ജര്‍മനിയില്‍ വീണ്ടും ഭീകരാക്രമണം; അഫ്ഗാനിസ്ഥാനില്‍ നിന്ന് അഭയാര്‍ഥിയായി എത്തിയ യുവാവ് രണ്ടു വയസുള്ള ഒരു കുഞ്ഞടക്കം രണ്ടു പേരെ കുത്തിക്കൊന്നു; രണ്ടു പേര് അതീവ ഗുരുതരാവസ്ഥയില്‍

ജര്‍മനിയില്‍ വീണ്ടും ഭീകരാക്രമണം

Update: 2025-01-23 00:39 GMT

ബെര്‍ലിന്‍: ജര്‍മ്മനിയില്‍, അഭയാര്‍ത്ഥിയായി എത്തിയതെന്ന് സംശയിക്കപ്പെടുന്ന ഒരു വ്യക്തി, കത്തിയുമായി നഴ്സറി ഗ്രൂപ്പിനെതിരെ നടത്തിയ ആക്രമണത്തില്‍ രണ്ട് വയസ്സുള്ള ഒരു കുഞ്ഞും 41 കാരനും മരണമടഞ്ഞു. കൊല്ലപ്പെട്ട കുട്ടി മൊറോക്കന്‍ വംശജയാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജര്‍മ്മനിയിലെ ബവേറിയ പട്ടണമായ അഷാഫെന്‍ബര്‍ഗില്‍ ഷന്റാല്‍ പാര്‍ക്കില്‍ ഇന്നലെ രാവിലെ 11.45 ഓടെയായിരുന്നു സംഭവം. സംഭവസ്ഥലത്തിന് തൊട്ടടുത്തു വച്ച് 28 കാരനായ ഒരു അഫ്ഗാന്‍ വംശജനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ഇയാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവസ്ഥലത്തിന് ഏറെ ദൂരെയല്ലാതുള്ള ഒരു അഭയാര്‍ത്ഥി ക്യാമ്പിലാണ് ഇയാള്‍ താമസിക്കുന്നതെന്നും, എനാമുള്ള എന്നാണ് ഇയാളുടെ പേരെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. കഴിഞ്ഞ കാലങ്ങളിലും ഇയാള്‍ മാനസികാസ്വസ്ഥതകള്‍ കാണിച്ചിട്ടുണ്ട് എന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നത്. ഇത്തരത്തിലൊരാള്‍ക്ക് എങ്ങനെയാണ് ജര്‍മ്മനിയില്‍ തുടരാന്‍ കഴിഞ്ഞതെന്ന് അറിയണമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷൂള്‍സ് ആവശ്യപ്പെട്ടു.

ഇക്കാര്യം ബന്ധപ്പെട്ടവര്‍ ഉടനടി വിശദീകരിക്കണമെന്നും ചാന്‍സലര്‍ ആവശ്യപ്പെട്ടു. ഇയാള്‍ സ്വമേധയാ രാജ്യം വിട്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു എന്നും ഡിസംബര്‍ 4 ന് അക്കാര്യം ഇയാള്‍ പറഞ്ഞതായും അന്വേഷണോദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ബവേറിയ ആഭ്യന്തരമന്ത്രി ജൊയാഷിം ഹെര്‍മ്മാന്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന്, ഇയാളുടെ അപേക്ഷയിന്മേലുള്ള നടപടികള്‍ ഡിസംബര്‍ 11 ന് നിര്‍ത്തിവെച്ചതായും ഇയാളോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ടതായും നിര്‍ദ്ദേശിച്ചതായും മന്ത്രി പറഞ്ഞു.

അഞ്ച് കൊച്ചു കുട്ടികള്‍ ഉള്‍പ്പെടുന്ന ഒരു ഡേ കെയര്‍ ഗ്രൂപ്പിനെ ഇയാള്‍ പിന്തുടര്‍ന്ന് വന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് മെയ്ന്‍ എക്കോ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടു പേര്‍ കൊല്ലപ്പെട്ടതായും,മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തിനടുത്തു വെച്ചു തന്നെയാണ് അക്രമിയെ അറസ്റ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു. മറ്റൊരാളെ അറസ്റ്റ് ചെയ്തുവെങ്കിലും അയാള്‍ കേസില്‍ പ്രതിയല്ല എന്ന് പോലീസ് അറിയിച്ചു. ഇതുവരെയുള്ള അന്വേഷണത്തില്‍ സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല എന്നും പോലീസ് പറഞ്ഞു.

അഷാന്‍ഫന്‍ബര്‍ഗ് ഡേ കെയര്‍ സെന്ററില്‍ നിന്നുള്ള അധ്യാപകര്‍ അഞ്ച് കുട്ടികളുമൊത്ത് ചെറിയൊരു യാത്രയ്ക്കായി ഷാന്റാളില്‍ എത്തുകയായിരുന്നു എന്ന് മെയ്ന്‍ എക്കോ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമി ഇവരെ പിന്തുടരുന്നത കണ്ട സംഘം ഷന്റാളില്‍ നിന്നും മടങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്. പ്രധാനമായും ഇയാള്‍ കുട്ടികളെയായിരുന്നു ഉന്നം വച്ചിരുന്നതെന്നും മെയ്ന്‍ എക്കോ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരു അധ്യാപകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

Tags:    

Similar News