കേരളത്തിലെ ആരുടെ വീട്ടിലും ഇരച്ചുകയറി ആളുകളെ കസ്റ്റഡിയില്‍ എടുക്കുവാനും മര്‍ദ്ധിക്കുവാനും വേണമെങ്കില്‍ കൊന്നു തള്ളുവാനുമുള്ള അധികാരം ഫോറസ്റ്റ് വകുപ്പിന് നല്‍കുന്ന തരത്തിലുള്ള കിരാതവും ജനവിരുദ്ധവുമാണ് ഈ നിയമ ഭേദഗതി; പൊന്നു മത്തായിയെ ചര്‍ച്ചയാക്കി കിഫ പ്രതിഷേധത്തിന്; കാട്ടില്‍ മതി കാട്ടു നീതി... ഏകവനം പദ്ധതി തുലയട്ടെ !
തിരുവനന്തപുരം: കാട്ടില്‍ മതി കാട്ടു നീതി... ഏകവനം പദ്ധതി തുലയട്ടെ എന്ന മുദ്രാവാക്യവുമായി കര്‍ഷക സംഘടനയായ കിഫ. കേരളത്തില്‍ ഫോറസ്റ്റ് ഗുണ്ടാ രാജിന് വഴിയൊരുക്കുന്ന നിയമഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാണ് കിഫയുടെ ആവശ്യം. 2024 നവംബര്‍ 1 ന് കേരള ഗസറ്റില്‍ വിജ്ഞാപനം ചെയ്ത കേരള വന നിയമ ഭേദഗതി 2024 പ്രകാരം ഫോറസ്റ്റ് വകുപ്പിന് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കി ഫോറസ്റ്റ് ഗുണ്ടാരാജിന് വഴിവെക്കുന്ന നിയമ ഭേദഗതി നടത്തുന്നത് ജനങ്ങളോടും നിയമവാഴ്ചയോടുമുള്ള വെല്ലുവിളിയാണ്. ആയതുകൊണ്ട് എത്രയും പെട്ടെന്ന് ഈ നിയമഭേദഗതി സര്‍ക്കാര്‍ റദ്ദ് ചെയ്യണമെന്നാണ് കിഫയുടെ ആവശ്യം.
ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഏറ്റവും താഴ്ന്ന ഉദ്യോഗസ്ഥരായ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കു വരെ വാറണ്ട് പോലുമില്ലാതെ ആരുടെ വീട്ടിലും, എവിടെയും ഏതു കെട്ടിടത്തിലും കയറി പരിശോധിക്കാനും അറസ്റ്റ് ചെയ്യാനുമുള്ള അനിയന്ത്രിതമായ അധികാരം നല്‍കരുതെന്നാണ് കിഫയുടെ നിലപാട്. വാച്ചര്‍മാര്‍ അടക്കമുള്ള ഫോറസ്റ്റ് വകുപ്പിലെ താത്കാലിക ജീവനക്കാര്‍ക്കും വാഹന പരിശോധന അടക്കമുള്ള അനിയന്ത്രിതമായിട്ടുള്ള അധികാരങ്ങള്‍ ഇത് നല്‍കുന്നുണ്ട്. വനത്തോട് ചേര്‍ന്നുള്ള പുഴകളില്‍ പരിപൂര്‍ണ്ണമായ മീന്‍ പിടുത്ത നിരോധനവും തദ്ദേശ വാസികള്‍ക്ക് എല്ലാവിധ അവകാശങ്ങളും ഹനിച്ചുകൊണ്ട് ഫോറസ്റ്റ് വകുപ്പിന്റെ കൈപ്പടിയില്‍ പുഴയും മറ്റു അനുബന്ധ സ്ഥലങ്ങളും കൊണ്ടുവരുന്നുവെന്നതിനേയും കിഫ എതിര്‍ക്കുന്നു.
പോലീസിനുള്ളത് പോലെ ക്രമസമാധാന പ്രശ്‌നമുണ്ടാകുമ്പോള്‍ അതില്‍ ഇടപെട്ട് കേസെടുക്കാനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരം കൂടെ ഞങ്ങള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘടനയും രംഗത്തുണ്ട്. പത്തനംതിട്ടയിലെ പൊന്നു മത്തായിക്ക് സംഭവിച്ചത് പോലെ കേരളത്തിലെ ആരുടെ വീട്ടിലും ഇരച്ചുകയറി ആളുകളെ കസ്റ്റഡിയില്‍ എടുക്കുവാനും മര്‍ദ്ധിക്കുവാനും വേണമെങ്കില്‍ കൊന്നു തള്ളുവാനുമുള്ള അധികാരം ഫോറസ്റ്റ് വകുപ്പിന് നല്‍കുന്ന തരത്തിലുള്ള കിരാതവും ജനവിരുദ്ധവുമാണ് ഈ നിയമ ഭേദഗതിയെന്ന് കിഫ പറയുന്നു. ഈ നിയമത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്നും നിയമവാഴ്ചയില്‍ വിശ്വാസമുള്ള മുഴുവന്‍ ആളുകളും ഈ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കണമെന്നും കിഫാ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ അറിയിച്ചു.
വനം കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിവരെ കൂട്ടാനും നിയമനിര്‍മാണത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി 1961-ലെ കേരള വനം നിയമം ഭേദഗതിചെയ്യുന്നതിനുള്ള ബില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനുവരിയില്‍ ചേരുന്ന സമ്മേളനത്തില്‍ ബില്‍ നിയമമാക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്. ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം. വനത്തില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം തള്ളുക, വനത്തിനുള്ളില്‍നിന്ന് മണല്‍വാരുക, വനാതിര്‍ത്തിയിലെ വേലികള്‍ക്കും കൈയാലകള്‍ക്കും കേടുവരുത്തുക, തോക്കുകളും സ്‌ഫോടകവസ്തുക്കളുമായി വനത്തില്‍ പ്രവേശിക്കുക, വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുക, അവയെ ശല്യപ്പെടുത്തുക, വനത്തിലെ പുഴകളില്‍നിന്ന് മീന്‍പിടിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്യുക എന്നിവയും കുറ്റകൃത്യങ്ങളാക്കാന്‍ ബില്‍ വ്യവസ്ഥചെയ്യുന്നു. ഇവയെല്ലാം കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷവ്യക്തമാക്കുന്ന 27-ാം വകുപ്പില്‍ പുതിയതായി ഉള്‍പ്പെടുത്തും. ഈ കുറ്റങ്ങള്‍ക്ക് ഒന്നുമുതല്‍ അഞ്ചുവര്‍ഷംവരെ തടവും 5000 മുതല്‍ 25,000 രൂപവരെ പിഴയുമാണ് ബില്ലില്‍ നിര്‍ദേശിക്കുന്ന ശിക്ഷ.
പൊന്നു മത്തായി കേസില്‍ പ്രതിയായത് വനംവകുപ്പ്
ചിറ്റാര്‍ കുടപ്പനകുളത്ത് കര്‍ഷകനായ പടിഞ്ഞാറേ ചരുവില്‍ പി.പി. മത്തായി(പൊന്നു മത്തായി) വനം ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ മരിച്ചത് ഏറെ വിവാദമായിരുന്നു. 2020 ജൂലൈ 28ന് വനപാലകര്‍ കസ്റ്റഡിയിലെടുത്ത മത്തായിയെ പിന്നീട് കുടുംബവീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സി.ബി.ഐ അന്വേഷണത്തില്‍ സസത്യം തെളിയുകയും ചെയ്തു.വനത്തില്‍ സ്ഥാപിച്ച കാമറകള്‍ തകര്‍ത്തെന്ന കേസിലാണ് മത്തായിയെ വനപാലകര്‍ കസ്റ്റഡിയിലെടുത്തത്. 41 ദിവസത്തോളം മൃതദേഹം സംസ്‌കരിക്കാതെ കുടുംബം നടത്തിയ സമരം കേരള മനസാക്ഷിയേയും ഞെട്ടിച്ചിരുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനുമുമ്പ് സി.ബി.ഐ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഏഴ് വനം ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.
ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍, ആര്‍.രാജേഷ്‌കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എ.കെ. പ്രദീപ്കുമാര്‍, ജോസ് ഡിക്രൂസ്, ടി.അനില്‍കുമാര്‍, എന്‍.സന്തോഷ്‌കുമാര്‍, വി.എം. ലക്ഷ്മി, ട്രൈബല്‍ വാച്ചര്‍ ഇ.ബി. പ്രദീപ്കുമാര്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.