ലക്ഷ്യം വലുതാണെങ്കിലും സമയം കുറവ്; പഹല്‍ഗാം കൂട്ടക്കുരുതിക്ക് പാക്കിസ്ഥാന് ചുട്ടമറുപടി നല്‍കാന്‍ ഒരുങ്ങി ഇന്ത്യ; അതിര്‍ത്തി സംഘര്‍ഷ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായക ഉന്നതതലയോഗം; ദേശീയ സുരക്ഷാ ഉപദേഷ്ടാവും സംയുക്ത സേനാ മേധാവിയും അടക്കം പ്രധാനമന്ത്രിയുടെ വസതിയിലെ യോഗത്തില്‍

ഡല്‍ഹിയില്‍ നിര്‍ണായക ഉന്നതതലയോഗം

Update: 2025-04-29 13:58 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, അതിര്‍ത്തിയിലേതടക്കം സുരക്ഷാ സാഹചര്യം വിലയിരുത്താന്‍ ഡല്‍ഹിയില്‍ നിര്‍ണായക യോഗം. പാക്കിസ്ഥാനെതിരെ തിരിച്ചടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സൂചന നല്‍കി മണിക്കൂറുകള്‍ക്കകമാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം ചേരുന്നത്.

പഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയ ഭീകരരെ ശിക്ഷിക്കുമെന്ന മോദിയുടെ വാക്കുകള്‍ ഏറ്റെടുത്ത് ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് വ്യക്തമാക്കിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍

കര, നാവിക, വ്യോമസേനാ മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ബുധനാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള നിര്‍ണ്ണായക മന്ത്രിസഭ യോഗവും ചേരുന്നുണ്ട്. ഏഴുദിവസത്തിനിടെ രണ്ടാം വട്ടമാണ് സുരക്ഷാകാര്യ മന്ത്രിസഭായോഗം ചേരുന്നത്. അതിനുശേഷം രാഷ്ട്രീയകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാസമിതി യോഗവും ചേരും. പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അഞ്ചംഗ സുരക്ഷാകാര്യ സമിതി അംഗങ്ങളെ കൂടാതെ റോഡ് ഗതാഗത മന്ത്രി, ആരോഗ്യമന്ത്രി, കൃഷി മന്ത്രി, റയില്‍വെ മന്ത്രി, എന്നിവരും അംഗങ്ങളാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, എന്നിവരാണ് പ്രധാനമന്ത്രിയെ കൂടാതെ സുരക്ഷാ കാര്യ സമിതിയിലുളളത്.

സിസിഎസിനും സിസിപിഎയ്ക്കും ശേഷം സാമ്പത്തിക കാര്യ സമിതിയും ചേരും.

ലക്ഷ്യം വലുതാണെങ്കിലും സമയം കുറവാണെന്ന് ഡല്‍ഹി യുഗം കോണ്‍ക്ലേവില്‍ പങ്കെടുത്ത് നരേന്ദ്രമോദി പറഞ്ഞിരുന്നു. നേരത്തെ ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ വിളിച്ച യോഗത്തില്‍ ബിഎസ്എഫ്, അസം റൈഫിള്‍സ്, എന്‍എസ്ജി, സിആര്‍പിഎഫ്, സിഐഎസ്എഫ് എന്നീ കേന്ദ്രസേനകളുടെ തലവന്‍മാര്‍ പങ്കെടുത്തു പഹല്‍ഗാം ഭീകരാക്രമണത്തിന് പാക്കിസ്ഥാന് നല്‍കുന്ന ഇന്ത്യയുടെ മറുപടിക്കായുള്ള തീവ്രമായ തയ്യാറെടുപ്പിന്റെ സൂചനയാണ് ഈ ഉന്നതലയോഗങ്ങള്‍.

പാക്കിസ്ഥാന് എതിരായ ആദ്യ റൗണ്ട് നടപടികളില്‍ പാക് പൗരന്മാരുടെ വിസ റദ്ദാക്കലും, വാഗ അതിര്‍ത്തി അടച്ചിടലും, സിന്ധു നദീജല കരാര്‍ മരവിപ്പിക്കലും അടക്കമുണ്ടായിരുന്നു. വ്യാഴാഴ്ചയ്ക്ക് ശേഷം ഏകദേശം 1000 പാക് പൗരന്മാര്‍ ഇന്ത്യ വിട്ടു. സിന്ധു നദീജല കരാര്‍ റദ്ദാക്കിയത് ജലയുദ്ധമെന്ന് പാക്കിസ്ഥാന്‍ വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ പൗരന്മാരുടെ വിസ റദ്ദാക്കിയാണ് പാക്കിസ്ഥാന്‍ പ്രതികരിച്ചത്. ഷിംല കരാര്‍ അടക്കം മറ്റ് ഉഭയകക്ഷി കരാറുകളും പാക്കിസ്ഥാന്‍ മരവിപ്പിച്ചു.

Tags:    

Similar News