കെ എഫ് സി നിക്ഷേപം നടത്തിയതിനു ശേഷമാണ് റേറ്റിങ് ഏജന്‍സികള്‍ ക്രെഡിറ്റ് വാച്ച് നല്‍കിയതെന്നും 2018 ജൂണിനു ശേഷമാണ് അംബാനിയുടെ സ്ഥാപനം തകരാന്‍ തുടങ്ങിയതെന്നുമുള്ള വാദം വസ്തുതാവിരുദ്ധം; പാര്‍ട്ടി ബന്ധുക്കളുടെ കമ്മീഷന്‍ ഇടപാടിലേക്ക് വിരല്‍ ചൂണ്ടി സതീശന്‍; കെ എഫ് സിയുടെ ന്യായീകരണം പൊള്ളയോ? അനില്‍ അംബാനിയ്ിലെ നിക്ഷേപം ദുരൂഹം തന്നെ

Update: 2025-01-09 05:31 GMT

കൊച്ചി: കെഎഫ്സിയിലെ പാര്‍ട്ടി ബന്ധുക്കളുടെ കമ്മീഷന്‍ ഇടപാടാണ് ആര്‍സിഎഫ്എല്‍ നിക്ഷേപത്തിനു പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ അറിവോടെയാണ് ഇതുനടന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി. കോഴിക്കോട്ടെ സിപിഎം വനിതാ നേതാവിന്റെ മകനാണ് ഈ ഇടപാടിന് പിന്നിലെന്ന് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാദം രാഷ്ട്രീയ ചര്‍ച്ചയാക്കി മാറ്റുകയാണ് പ്രതിപക്ഷം.

കരുതല്‍ ധനം സൂക്ഷിക്കണം എന്ന വ്യവസ്ഥ ലംഘിച്ചാണ് നിക്ഷേപം നടത്തിയത്. സെബിയുടെ ഗ്യാരന്റി ഇല്ലെന്ന് നിക്ഷേപം സ്വീകരിച്ച കമ്പനിയുടെ പ്രോസ്പെക്ടസില്‍ തന്നെ പറയുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു. ഫെഡറല്‍ ബാങ്കില്‍ സൂക്ഷിച്ചിരുന്ന കരുതല്‍ ധനമാണ് അനില്‍ അംബാനിയുടെ മുങ്ങി കൊണ്ടിരുന്ന സ്ഥാപനത്തില്‍ കെഎഫ്സി നിക്ഷേപിച്ചത്. വെറും 0.21 ശതമാനം പലിശ വ്യത്യാസത്തിലാണ് നിക്ഷേപം നടത്തിയത്. കാലാവധി തീരുന്നതിന് മുന്‍പ് ഫെഡറല്‍ ബാങ്ക് നിക്ഷേപം പിന്‍വലിച്ചത് കൊണ്ട് 20 ലക്ഷം അവിടെയും നഷ്ടമായി. ഇതിനൊക്കെ ഇപ്പോഴത്തെ ധനമന്ത്രിയും മുന്‍ ധനമന്ത്രിയും മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ഏതാണ്ട് നൂറു കോടിക്ക് അടുത്ത് രൂപയാണ് ഇതിലൂടെ ഖജനാവിന് നഷ്ടമായത്. ആരോപണവുമായി സതീശന്‍ എത്തിയതിന് പിന്നാലെ മറുപടിയുമായി തോമസ് ഐസക് എത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ രേഖകള്‍ വന്ന ശേഷം ഐസക് പ്രതികരണത്തിന് എത്തിയിട്ടില്ല.

നിക്ഷേപ തീരുമാനം നിയമം അനുസരിച്ചും ബോര്‍ഡിന്റെ അംഗീകാരത്തോടെയുമാണെന്ന കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ വാദം വാദം പച്ചക്കള്ളമാണെന്നു പ്രതിപക്ഷ നേതാവ് പറയുന്നു. നിക്ഷേപ സമാഹരണത്തിനുള്ള 2016 ലെ ബോര്‍ഡിന്റെ തീരുമാനം നടപ്പാക്കാനായി 2018 ല്‍ അനില്‍ അംബാനിയുടെ കമ്പനിയില്‍ നിക്ഷേപിച്ചു എന്നാണ് കെഎഫ്‌സി വിശദീകരിക്കുന്നത്. അംബാനിയുടെ കമ്പനിയില്‍ത്തന്നെ നിക്ഷേപിക്കാന്‍ കെഎഫ്‌സി ബോര്‍ഡ് തീരുമാനിച്ചിരുന്നില്ലെന്ന് ഇതില്‍നിന്നു വ്യക്തമാണ്. 2016 ഏപ്രില്‍ ഒന്നിനാണ് ആര്‍സിഎല്‍ എന്ന കമ്പനിയില്‍നിന്ന് ആര്‍സിഎഫ്എല്‍ രൂപീകരിച്ചത്. 2016 ജൂണില്‍ കെഎഫ്‌സി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അതേവര്‍ഷം ഏപ്രിലില്‍ തുടങ്ങി 2 മാസം മാത്രം പ്രായമായ സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയെന്നു പറയുന്നത് അരിയാഹാരം കഴിക്കുന്ന ആരെങ്കിലും വിശ്വസിക്കുമോ?-ഇതാണ് സതീശന്റെ ചോദ്യം.

കെഎഫ്‌സി നിക്ഷേപം നടത്തിയതിനു ശേഷമാണ് റേറ്റിങ് ഏജന്‍സികള്‍ ക്രെഡിറ്റ് വാച്ച് നല്‍കിയതെന്നും 2018 ജൂണിനു ശേഷമാണ് അംബാനിയുടെ സ്ഥാപനം തകരാന്‍ തുടങ്ങിയതെന്നുമുള്ള വാദവും വസ്തുതാവിരുദ്ധമാണ്. ആര്‍സിഎഫ്എലില്‍ നിക്ഷേപിക്കുന്നതിനു 2 മാസം മുന്‍പ് കെയര്‍ റേറ്റിങ് ഏജന്‍സി ഇറക്കിയ പത്രക്കുറിപ്പില്‍ ആര്‍സിഎഫ്എല്‍ പ്രതിസന്ധിയിലാകുന്നു എന്ന മുന്നറിയിപ്പു നല്‍കിയിരുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ പണം കമ്മിഷനുവേണ്ടി നഷ്ടപ്പെടുത്തിയിട്ട് വസ്തുതാവിരുദ്ധമായി വിശദീകരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് കെഎഫ്സി മാനേജ്‌മെന്റ് രംഗത്തു വന്നിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കെഎഫ്സിയുടെ നിക്ഷേപ തീരുമാനങ്ങളെല്ലാം കെഎഫ്സി ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെയാണെന്നും മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ആര്‍ബിഐയുടെയും സെബിയുടെയും അംഗീകാരമുള്ള ക്രഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാരമാണ് അനില്‍ അംബാനിയുടെ കമ്പനിയില്‍ നിക്ഷേപം നടത്തിയതെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. നിക്ഷേപിച്ച മുഴുവന്‍ തുകയും തിരികെ ലഭിക്കാനായി മുംബൈ ഹൈക്കോടതിയില്‍ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടുന്നു. ഇതിനെ ഖണ്ഡിച്ചാണ് പ്രതിപക്ഷ നേതാവ് വീണ്ടും രംഗത്ത് വരുന്നത്.

വാര്‍ത്താക്കുറിപ്പില്‍ കെഎഫ്സി മാനേജ്‌മെന്റ് പറഞ്ഞത് ഇങ്ങനെ

കെഎഫ്സിയുടെ നിക്ഷേപ തീരുമാനങ്ങളെല്ലാം കെഎഫ്സി ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെയും കേന്ദ്ര നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് നടത്തിയത്. 2016 ജൂണ്‍ 28ന് ചേര്‍ന്ന ബോര്‍ഡ് യോഗം 250 കോടി രൂപ അധിക ധനസമാഹരണം നടത്താന്‍ തീരുമാനിച്ചു. പ്രവര്‍ത്തന മൂലധനം ഉയര്‍ത്താനായിരുന്നു ഇത്. ഈ തുക പണ വിപണിയില്‍ നിന്ന് സമാഹരിക്കാന്‍ തീരുമാനിച്ചിരുന്നു. കമ്പനിയുടെ അന്നുണ്ടായിരുന്ന റേറ്റിങ് ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് ബോര്‍ഡ് തീരുമാനം. എന്നാല്‍ നിഷ്‌ക്രിയ ആസ്തി ഉയര്‍ന്നത് കൊണ്ട് ആ വര്‍ഷം ഈ തീരുമാനം സാധ്യമായില്ല.

തുടര്‍ന്ന് 2017 ജൂലൈ മൂന്നിന് ബോര്‍ഡ് യോഗം ചേര്‍ന്ന് ക്രെഡിറ്റ് റേറ്റിങ് എഎ എന്നതിലേക്ക് ഉയര്‍ത്താനും, വിപണിയില്‍ നിന്ന് 500 കോടി രൂപ സമാഹരിക്കാനും എംഡിയെ ചുമതലപ്പെടുത്തി. ആര്‍ബിഐ-സെബി അംഗീകൃത ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് എഎ പ്ലസ് റേറ്റിങ് ഉള്ള ആര്‍സിഎഫ്എല്ലില്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ചത്. അന്ന് വിപണിയിലുണ്ടായിരുന്ന ഏറ്റവും മികച്ച നിരക്കായ 9.10 ശതമാനം വരുമാനം പരിഗണിച്ചായിരുന്നു തീരുമാനം. ഈ സ്ഥാപനത്തില്‍ നിക്ഷേപിക്കുന്നത് നഷ്ടസാധ്യത കുറയ്ക്കും എന്നതും പരിഗണിച്ചിരുന്നു.

2017-18-ല്‍ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടേതുമായി 10000 കോടി രൂപ ആര്‍സിഎഫ്എല്ലില്‍ നിക്ഷേപമുണ്ടായിരുന്നു. ആ സ്ഥാപനം പ്രതിസന്ധിയിലാകുന്നതിന് മുന്‍പ് വായ്പകളുടെ തിരിച്ചടവ് കൃത്യമായിരുന്നു. ആര്‍സിഎഫ്എല്ലിന്റെ മാതൃകമ്പനിയായ റിലയന്‍സ് ക്യാപ്പിറ്റലിന്റെ വായ്പാ മൂലധന അനുപാതം മികച്ചതായിരുന്നു. 2018 ജൂണിനു ശേഷം പണ വിപണിയിലുണ്ടായ പ്രതിസന്ധികളും ചില പ്രധാന ബാങ്കിങ് ഇതര കമ്പനികളുടെ തകര്‍ച്ചയും ആര്‍സിഎഫ്എല്ലിനെയും ബാധിച്ചതോടെ കെഎഫ്സിയുടെ നിക്ഷേപം തിരിച്ചുകിട്ടുന്നതില്‍ പ്രതിസന്ധിയുണ്ടായി. റിലയന്‍സ് കമ്മ്യുണിക്കേഷന്‍ എന്ന സബ്സിഡിയറി കമ്പനിയ്ക്ക് മാതൃകമ്പനിയായ റിലയന്‍സ് ക്യാപിറ്റലില്‍ ഉണ്ടായിരുന്ന ബാധ്യതകള്‍ കണക്കിലെടുത്താണ് പിന്നീട് ആര്‍സിഎഫ്എല്ലിനെ ക്രെഡിറ്റ് വാച്ചിങ് റേറ്റിങ്ങില്‍ റേറ്റിങ് ഏജന്‍സികള്‍ ഉള്‍പ്പെടുത്തിയത്.

ആര്‍സിഎഫ്എല്ലിലെ നിക്ഷേപം കെഎഫ്സി ഒരു ഘട്ടത്തിലും മറച്ചുവച്ചിട്ടില്ല. 2016 മെയ് മാസത്തില്‍ ക്രെഡിറ്റ് റേറ്റിങ് മെച്ചപ്പെടുത്തലിന്റെ ഭാഗമായി 50 കോടി രൂപ ഷെഡ്യൂള്‍ഡ് ബാങ്കില്‍ നിക്ഷേപിച്ചപ്പോള്‍ 'ബാങ്കുകളുമായുള്ള ടേം ഡെപ്പോസിറ്റ്' എന്ന തലക്കെട്ടില്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. 2018ല്‍ ക്രെഡിറ്റ് റേറ്റിങ് മെച്ചപ്പെടുത്തലിന്റെ ഭാഗമായി 60.80 കോടി രൂപ ആര്‍സിഎഫ്എല്ലില്‍ നിക്ഷേപിച്ചപ്പോള്‍, ടേം ഡെപ്പോസിറ്റുകള്‍/എന്‍സിഡി എന്ന തലക്കെട്ടില്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. തുടര്‍ന്ന് എല്ലാ വര്‍ഷവും ഇത് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആര്‍സിഎഫ്എല്‍ വായ്പാബാധ്യതകള്‍ തിരിച്ചുനല്‍കുന്നതില്‍ വീഴ്ച വരുത്തിയതോടെ ആര്‍ബിഐ ഇടപെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമിച്ചു. വായ്പ നല്‍കിയ പ്രധാനപ്പെട്ട ബാങ്കുകളില്‍ നിന്നും ബാങ്ക് ഓഫ് ബറോഡയെ ലീഡ് ബാങ്കായി പരിഹാര പദ്ധതി തയ്യാറാക്കാന്‍ നിയോഗിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട കക്ഷികളെയെല്ലാം ചേര്‍ത്ത് നിക്ഷേപകരുമായി ഒരു ധാരണപത്രം ഉണ്ടാക്കി. അതനുസരിച്ച് ആര്‍സിഎഫ്എല്ലിലെ വിവിധ നിക്ഷേപങ്ങളുടെ തരംതിരിവ് നടത്തിയപ്പോള്‍, കെഎഫ്സി നിക്ഷേപിച്ചതിന്റെ 24.96 ശതമാനം മടക്കി കിട്ടുമെന്ന നിലയാണ് ഉണ്ടായത്. ഇത് കെഎഫ്സി അംഗീകരിച്ചില്ലെന്ന് മാത്രമല്ല തര്‍ക്കം ഉന്നയിച്ച് മുംബൈ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

ആര്‍സിഎഫ്എല്ലിന്റെ ആസ്തി ബാധ്യതകള്‍ ഏറ്റെടുക്കുന്നതിന് നടത്തിയ ടെണ്ടറില്‍ ഓതം എന്ന കമ്പനി തെരഞ്ഞെടുക്കപ്പെട്ടു. ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായ ഓതം, കെഎഫ്സിക്കുമാത്രം നിക്ഷേപത്തിന്റെ 52 ശതമാനം വരെ മടക്കി നല്‍കാമെന്ന വാഗ്ദാനം മുന്നോട്ടുവച്ചു. ഈ വാഗ്ദാനം നിലനില്‍ക്കുമ്പോഴും നിക്ഷേപിച്ച മുഴുവന്‍ തുകയും തിരികെ ലഭിക്കാനായി മുംബൈ ഹൈക്കോടതിയിലെ നിയമ നടപടികള്‍ കെഎഫ്സി തുടരുകയാണ്. വസ്തുതകള്‍ ഇതായിരിക്കെ കെഎഫ്സിയുടെ മികച്ച പ്രവര്‍ത്തന മുന്നേറ്റത്തെ തകര്‍ക്കുന്ന പ്രചാരണങ്ങളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും കെഎഫ്സി മാനേജ്‌മെന്റ് അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News