കോന്നിയുടെ കൗതുകം മാഞ്ഞു; ആനത്താവളത്തിലെ കുട്ടിയാന കൊച്ചയ്യപ്പന്‍ ചരിഞ്ഞു; മരണകാരണം അറിയാന്‍ പോസ്റ്റുമോര്‍ട്ടം

Update: 2025-07-02 05:52 GMT

കോന്നി: ആനത്താവളത്തിന്റെ കൗതുക കക്കാഴ്ചയായിരുന്ന കുട്ടിയാന കൊച്ചയ്യപ്പന്‍ ചരിഞ്ഞു. ആറു വയസായിരുന്നു കുട്ടിക്കൊമ്പന്. കൊച്ചയ്യപ്പനെ കാണാനും അവന്റെ കുസൃതികള്‍ അനുഭവിക്കുന്നതിനുമായിട്ടാണ് സഞ്ചാരികള്‍ ആനത്താവളത്തില്‍ എത്തിയിരുന്നത്. കുട്ടിയാന ചരിഞ്ഞതിനെ തുടര്‍ന്ന് ഇന്ന് കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇല്ല.

പോസ്റ്റ്മോര്‍ട്ടത്തിലൂടെ മാത്രമേ മരണകാരണം കണ്ടെത്താന്‍ കഴിയൂ. കോന്നി വനമേഖലയിലെ കൊച്ചു കോയിക്കല്‍ ഭാഗത്തു നിന്നുമാണ് കുട്ടിക്കൊമ്പനെ ലഭിച്ചത്. ആനക്കൂട്ടം തേടി വരാതിരുന്നതു കൊണ്ട് ആനക്കൂട്ടിലേക്ക് മാറ്റി സംരക്ഷണം നല്‍കി. ഇടയ്ക്കിടെ കുട്ടിയാന രോഗബാധിതനായിരുന്നു. ആനക്കൂട്ടം ഒരു കുട്ടിയാനയെ ഉപേക്ഷിക്കുക എന്നാല്‍ അതിന് ശാരീരികമായി എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് വനത്തെ കുറിച്ച് കൂടുതല്‍ അറിയാവുന്നവര്‍ പറയുന്നത്.

കുട്ടിയാനയെ ചട്ടം പഠിപ്പിച്ചു വരുന്നതേ ഉള്ളൂ. ആറു വയസ്സ് കഴിഞ്ഞാല്‍ മറ്റ് ആനകളുടെ കൂടെ പാര്‍പ്പിക്കൂ. ആന ചട്ടം നന്നായി പഠിച്ചു വരുന്നതിനു ഇടയിലാണ് ചരിഞ്ഞത്. വനം വകുപ്പ് ഡോക്ടര്‍ മറ്റ് വനം ജീവനക്കാര്‍ എന്നിവര്‍ സ്ഥലത്തു ഉണ്ട്.

എരണ്ട കെട്ടു മൂലം ഇതിനു മുന്‍പും ഏറെ കുട്ടിയാനകള്‍ ഇവിടെ ചരിഞ്ഞിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടംറിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ പുറം ലോകം കണ്ടിട്ടില്ല. കോന്നി ആനത്താവളം പിന്നീട് കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ആസ്ഥാനമാക്കി. ആനകളെ നോക്കാന്‍ സ്ഥിരവും താല്‍ക്കാലികവുമായി നിരവധി ജീവനക്കാര്‍ ഉണ്ട്.

നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ ആണ് ആനകളെ അടുത്ത് കാണുവാന്‍ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ഭാഗമായ കോന്നി ആനത്താവളത്തില്‍ എത്തുന്നത്.

Tags:    

Similar News