കെഎംഎസ്സിഎല്‍ ആസ്ഥാനത്തെ 170 പേരുടെ നിയമനങ്ങളില്‍ 151 പേരുടേതും പിന്‍വാതില്‍; കുടുംബ ശ്രീയുടെ മറവിലും രാഷ്ട്രീയക്കാരുടെ സ്വന്തക്കാര്‍ സീറ്റുകള്‍ കൈയ്യടക്കിയോ? എംപ്ലോയ്‌മെന്റ് ഓഫിസറുടെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്; വേണ്ടത് നിയമന അഴിമതിയില്‍ വിജിലന്‍സ് പരിശോധന

Update: 2024-10-10 03:41 GMT

തിരുവനന്തപുരം: കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍(കെഎംഎസ്സിഎല്‍) നടക്കുന്നതെല്ലാം പിന്‍വാതില്‍ നിയമനം. നിയമനങ്ങളില്‍ വ്യാപക ചട്ടലംഘനം നടന്നതായി തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസറുടെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. കെഎംഎസ്സിഎല്‍ ആസ്ഥാനത്തെ 170 പേരുടെ നിയമനങ്ങളില്‍ 151 പേരുടേതും കംപല്‍സറി നോട്ടിഫിക്കേഷന്‍ ഓഫ് വേക്കന്‍സീസ് ചട്ടം (സിഎന്‍വി ആക്ട്) ലംഘിച്ചാണെന്ന ഗുരുതര വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. നിയമന അഴിമതിയാണ് നടക്കുന്നതെന്ന് വ്യക്തം. അതുകൊണ്ട് തന്നെ വിജിലന്‍സ് അന്വേഷണത്തിന്റെ സാധ്യതകളാണ് തെളിയുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ അതിന് തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കമ്പനികള്‍, കോര്‍പറേഷനുകള്‍, സര്‍ക്കാര്‍ ഗ്രാന്റില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പിഎസ്സിക്കു പുറത്തു വരുന്ന ഒഴിവുകള്‍ നികത്തുന്നത് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന, സിഎന്‍വി ചട്ടങ്ങള്‍ പാലിച്ചു മാത്രമായിരിക്കണം നിയമിക്കേണ്ടതെന്നാണ് ചട്ടം. ഇതിനായുള്ള സര്‍ക്കാര്‍ ഉത്തരവുകളും പ്രാബല്യത്തിലുണ്ട്. താല്‍ക്കാലിക നിയമനങ്ങളെല്ലാം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

വിവരാവകാശ നിയമ പ്രകാരം ലഭ്യമായ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസറുടെ റിപ്പോര്‍ട്ടാണ് പിന്‍വാതില്‍ നിയമന സൂചനയുള്ളത്. സിഎന്‍വി ആക്ട് പ്രകാരമുള്ള നിയമനം നടത്തണമെന്ന ശുപാര്‍ശയുമായി കെഎംഎസ്സിഎല്‍ മാനേജിങ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആസ്ഥാന ഓഫിസിലെ ജീവനക്കാരുടെ വിവരങ്ങള്‍ മാത്രമാണ് ഓഗസ്റ്റ് 17നു ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ എം.ജയന്‍, ജെഇഒ കെ.ജി.ദിവ്യ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധിച്ചത്. സംസ്ഥാനത്തൊട്ടാകെ ആയിരത്തോളം ജീവനക്കാരാണ് ഉള്ളത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ പൂര്‍ണമായും നോക്കുകുത്തിയാക്കിക്കൊണ്ടാണ് മെഡിക്കല്‍ കോര്‍പറേഷന്‍ പ്രവര്‍ത്തനമെന്നു വ്യക്തമാക്കുന്നത്.

മെഡിക്കല്‍ കോര്‍പറേഷനിലെ 186 പേരുടെ നിയമനത്തിനു രേഖകളൊന്നും ഇല്ലെന്നു മന്ത്രി വീണാ ജോര്‍ജ് തന്നെ നിയമസഭയില്‍ അറിയിച്ചിരുന്നു. ഇതിനേക്കാള്‍ ഞെട്ടിപ്പിക്കുന്നതാണു യഥാര്‍ഥ ചിത്രം എന്ന സൂചനയാണ് എംപ്ലോയ്‌മെന്റ് ഓഫിസറുടെ റിപ്പോര്‍ട്ടില്‍. കുടുംബശ്രീ മുഖേന കരാര്‍ ജോലിക്കു കയറിയവര്‍ വര്‍ഷങ്ങളായി അതേ തസ്തികയില്‍ ജോലി ചെയ്യുന്നു, പത്ര പരസ്യം നല്‍കിയും അല്ലാതെയും സ്ഥാപനം നേരിട്ടു ജീവനക്കാരെ നിയമിക്കുന്നു. ഏതാനും തസ്തികകളിലെ താല്‍ക്കാലിക നിയമനം മാത്രമാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തിയിട്ടുള്ളത്. ഇതില്‍ കുടുംബശ്രീ വഴിയും നേരിട്ടും നിയമിക്കുന്നവര്‍ക്കെല്ലാം രാഷ്ട്രീയ പിന്‍ബലമുണ്ട്.

ഡപ്യൂട്ടി മാനേജര്‍4, അസിസ്റ്റന്റ് മാനേജര്‍ 30, അസിസ്റ്റന്റ് 2, എംഡിയുടെ പിഎ1, ജനറല്‍ മാനേജരുടെ സിഎ1, അക്കൗണ്ടന്റ് 1, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍42, ഫാര്‍മസിസ്റ്റ്51, ക്വാളിറ്റി കണ്‍ട്രോളര്‍2, ഫാര്‍മ അസിസ്റ്റന്റ് 2, മറ്റു തസ്തികകള്‍15 എന്നിങ്ങനെയാണു ചട്ടം ലംഘിച്ചു നടത്തിയ നിയമനങ്ങള്‍. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കമ്പനികള്‍, കോര്‍പറേഷനുകള്‍, സര്‍ക്കാര്‍ ഗ്രാന്റോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പിഎസ്സിയുടെ പരിധിക്കു പുറത്തു വരുന്ന എല്ലാ നിയമനങ്ങളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാകണമെന്നാണ് കംപല്‍സറി നോട്ടിഫിക്കേഷന്‍ ഓഫ് വേക്കന്‍സീസ് ആക്ട്. ഇതിനു വിപരീതമായി പ്രവര്‍ത്തിക്കുന്ന വകുപ്പു മേധാവികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്നു തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു.

എന്നാല്‍ കെഎംഎസ്സിഎലില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ വരെ ഈ ചട്ടങ്ങളൊന്നും പാലിച്ചിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തന്നെ നിയമസഭയില്‍ വ്യക്തമാക്കിയത്. കോര്‍പറേഷനു കീഴിലുള്ള കാരുണ്യ കമ്യൂണിറ്റി ഫാര്‍മസിയിലെ ഫാര്‍മസിസ്റ്റ് നിയമനങ്ങളിലും ഈ ചട്ടങ്ങളൊന്നും പാലിച്ചിട്ടില്ല. എഴുപതിലേറെ ഔട്ട്ലെറ്റുകളിലായി 502 ഫാര്‍മസിസ്റ്റുകളാണ് കാരുണ്യയില്‍ ജോലി ചെയ്യുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ റജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിനു ഫാര്‍മസിസ്റ്റുകള്‍ ജോലി കാത്തിരിപ്പുണ്ടെങ്കിലും ഇവിടേക്ക് ഒരു ഒഴിവു പോലും റിപ്പോര്‍ട്ട് ചെയ്യാറില്ല. ഉദ്യോഗാര്‍ഥികളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് എംപ്ലോയ്‌മെന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ കെഎംഎസ്സിഎലിലെ രേഖകള്‍ പരിശോധിച്ചത്. 186 പേരുടെ നിയമനത്തിന് ഒരു നടപടിക്രമങ്ങളും പാലിച്ചിട്ടില്ലെന്ന് ഇതിനു പിന്നാലെയാണ് മന്ത്രി തന്നെ വ്യക്തമാക്കിയത്.

പത്രങ്ങളിലോ വെബ്‌സൈറ്റിലോ ഒരു വിജ്ഞാപനവും പ്രസിദ്ധീകരിക്കാതെ നിയമിക്കപ്പെട്ടവരില്‍ 135 പേര്‍ ഇപ്പോഴും വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നുണ്ടെന്നും സൂചനകളുണ്ട്. കോര്‍പറേഷനിലെ കരാര്‍ദിവസവേതന ജീവനക്കാരുടെ സേവന വിവരങ്ങള്‍ സംബന്ധിച്ച് നടക്കുന്ന പരിശോധനയുടെ പ്രാഥമിക ഘട്ടത്തില്‍ തന്നെയാണ് ഇത്രയും പിന്‍വാതില്‍ നിയമനം നടന്നതു പുറത്തു വരുന്നത്. സ്ഥിരപ്പെടുത്തല്‍ റദ്ദാക്കണം എന്ന് വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ട ജീവനക്കാര്‍ക്കു വരെ ധനവകുപ്പിന്റെ പ്രത്യേക അംഗീകാരത്തോടെ ശമ്പള സ്‌കെയില്‍ പരിഷ്‌കരിച്ച്, സര്‍വീസ് ബുക്ക് ക്രമപ്പെടുത്തി നല്‍കിയതായും മന്ത്രിയുടെ പഴയ മറുപടിയില്‍ വ്യക്തമാണ്.

തൊഴിലും പുനരധിവാസവും വകുപ്പിന്റെ 2004 ലെ ഉത്തരവ് കെഎംഎസ്സിഎല്‍ പാലിക്കാന്‍ തുടങ്ങിയതുതന്നെ 2023 ഏപ്രില്‍ മുതലാണ്. അതിനു മുന്‍പേ നടന്ന നിയമനങ്ങളില്‍ ജീവനക്കാരുടെ യോഗ്യത പരിശോധിക്കുകയോ ഒഴിവുകള്‍ സംബന്ധിച്ച പത്ര പരസ്യം നല്‍കി അപേക്ഷകരെ ക്ഷണിക്കുകയോ ഉണ്ടായിട്ടില്ല.

Tags:    

Similar News