സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചത് 11.47 കോടി; പണം നല്‍കിയവരുടെ പേരു വിവരങ്ങള്‍ ലഭ്യമല്ല; ടൈം സ്‌ക്വയറില്‍ വീഡിയോ പ്രദര്‍ശിപ്പിച്ചതിന് 8.29 ലക്ഷം; ആകെ ചിലവ് വെളിപ്പെടുത്താതെ സര്‍ക്കാര്‍; കേരളീയം പരിപാടിയുടെ കണക്കുകള്‍ പുറത്ത്
സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചത് 11.47 കോടി
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ കേരളീയം പരിപാടി ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പരിപാടി ധൂര്‍ത്താണെന്നും ചെലവുകള്‍ പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ കേരളീയം പരിപാടി നടത്തിപ്പിന്റെ കണക്കുകള്‍ പുറത്തു വന്നു. സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച 11.47 കോടി രൂപ പരിപാടി ചെലവഴിച്ചു എന്നാണ് കണക്കുകളില്‍ പറയുന്നത്.
ടൈം സ്‌ക്വയറിലെ വീഡിയോ പ്രദര്‍ശനത്തിന് 8.29 ലക്ഷം രൂപയാണ് ചിലവ് വന്നത്. 2023 നവംബറില്‍ ആയിരുന്നു കേരളിയം പരിപാടി. എക്‌സിബിഷന്‍ കമ്മിറ്റി 5.43 കോടി രൂപ ചിലവഴിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭയില്‍ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയനാണ് കണക്കുകള്‍ വിശദമാക്കിയത്.
25 ലക്ഷം രൂപയാണ് പബ്ലിസിറ്റി കമ്മിറ്റി ചിലവഴിച്ചത്. ആകെ എത്ര ചെലവായി എന്ന ചോദ്യത്തിനു ഇപ്പോഴും ഉത്തരമില്ലെങ്കിലും നാലു കോടി അറുപത്തി മൂന്നു ലക്ഷം രൂപ കടമാണെന്നു പറയുന്നുണ്ട്. കടം വീട്ടാനായി ഈ തുക സര്‍ക്കാര്‍ അനുവദിച്ചെന്നും എല്‍ദോസ് കുന്നപ്പിള്ളിലിനു നല്‍കിയ മറുപടിയില്‍ പറയുന്നു.
കോടികളൊഴുക്കി പ്രമുഖരേയും സെലിബ്രിറ്റികളേയും പങ്കെടുപ്പിച്ച് നടത്തിയ പരിപാടി ധൂര്‍ത്തെന്ന ആരോപണം അന്നേ ഉയര്‍ന്നതാണ്. പ്രതിപക്ഷം കേരളീയം ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. ഇതു കൂടാതെ ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ വീഡിയോ പോസ്റ്ററിനു എട്ടു ലക്ഷത്തി ഇരുപത്തി ഒന്‍പതിനായിരം രൂപ ചെലവായിട്ടുണ്ടെന്നും സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്. വിവരപൊതുജനസമ്പര്‍ക്ക ഡയറക്ടറുടെ പേരില്‍ തുടങ്ങിയ ബാങ്ക് അക്കൗണ്ടുകളിലാണ് സ്‌പോണ്‍സര്‍ഷിപ്പ് തുക എത്തിയത്. എന്നാല്‍ പണം നല്‍കിയവരുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല.
അതേസമയം ഇക്കുറിയും കേരളീയം പരിപാടി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. ഡിസംബറിലാകും പരിപാടി നടത്തുക എന്നാണ് ധാരണയായിരുന്നത്. എന്നാല്‍, ഇതേക്കുറിച്ചുള്ള അന്തിമ തീരുമാനം വന്നിട്ടില്ല. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. ചെലവ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലായിരുന്നു കേരളീയം നടത്തിയത്.
ഇനി എല്ലാ വര്‍ഷവും കേരളീയം നടത്തുമെന്നും തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും മുഖ്യമന്ത്രി കഴിഞ്ഞ വര്‍ഷം കേരളീയത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രഖ്യാപനം നടത്തിയിരുന്നു. സ്വകാര്യ സ്‌പോണ്‍സര്‍മാരില്‍ നിന്നും പണം പിരിച്ച് സര്‍ക്കാര്‍ നടത്തുന്ന പരിപാടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നും പണം പിരിച്ചായിരുന്നു കേരളീയത്തിന്റെ ഫണ്ട് കണ്ടെത്തിയത്. ഇത്തവണയും അത് തുടരാനാണ് തീരുമാനം.