അഴിമതിക്കാരായ പൊതുപ്രവര്‍ത്തകരെ ശിക്ഷിക്കാന്‍ സാഹചര്യത്തെളിവ് മതിയെന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ 2022ലെ വിധി നിര്‍ണ്ണായകമാകും; കെ എം എബ്രഹാമിന്റെ അപ്പീലിലെ വാദങ്ങള്‍ തിരിച്ചടിയാകുമോ? സ്‌റ്റേ ഇല്ലെങ്കില്‍ അറസ്റ്റുറപ്പ്; മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ പ്രതിസന്ധിയില്‍
ന്യൂഡല്‍ഹി: അഴിമതിക്കാരോട് കോടതികള്‍ മൃദുസമീപനം സ്വീകരിക്കരുതെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി കെ എം എബ്രഹാം കേസില്‍ അതിനിര്‍ണ്ണായകമാകുമെന്ന് വിലയിരുത്തല്‍. അഴിമതി തെളിയിക്കുന്നതിന് സാഹചര്യ തെളിവുകള്‍ മാത്രം മതിയെന്നും ജസ്റ്റിസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടും അന്വേഷണം ശരിയായ രീതിയിലല്ല എന്ന് ആരോപിച്ചുമാണ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം സുപ്രീംകോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലാണ് എബ്രഹാം ആരോപണങ്ങള്‍ നിഷേധിക്കുന്നത്. സിബിഐ അന്വേഷണം നിയമ വിരുദ്ധമെന്ന് കെഎം എബ്രഹാം ഹര്‍ജിയില്‍ പറയുന്നു. മുന്‍കൂര്‍ പ്രൊസിക്യൂഷന്‍ അനുമതി ഇല്ലാതെ സിബിഐക്ക് അന്വേഷിക്കാനാവില്ല. ഇക്കാര്യം പരിഗണിക്കാതെയാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. അഴിമതി നിരോധന നിയമം അനുസരിച്ചുള്ള അന്വേഷണം സംസ്ഥാന വിഷയമാണ്. മതിയായ കാരണങ്ങളില്ലാതെ സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാവില്ല. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അവഗണിച്ചാണ് സിബിഐ അന്വേഷണ ഉത്തരവെന്നും ഉന്നത സ്ഥാനത്തിരുന്ന ഉദ്യോഗസ്ഥനെന്നത് സിബിഐ അന്വേഷണത്തിന് മതിയായ കാരണമല്ല എന്നും എബ്രഹാം പറയുന്നു. ഈ സാഹചര്യത്തിലാണ് 2022ലെ വിധി പൊതുസമൂഹത്തിന് മുന്നിലേക്ക് വരുന്നത്. അഴിമതിക്കെതിരെ ശക്തമായ നിലപാട് പ്രഖ്യാപനമാണ് ആ വിധിയില്‍ സുപ്രീംകോടതി നടത്തിയത്.
കൈക്കൂലി ചോദിച്ചതിനും വാങ്ങിയതിനും നേരിട്ട് തെളിവില്ലെങ്കിലും അഴിമതി നിരോധന നിയമപ്രകാരം പൊതുപ്രവര്‍ത്തകരെ ശിക്ഷിക്കാന്‍ സാഹചര്യത്തെളിവുകള്‍ മാത്രം മതിയെന്ന് സുപ്രീം കോടതി ഭരണഘടനാബെഞ്ച് വിധി അതിനിര്‍ണ്ണായകമായി മാറും. അഴിമതിക്കാരോട് കോടതികള്‍ക്ക് ഒരു മൃദുസമീപനവും പാടില്ലെന്നും ജസ്റ്റിസ് അബ്ദുള്‍ നസീര്‍ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു. 2022ലായിരുന്നു ഈ വിധി. അഴിമതിയുടെ ദുര്‍ഗന്ധം രാഷ്ട്ര ഭരണത്തിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നു. പൊതുപ്രവര്‍ത്തകരുടെ അഴിമതി ഭീമാകാരം പൂണ്ടിരിക്കുന്നു. വ്യാപകമായ അഴിമതി രാഷ്ട്ര നിര്‍മ്മാണത്തെ പിന്നോട്ടടിക്കുന്നു. അതിന്റെ ദുരിതങ്ങള്‍ എല്ലാവരും അനുഭവിക്കുന്നു. അതിനാല്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് ശിക്ഷിക്കണമെന്നായിരുന്നു വിധി. പൊതുപ്രവര്‍ത്തകനോ ഉദ്യോഗസ്ഥനോ ആവശ്യപ്പെടാതെ തന്നെ ആരെങ്കിലും കൈക്കൂലി നല്‍കിയാല്‍ സ്വീകരിക്കുന്നതും കുറ്റകരമാണ്. അഴിമതിക്കേസിലെ പരാതിക്കാരന്‍ മരിക്കുകയോ കൂറുമാറുകയോ ചെയ്‌തെന്ന കാരണത്താല്‍ പ്രതിയായ പൊതുവര്‍ത്തകന്‍ കുറ്റവിമുക്തനാക്കപ്പെടില്ല. മറ്റ് രേഖകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ വിചാരണ തുടരാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അഴിമതിക്കാരെ ശിക്ഷിക്കാന്‍ പരാതിക്കാരും പ്രോസിക്യൂഷനും ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്നും അങ്ങനെ ഭരണകൂടവും ഭരണസംവിധാനവും അഴിമതി മുക്തമാവണമെന്നും വിധിന്യായം എഴുതിയ ജസ്റ്റിസ് ബി. വി നാഗരത്‌ന വിശദീകരിച്ചിരുന്നു. ജസ്റ്റിസ്മാരായ ബി. ആര്‍ ഗവായ്, എ. എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്‌മണ്യം എന്നിവരായിരുന്നു ബെഞ്ച്‌ലെ മറ്റ് അംഗങ്ങള്‍.
അഴിമതി കാന്‍സര്‍ പോലെ രാഷ്ട്രത്തിന്റെ ജീവനാഡികളെയും സമൂഹത്തെയും ഭരണത്തെയും കാര്‍ന്നുതിന്നുകയാണെന്നത് ദുഃഖകരമായ യാഥാര്‍ത്ഥ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു, 2019 ല്‍ ഒരു കേസില്‍ പരാതിക്കാരന്റെ പ്രാഥമിക തെളിവ് ഇല്ലാതിരുന്നിട്ടും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി പ്രതിയെ ശിക്ഷിച്ചു. പിന്നീട് മൂന്നംഗ ബെഞ്ച് ഈ വിഷയം ഭരണഘടനാ ബെഞ്ചിന് വിടുകയായിരുന്നു. പ്രത്യക്ഷമോ, പ്രാഥമികമോ, വാക്കാലോ, രേഖാമൂലമോ തെളിവില്ലെങ്കിലും സെക്ഷന്‍ 7,13(1)(ഡി), എന്നിവ പ്രകാരം സാഹചര്യ തെളിവനുസരിച്ച് ശിക്ഷിക്കാമെന്ന് 1988 ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍13(2) വ്യക്തമാക്കുന്നതായി കോടതി വിധിച്ചു. പരാതിക്കാര്‍ കൂറു മാറിയാലും പ്രോസിക്യൂഷന് മറ്റ് സാക്ഷികളുടെ സഹായത്താലും, വാക്കാലോ രേഖാമൂലമോ ഉള്ള തെളിവുകളുടെയോ സാഹചര്യത്തെളിവുകളുടെയോ അടിസ്ഥാനത്തിലും അഴിമതിക്കേസ് തെളിയിക്കാമെന്നും ഈ വിധിയില്‍ പറഞ്ഞിരുന്നു. കെ എം എബ്രഹാമിന്റെ ഹര്‍ജിയിലും ഈ വാദങ്ങള്‍ പരാതിക്കാരന്‍ സജീവ ചര്‍ച്ചയാക്കും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണം തെറ്റാണെന്നും ഇടപാടുകളെല്ലാം ബാങ്ക് വഴിയാണ് നടത്തിയതെന്നും അപ്പീലില്‍ എബ്രഹാം വ്യക്തമാക്കിയിട്ടുണ്ട്. പബ്ലിക് സര്‍വെന്റ് എന്ന സംരക്ഷണം നല്‍കാതെയാണ് തനിക്കെതിരെ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പറയുന്ന അപ്പീലില്‍ സി ബി ഐ അന്വേഷണത്തിനുള്ള കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നു. ഹരജിയില്‍ തീരുമാനമുണ്ടാകും വരെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
മുംബൈയിലെ മൂന്നുകോടി വിലയുള്ള അപാര്‍ട്ട്മെന്റ്, തിരുവനന്തപുരത്തെ ഒരു കോടിയുടെ അപാര്‍ട്ട്മെന്റ്, കൊല്ലം കടപ്പാക്കടയിലെ എട്ടുകോടി വിലയുളള ഷോപ്പിങ് കോംപ്ലക്സ് ഉള്‍പ്പെടെ കെ എം എബ്രഹാം സമ്പാദിച്ച ആസ്തികള്‍ വരവില്‍ കവിഞ്ഞ സ്വത്താണെന്നാണ് ആരോപണം. എന്നാല്‍ കൊല്ലത്തെ ഷോപ്പിങ് കോംപ്ലക്‌സ് തന്റെ സഹോദരങ്ങളുടേത് കൂടിയാണെന്നും എബ്രഹാം പറയുന്നു. പരാതിക്കാരനായ ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ ഹര്‍ജിക്ക് കാരണം തന്നോടുളള പകയാണ്. പരാതിക്കാരനെതിരെ നേരത്തെ നിയമ നടപടി സ്വീകരിച്ചിരുന്നു. ഇതാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിക്ക് പിന്നില്‍ എന്ന് എബ്രഹാം പറയുന്നു. വിജിലന്‍സ് പരിശോധിച്ചത് 2009 മുതല്‍ 2015 വരെയുള്ള വരുമാനമാണെന്നും 2000 മുതല്‍ 2009 വരെയുള്ള വരുമാനം കൂടി പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും എബ്രഹാം ഹര്‍ജിയില്‍ പറയുന്നു. ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ശല്യക്കാരനായ വ്യവഹാരിയാണെന്നും ഈ ചരിത്രം പരിശോധിക്കാതെയാണ് ഹൈക്കോടതി നടപടിയെന്നും കെഎം എബ്രഹാം അപ്പീലില്‍ പറയുന്നു.
ഏപ്രില്‍ 26നാണ് അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് പ്രകാരമായിരുന്നു കേസ്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. സംഭവത്തില്‍ കെ എം അബ്രഹാമിന്റെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കാനൊരുങ്ങുകയാണ് സംഘം. 12 വര്‍ഷത്തെ സ്വത്ത് വിവരങ്ങളാണ് അന്വേഷിക്കുക. ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്‌റ്റേ അനുവദിച്ചില്ലെങ്കില്‍ ഏത് സമയം വേണമെങ്കിലും എബ്രഹാമിനെ സിബിഐ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ട്.