടത്തിവരുന്ന റേഷന്‍ കടയുമായുള്ള വൈകാരിക അടുപ്പമാണ് ഇത്തരത്തില്‍ കുറി തയ്യാറാക്കാന്‍ പ്രേരണയായത്.

ചെറുപ്പംമുതല്‍ അമ്മയെ സഹായിക്കാന്‍ റേഷന്‍കടയില്‍ എത്തുന്നതുകൊണ്ട് നാട്ടുകാര്‍ക്ക് ജ്യോതിഷ് റേഷന്‍കടയിലെ ചെക്കനായി. ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, കുടുംബത്തിന് വരുമാനവും ജീവിതവുമൊരുക്കിയ റേഷന്‍കടയുമായി ബന്ധപ്പെട്ട എന്തെങ്കിലും കൂടെയുണ്ടാവണം എന്ന് ജ്യോതിഷ് ആഗ്രഹിച്ചു. വ്യത്യസ്തമായ കുറി എന്ന ആശയം പറഞ്ഞപ്പോള്‍ സഹോദരി ജ്യോതിലക്ഷ്മിയും അവരുടെ ഭര്‍ത്താവ് സജിത്കുമാറുമാണ് എല്ലാം ഒരുക്കാന്‍ കൂടെനിന്നത്.

കല്യാണം വിളിക്കാന്‍ അമ്മ കുറിയുമായി ചെല്ലുമ്പോള്‍ പുതിയ റേഷന്‍കാര്‍ഡുമായി എത്തിയതാണെന്നാണ് വീട്ടുകാര്‍ പലരും കരുതുന്നതെന്ന് ജ്യോതിഷ് തമാശയായി പറയുന്നു. ഒരുവീട്ടില്‍ ചെന്നപ്പോളുണ്ടായ വ്യത്യസ്തമായ അനുഭവും ജോതിഷിന്റെ കുടുംബം മറുനാടനോട് പങ്കുവച്ചു. കാണതായ റേഷന്‍ കാര്‍ഡ് തിരിച്ചുകിട്ടിയെന്നായിരുന്നു വീട്ടുകാരന്റെ പ്രതികരണം. എന്നാല്‍ വിവാഹം ക്ഷണിക്കാന്‍ എത്തിയതാണെന്നും കൈമാറിയത് കല്യാണക്കുറിയാണെന്നും പറഞ്ഞപ്പോള്‍ ആള്‍ ഞെട്ടിപ്പോയി. പിന്നെ ചിരിച്ചു..... ജ്യോതിഷിന്റെ സഹോദരി ഭര്‍ത്താവ് സജിത്കുമാര്‍ പറയുന്നു.

11 ദിവസം എടുത്താണ് റേഷന്‍കാര്‍ഡ് മാതൃകയുള്ള കല്യാണക്കുറി ഡിസൈന്‍ ചെയ്തത്. ജോലി വിദേശത്തായതിനാല്‍ എല്ലാനിര്‍ദേശവും ഫോണില്‍ കൂടിയാണ് നല്‍കിയത്. മുന്‍ പേജില്‍ ചെറുക്കന്റെ വിവരങ്ങളും കല്യാണത്തിന്റെ വിവരങ്ങളുമാണ്. മറുപുറത്ത് റേഷന്‍കാര്‍ഡിലെ പോലെ ചെറുക്കന്റെ വീട്ടിലെ അംഗങ്ങളുടെ പേരും ബന്ധവും എഴുതി, അഡ്വര്‍ടൈസിംഗ് ഏജന്‍സി നടത്തുന്ന സജിത്കുമാര്‍ പറയുന്നു.  

റേഷന്‍ കാര്‍ഡുപോലെ മടക്കിയ കുറിയുടെ ഉള്ളിലാണ് സാധാരണ കുറിയിലെ പോലെ മറ്റുവിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊട്ടാരക്കര ഉമ്മന്നൂര്‍ വിജയമന്ദിരത്തില്‍ ജി.എച്ച്. ദേവികയെ ജ്യോതിഷ് ജീവിത സഖിയാക്കുകയും ചെയ്തു. വിവാഹത്തില്‍ ആയിരത്തിലേറെ പേര്‍ പങ്കെടുത്തു.

വര്‍ഷങ്ങളായുള്ള കട

ജ്യോതിഷിന്റെ അച്ഛന്റെ ജേഷ്ഠന്‍ ഭാര്‍ഗവന്‍പിള്ളയാണ് ഇളങ്ങമംഗലത്ത് നേരത്തെ റേഷന്‍കട നടത്തിയിരുന്നത്. ശേഷം അച്ഛന്‍ കെ.കെ. രവീന്ദ്രന്‍പിള്ള കട നടത്തി. 2003-ല്‍ ഇദ്ദേഹം മരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 22 കൊല്ലമായി ജ്യോതിഷിന്റെ അമ്മ ടി. അംബികയാണ് കട നടത്തുന്നത്.

Tags:    

Similar News