'അപ്പീലിന് 5000 രൂപ നല്‍കണം; ഈ തുകക്ക് വേണ്ടി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബി ഗ്രേഡ് നല്‍കി; വിധികര്‍ത്താക്കളായി ഇരുന്നത് മാപ്പിളപ്പാട്ടിനെക്കുറിച്ച് അറിയാത്തവര്‍'; കലോത്സവ വേദിയില്‍ വിധി നിര്‍ണയത്തിനെതിരെ പ്രതിഷേധം
കലോത്സവ വേദിയില്‍ വിധി നിര്‍ണയത്തിനെതിരെ പ്രതിഷേധം
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവ മത്സര വേദിയില്‍ വിധി നിര്‍ണയത്തിനെതിരെ പ്രതിഷേധവുമായി മത്സരാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും രംഗത്ത്. മാപ്പിളപ്പാട്ട് ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ വിധി നിര്‍ണയം കൃത്യമല്ലെന്ന് രക്ഷിതാക്കളും അധ്യാപകരും ആരോപിച്ചു. ഇതുവരെ സംസ്ഥാന തലത്തില്‍ വിധികര്‍ത്താക്കളായി ഇരുന്ന ആരും പാനലില്‍ ഉണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം.
കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബി ഗ്രേഡ് നല്‍കിയത് അപ്പീലുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണെന്നും പ്രതിഷേധക്കാര്‍ ആരോപണം. അപ്പീലിന് 5000 രൂപ നല്‍കണം. ഈ തുകക്ക് വേണ്ടിയാണ് കൂടുതല്‍ കുട്ടികള്‍ക്ക് ബി ഗ്രേഡ് നല്‍കിയതെന്നും ആരോപിച്ചു. മാപ്പിളപ്പാട്ടിനെ കുറിച്ച് അറിയാത്തവരാണ് പാനലിലുണ്ടായിരുന്നത്. പ്രതിഷേധത്തിന് വിലക്ക് നിലനില്‍ക്കവേ തന്നെയാണ് വിധികര്‍ത്താക്കള്‍ക്കെതിരെ അധ്യാപകരും രക്ഷിതാക്കളും പരസ്യമായി രംഗത്തെത്തിയത്.
മാപ്പിളപ്പാട്ടിന് പുറമെ കുച്ചുപ്പുടി, കോല്‍ക്കളി, ദഫ്മുട്ട്, ചവിട്ടുനാടകം, നാടോടിനൃത്തം, കേരളനടനം തുടങ്ങിയ ഇനങ്ങളാണ് ഇന്ന് അരങ്ങേറിയത്. മിമിക്രി, ഓട്ടന്തുള്ളല്‍ പോലെയുള്ള ജനപ്രിയ ഇനങ്ങളും ഇന്ന് വിവിധ വേദികളിലായി അരങ്ങേറുകയാണ്.
മൂന്നാംദിനത്തില്‍ മത്സരങ്ങള്‍ പുരോഗമിക്കവേ 559 പോയിന്റുമായി പട്ടികയില്‍ മുന്നില്‍ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ ജില്ലയാണ്. 554 പോയിന്റുമായി തൃശൂര്‍ രണ്ടാമതും 548 പോയിന്റ് വീതം നേടി കോഴിക്കോടും പാലക്കാടും മൂന്നാമതുമാണ്. ആകെയുള്ള 249 ഇനങ്ങളില്‍ 141 ഇനങ്ങളാണ് പൂര്‍ത്തിയായത്. ഇന്ന് 61 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.
കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂളുകളുടെ പട്ടികയില്‍ 85 പോയിന്റുമായി പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് മുന്നില്‍. 73 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാമതുണ്ട്. 71 പോയിന്റോടെ കണ്ണൂര്‍ സെന്റ് തേരേസാസ് സ്‌കൂളാണ് മൂന്നാമത്.
ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ് പുരോഗമിക്കുന്നത്. മത്സരങ്ങളില്‍ 15,000ത്തോളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ 'എം.ടി-നിള'യാണ് മുഖ്യവേദി. അഞ്ചുനാള്‍ നീളുന്ന കലോത്സവം എട്ടിന് സമാപിക്കും.
അതേ സമയം നാളെ നടക്കുന്ന ഏതാനും മത്സരങ്ങള്‍ക്കുള്ള വേദികളില്‍ മാറ്റമുണ്ട്. വേദി 14 തൈക്കാട് ഭാരത് ഭവനില്‍ 9.30-നു നടക്കേണ്ട എച്ച്.എസ്.എസ്. കൂടിയാട്ടം വേദി 18 ആയ തൈക്കാട് ഗവ. മോഡല്‍ സ്‌കൂളിലേക്കു മാറ്റി.
തൈക്കാട് ഗവ. സ്‌കൂളില്‍ 9.30-നു നടക്കേണ്ട എച്ച്.എസ്. ബോയ്സ് പാഠകം, 12-നു നടക്കേണ്ട എച്ച്.എസ്. ഗേള്‍സ് പാഠകം, രണ്ടിനു നടക്കേണ്ട എച്ച്.എസ്. ബോയ്സ് ഗാനാലാപനം, നാലിനു നടക്കേണ്ട ഗേള്‍സ് എച്ച്.എസ്. ഗാനാലാപനം എന്നിവ വേദി 14 തൈക്കാട് ഭാരത് ഭവനിലേക്കു മാറ്റി.
വേദി ഏഴ്- പട്ടം ഗവ. ഗേള്‍സ് സ്‌കൂളില്‍
9.30-നു നടക്കേണ്ട എച്ച്.എസ്.എസ്. ആണ്‍ മോണോ ആക്ട്, 12-ന് നടക്കേണ്ട എച്ച്.എസ്. ഗേള്‍സ് മോണോ ആക്ട് എന്നിവ വേദി എട്ട് കവടിയാര്‍ നിര്‍മല ഭവന്‍ സ്‌കൂളിലേക്കു മാറ്റി. ഇതേദിവസം നിര്‍മല ഭവന്‍ സ്‌കൂളില്‍ രാവിലെ 9.30-നു നിശ്ചയിച്ചിരുന്ന എച്ച്.എസ്. വട്ടപ്പാട്ട് വേദി ഏഴ് പട്ടം ഗേള്‍സ് എച്ച്.എസ്.എസിലേക്കും മാറ്റി.
വേദി 16, തൈക്കാട് ശിശുക്ഷേമസമിതിയില്‍ 9.30-നു നടക്കേണ്ട എച്ച്.എസ്. ഗേള്‍സ് കഥകളി സംഗീതം, 12-നു നടക്കേണ്ട എച്ച്.എസ്. ഗേള്‍സ് ശാസ്ത്രീയസംഗീതം, മൂന്നിനു നടക്കേണ്ട എച്ച്.എസ്.എസ്. വഞ്ചിപ്പാട്ട് എന്നിവ വേദി 13 ആയ വഴുതക്കാട് കാര്‍മല്‍ സ്‌കൂളിലേക്കു മാറ്റി.
വഴുതക്കാട് കാര്‍മല്‍ സ്‌കൂളില്‍ 9.30-നു നടക്കേണ്ട ഉറുദു സംഘഗാനം, 12-നു നടക്കേണ്ട എച്ച്.എസ്.എസ്. ഗേള്‍സ് മാപ്പിളപ്പാട്ട്, മൂന്നിനു നടക്കേണ്ട എച്ച്.എസ്. ഗേള്‍സ് മാപ്പിളപ്പാട്ട് എന്നിവ വേദി 16 ആയ തൈക്കാട് ശിശുക്ഷേമസമിതി ഹാളിലേക്കു മാറ്റി.