പിണറായിക്ക് മാത്രമല്ല ക്ലിഫ് ഹൗസിനും വേണ്ടപ്പെട്ടവനായ മുന്‍ ചീഫ് സെക്രട്ടറിക്ക് സര്‍ക്കാര്‍ നല്‍കുന്നത് മാസം 6.37 ലക്ഷം രൂപ, കിഫ്ബി സി.ഇ.ഒ എന്ന നിലയില്‍ 3.87 ലക്ഷം, സര്‍വീസ് പെന്‍ഷനായി 2.50 ലക്ഷം; ഇതുവരെ ശമ്പളം വര്‍ദ്ധിപ്പിച്ചിരിക്കുന്നത് അഞ്ച് തവണ; ഖജനാവില്‍ കൊള്ളയടി

Update: 2024-10-23 06:21 GMT

തിരുവനന്തപുരം: സഭ സമ്മേളനത്തില്‍ നിയമസഭ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്ത ധനമന്ത്രിയാണ് കെ.എന്‍. ബാലഗോപാല്‍. ബാലഗോപാലിനെതിരെ ഇത് സംബന്ധിച്ച നിരവധി പരാതികള്‍ പ്രതിപക്ഷം സ്പീക്കര്‍ക്ക് നല്‍കിയിരുന്നു. ഷംസീര്‍ പതിവ് പോലെ റൂളിംഗ് നടത്തുമെങ്കിലും മന്ത്രി ബാലഗോപാല്‍ ഇതൊന്നും മൈന്‍ഡ് ചെയ്യാറില്ല എന്നതാണ് ചരിത്രം. സഭ സമ്മേളനം കഴിഞ്ഞ് ബാലഗോപാല്‍ തനിക്ക് താല്‍പര്യമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും. ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല.

ധനവകുപ്പിന്റെ മന്ത്രി ബാലഗോപാല്‍ ആണെങ്കിലും ഭരിക്കുന്നത് കെ.എം. എബ്രഹാമാണ് എന്നത് പരസ്യമായ രഹസ്യം. കെ.എം. എബ്രഹാമിന്റെ ശമ്പളവും ആനുകൂല്യങ്ങളും എത്രയെന്ന് കെ. ബാബു എം.എല്‍.എ ധനമന്ത്രിയോട് ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് രേഖാമൂലമുള്ള മറുപടിയാണ് ധനമന്ത്രി നല്‍കിയിരിക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറിയായി വിരമിച്ചശേഷം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായി പുനര്‍നിയമനം ലഭിച്ച കെ.എം.എബ്രഹാമിന് പെന്‍ഷന്‍ ഉള്‍പ്പെടെ ഒരു മാസം ലഭിക്കുന്നത് 6.37 ലക്ഷം രൂപ. കിഫ്ബി സി.ഇ.ഒ എന്ന നിലയില്‍ 3.87 ലക്ഷവും സര്‍വീസ് പെന്‍ഷനായി 2.50 ലക്ഷവും. ഇത്തരത്തില്‍ സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ക്ക് പുനര്‍നിയമനം ലഭിക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്നത് പതിന്‍മടങ്ങ് ശമ്പളമാണ്. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുകയാണ്.

ശമ്പളവും പെന്‍ഷനും അടക്കം 6.37 ലക്ഷം രൂപ എബ്രഹാം പ്രതിമാസം കൈ പറ്റുന്നു എന്ന് വ്യക്തം. അഞ്ച് തവണയാണ് കെ.എം എബ്രഹാമിന്റെ ശമ്പളവും ആനുകൂല്യങ്ങളും ഇതിനിടയില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 2018ലാണ് എബ്രഹാമിന് പുനര്‍നിയമനം നല്‍കിയത്. കിഫ്ബി സി.ഇ.ഒ എന്ന നിലയില്‍ ഇതുവരെ 2.73 കോടിയാണ് ശമ്പളമായി നല്‍കിയത്. ലീവ് സറണ്ടറായി 6.84 ലക്ഷം രൂപയും ഉത്സവ ബത്തയായി 19,250 രൂപയും നല്‍കി. തുടക്കത്തില്‍ 2.75 ലക്ഷം രൂപയായിരുന്നു ശമ്പളം. 2019 ജനുവരിയില്‍ 27,500 രൂപ, 2020ല്‍ 27,500, 2022ല്‍ 19,250, 2023ല്‍ 19,250, 2024 ഏപ്രിലില്‍ 19,250 എന്നിങ്ങനെ വര്‍ദ്ധിപ്പിച്ചതോടെയാണ് 3,87,750 രൂപയിലെത്തിയത്.

കെ.എം എബ്രഹാമിന് മാത്രമല്ല മൂന്ന് റിട്ട. ഉദ്യേഗസ്ഥര്‍ക്ക് കൂടി കിഫ്ബിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ പുനര്‍ നിയമിച്ചിട്ടുണ്ടെന്നും ധനമന്ത്രിയുടെ മറുപടിയിലുണ്ട്. ഉദ്യോഗസ്ഥരെ കൂടി അഡീഷണല്‍ സി.ഇ.ഒയായി നിയമിച്ചയാള്‍ക്ക് നല്‍കുന്നത് പ്രതിമാസം 1.88 ലക്ഷം രൂപ. സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചയാള്‍ക്ക് 1.10 ലക്ഷവും സീനിയര്‍ ജനറല്‍ മാനേജരായി നിയമിച്ചയാള്‍ക്ക് 1.11 ലക്ഷവും രൂപയും. പെന്‍ഷന് പുറമെയാണ് ഇവര്‍ക്ക് ഈ ശമ്പളവും നല്‍കുന്നത്.

എബ്രഹാമിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്ത് വിട്ടതിനാല്‍ ബാലഗോപാലിന്റെ കസേരയുടെ ആയുസ് എത്ര നാള്‍ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. കാരണം പിണറായിക്ക് മാത്രമല്ല ക്ലിഫ് ഹൗസിനും വേണ്ടപ്പെട്ടവനാണ് കെ.എം. എബ്രഹാം.

Tags:    

Similar News