ഒടുവില്‍ പിഎം ശ്രീ തര്‍ക്കത്തില്‍ പരിഹാരം; സിപിഎം- സിപിഐ പ്രശ്‌നം പരിഹാരമാകുന്നത് പിഎം ശ്രീ ധാരണാ പത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്ന ഉറപ്പില്‍; കത്തിന്റെ പകര്‍പ്പ് സിപിഐക്ക് കൈമാറും; വൈകുന്നേരം നടക്കുന്ന മന്ത്രിസഭായോഗത്തില്‍ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കും; വല്ല്യേട്ടനും കൊച്ചേട്ടനും വീണ്ടും ഒറ്റക്കെട്ട്..!
ഒടുവില്‍ പിഎം ശ്രീ തര്‍ക്കത്തില്‍ പരിഹാരം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ തുടര്‍ന്ന് ഇടതു മുന്നണിയില്‍ രൂപംകൊണ്ട വിള്ളലിന് അവസാനമാകുന്നു. സിപിഐയുടെ കടുംപിടുത്തത്തിന് സിപിഎം വഴങ്ങി അവര്‍ നിര്‍ദേശിച്ച പരിഹാര മാര്‍ഗ്ഗത്തിന് തയ്യാറെടുക്കുകയാണ്. ഇതോടെ ഇന്ന് വൈകുന്നേരം നടക്കുന്ന മന്ത്രിസഭായോഗത്തില്‍ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം, പിഎം ശ്രീ കരാരില്‍ ഒപ്പിട്ട ധാരണാ പത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഇന്ന് തന്നെ കത്തു നല്‍കും. ഈ കത്തിന്റെ പകര്‍പ്പ് സിപിഐക്ക് കൈമാറാനും തീരുമാനിച്ചു.
അതുവരെ കരാര്‍ മരവിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടും. ഇരുപാര്‍ട്ടികളുടെയും ദേശീയ നേതൃത്വം മുന്നോട്ടവെച്ച സമവായ നിര്‍ദേശം അംഗീകരിച്ചാണ് തീരുമാനം. ഉച്ചയ്ക്ക് ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം തീരുമാനം പ്രഖ്യാപിക്കും. സിപിഐയുടെ സമ്പൂര്‍ണ്ണ അടിയന്തര സെക്രട്ടറിയേറ്റ് യോഗം ഒരുമണിക്ക് ചേരുന്നുണ്ട്. നേതാക്കള്‍ക്ക് ഓണ്‍ലൈനായി പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏറെനാളായി എല്‍ഡിഎഫിനെ പിടിച്ചുലച്ച പ്രതിസന്ധിക്കാണ് ഇപ്പോള്‍ പരിഹാരമാകുന്നത്. സിപിഐയുടെ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറാണെന്ന് സിപിഎം അറിയിച്ചുകഴിഞ്ഞു പിഎം ശ്രീ പദ്ധതിയിലെ അഭിപ്രായ ഭിന്നതയില്‍ സര്‍ക്കാര്‍ അസാധാരണ പ്രതിസന്ധിയിലായിരുന്നു കഴിഞ്ഞകുറച്ച് നാളുകളായി. 2017 ല്‍ തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടു നിന്ന ശേഷം സിപിഐ മുന്നണിയില്‍ കടുത്ത നിലപാടെടുക്കുന്നത് ഇതാദ്യമായാണ്.
രാവിലെ എകെജി സെന്ററില്‍ നടന്ന യോഗത്തില്‍ സിപിഐ ഉയര്‍ത്തുന്നത് കാലിക പ്രസക്തിയുള്ള വിഷയമാണെന്ന് ബേബി നിലപാട് എടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കം ഇത് അംഗീകരിച്ചു. ഇതോടെ സിപിഐ ഉയര്‍ത്തിയ വിഷയം പരിഹരിക്കണമെന്ന ആവശ്യം ശക്തമായി. ഇടതു വിരുദ്ധമായ പദ്ധതികളില്‍ ഒന്നും കേന്ദ്രവുമായി ധാരണയിലെത്തരുതെന്നും ബേബി ആവശ്യപ്പെട്ടിരുന്നു. മധുര പാര്‍ട്ടി കോണ്‍ഗ്രസ് തള്ളി പറഞ്ഞ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ധാരണാ പത്രത്തിലെത്തിയതിലും വിയോജിപ്പ് അറിയിച്ചു.
ഇത് സിപിഎമ്മിന്റെ നയത്തിന് വിരുദ്ധമാണ്. തിരുത്തല്‍ അനിവാര്യമാണെന്നും പറഞ്ഞു. ഈ വിഷയങ്ങളില്‍ ജനറല്‍ സെക്രട്ടറിയുടെ വികാരം സംസ്ഥാന നേതൃത്വം ഉള്‍ക്കൊണ്ടു. സിപിഐ കേന്ദ്ര നേതൃത്വത്തിന് എംഎ ബേബി മറുപടിയും നല്‍കി. സിപിഐയുടെ ആവശ്യങ്ങളും ഉപാധികളും അംഗീകരിക്കുകയാണ് സിപിഎം.
ഇന്നു രാവിലെ എകെജി സെന്ററില്‍ നടന്ന സിപിഎമ്മിന്റെ അവ്യെലബിള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് കേന്ദ്രത്തിനു കത്ത് അയയ്ക്കാന്‍ ധാരണയായത്. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനല്‍ ടി.പി.രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. കത്തിന്റെ കരട് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി സിപിഐ നേതൃത്വത്തിനു കൈമാറി. ഈ കരട് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു.
സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗവും തിരുവനന്തപുരത്തു നടന്നിരുന്നു. ഇന്നു വൈകിട്ടത്തെ മന്ത്രിസഭാ യോഗത്തില്‍ സിപിഐയുെട 4 മന്ത്രിമാരും പങ്കെടുക്കില്ലെന്ന് ഉറപ്പായതോടെയാണ് സമവായ നീക്കവുമായി സിപിഎം കേന്ദ്ര നേതൃത്വം വിഷയത്തില്‍ ഇടപെട്ടത്. പദ്ധതി റദ്ദാക്കണമെന്ന കടുത്ത നിലപാടിലായിരുന്നു സിപിഐ. വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെടുന്നത് പ്രായോഗികമല്ലെന്നും പാര്‍ട്ടി കരുതുന്നു. സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി ഇന്നു സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയുമായി സംസാരിച്ചിരുന്നു.
