'പുതിയ ബസുകള്‍ വരുമെന്ന് പറഞ്ഞു... വന്നു...'; ചെറിയ മാറ്റങ്ങള്‍ വരുത്തി ഉടന്‍ ബാക്കി ബസുകള്‍ കൂടി എത്തും; കാത്തിരിക്കാം സുഖയാത്രയ്ക്കായ്...; കെഎസ്ആര്‍ടിസിയുടെ പുത്തന്‍ സൂപ്പര്‍ ഫാസ്റ്റ് ഓടിച്ച് മന്ത്രി ഗണേഷ്‌കുമാര്‍
കെഎസ്ആര്‍ടിസിയുടെ പുത്തന്‍ സൂപ്പര്‍ ഫാസ്റ്റ് ഓടിച്ച് മന്ത്രി ഗണേഷ്‌കുമാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്കു വേണ്ടി പുതുതായി വാങ്ങിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ചു നോക്കി ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. കഴിഞ്ഞദിവസം കെഎസ്ആര്‍ടിസിക്ക് ടാറ്റയുടെ രണ്ട് ബസുകള്‍ കൈമാറിയിരുന്നു. സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളായിരുന്നു ഇവ. ഇതില്‍ സൂപ്പര്‍ ഫാസ്റ്റാണ് മന്ത്രി ട്രയല്‍ റണ്‍ നടത്തിയത്. ബസ് ഓടിക്കുന്ന വീഡിയോ ഗണേഷ് കുമാര്‍ ഫെയ്‌സ് ബുക്കിലും പങ്കുവെച്ചു. 'പുതിയ ബസുകള്‍ വരുമെന്ന് പറഞ്ഞു... വന്നു...' എന്ന തലക്കെട്ടുമായി ചിത്രം പങ്കുവച്ചു.
'പുതിയ ബസുകള്‍ വരുമെന്ന് പറഞ്ഞു... വന്നു. കെഎസ്ആര്‍ടിസിക്കായി വാങ്ങിയ പുതിയ സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ചു ട്രയല്‍ നോക്കി. ചില നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ചെറിയ ചെറിയ മാറ്റങ്ങള്‍ മാത്രം വരുത്തി ഉടന്‍തന്നെ ബാക്കി ബസുകള്‍ കൂടി എത്തും. പുതിയ ടെക്നോളജിയും കൂടുതല്‍ സൗകര്യങ്ങളും ഒരുക്കിയാണ് ബസ് എത്തുന്നത്. കാത്തിരിക്കാം സുഖയാത്രയ്ക്കായ്. ഒട്ടും വൈകില്ലാ...' വീഡിയോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചു.
ആറുവര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകളെത്തുന്നത്. 2018-ല്‍ 100 ഡീസല്‍ ബസുകള്‍ വാങ്ങിയശേഷം ഇതാദ്യമായാണ് കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ സമയത്ത് ഇതുവരെ വാങ്ങിയ 434 ബസുകളും ഉപകമ്പനിയായ സ്വിഫ്റ്റിനാണ് നല്‍കിയിരുന്നത്. ടാറ്റയില്‍നിന്ന് വാങ്ങുന്ന 80 ബസുകളില്‍ സൂപ്പര്‍ഫാസ്റ്റും ഫാസ്റ്റ് പാസഞ്ചറുകളുമാണുള്ളത്.
ബസ് വാങ്ങാന്‍ 107 കോടി രൂപയാണ് ബജറ്റില്‍ മാറ്റിവെച്ചത്. ഇതില്‍ ആദ്യഘട്ടമായി 63 കോടി രൂപ അനുവദിച്ചിരുന്നു. മൊത്തം 143 ബസുകളാണ് വാങ്ങുന്നത്. ഇതില്‍ 106 എണ്ണം സ്വിഫ്റ്റിന് നല്‍കും. അശോക് ലൈലന്‍ഡ്, ഐഷര്‍ കമ്പനികളില്‍നിന്നും ബസുകള്‍ വാങ്ങുന്നുണ്ട്.
അതേസമയം, ബസിന്റെ ഡിസൈന്‍ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കാലാനുസൃതമായ ഡിസൈനിന് പകരം പത്തുവര്‍ഷം പിന്നോട്ടടിക്കുന്ന തരത്തില്‍ മഹാരാഷ്ട്ര റോഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ബസുകളുടേതു പോലെ ആകര്‍ഷകമല്ലാത്ത ഡിസൈനും പെയിന്റിങുമാണ് പുതിയ ബസുകള്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് കെഎസ്ആര്‍ടിസി അനുകൂല കൂട്ടായ്മകളിലെ അംഗങ്ങളുടെ ഉള്‍പ്പെടെ വിമര്‍ശനം.
ഓട്ടമൊബീല്‍ കോര്‍പറേഷന്‍ ഓഫ് ഗോവ ലിമിറ്റഡ് എന്ന ബസ് നിര്‍മാതാക്കളാണ് ടാറ്റയുടെ ഈ ബസിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. പുതിയ 143 ബസുകള്‍ വാങ്ങുന്നതിനായി കെഎസ്ആര്‍ടിസി അഡ്വാന്‍സ് നല്‍കിയത്. ടാറ്റ, അശോക് ലെയ്ലാന്‍ഡ്, ഐഷര്‍ കമ്പനികളില്‍ നിന്നാണ് ബസുകള്‍ വാങ്ങുന്നത്.
ഇതില്‍ ആദ്യ ഘട്ടമായി എത്തുന്ന 80 ബസ്സുകളില്‍ 60 സൂപ്പര്‍ ഫാസ്റ്റും 20 ഫാസ്റ്റ് പാസഞ്ചറുമാണുള്ളത്. കൂടാതെ എട്ട് എസി സ്ലീപ്പറുകള്‍, 10 എസി സ്ലീപ്പര്‍ കം സീറ്ററുകള്‍, എട്ട് എസി സെമി സ്ലീപ്പറുകള്‍ എന്നിവയാണവ. ഓര്‍ഡിനറി സര്‍വീസ് നടത്തുന്നതിനായി 9 മീറ്റര്‍ നീളമുള്ള ബസുകള്‍ ഉള്‍പ്പെടെ 37 ചെറിയ ബസുകള്‍ക്കും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. പുതിയ ബസുകള്‍ വാങ്ങാനായി 107 കോടി രൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതില്‍ 62 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു.