'നിങ്ങള്‍ ബട്ടണ്‍ അമര്‍ത്തുക,ബാക്കിയുള്ളവ ഞങ്ങള്‍ ചെയ്യാം' എന്ന വാചകത്തിലൂടെ ജനങ്ങള്‍ക്കിടയിലേക്ക്; സ്വയം വരുത്തിവെച്ച വിനയ്ക്ക് പകരം നല്‍കേണ്ടി വന്നത് ചോദ്യം ചെയ്യപ്പെടാത്ത ഒന്നാം നമ്പര്‍ പദവി; പിന്നാലെ കാത്തിരുന്നത് ഭീമമായ സാമ്പത്തിക പ്രതിസന്ധി; 133 വര്‍ഷത്തെ ക്ലിക്കുകള്‍ക്ക് ഷട്ടര്‍ ഇട്ട് കൊഡാക് കാമറ പ്രവര്‍ത്തനം അവസാനിപ്പിക്കുമോ?

'നിങ്ങള്‍ ബട്ടണ്‍ അമര്‍ത്തുക,ബാക്കിയുള്ളവ ഞങ്ങള്‍ ചെയ്യാം' എന്ന വാചകത്തിലൂടെ ജനങ്ങള്‍ക്കിടയിലേക്ക്;

Update: 2025-08-20 08:28 GMT

ന്യൂയോര്‍ക്ക്: ഫോട്ടോഗ്രാഫിയെ തലമുറകള്‍ക്ക് പരിചയപ്പെടുത്തിയ ഈസ്റ്റ്മാന്‍ കൊഡാക്ക് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു.കാലമാറ്റത്തില്‍ സ്വയംപരിഷ്‌കരണത്തില്‍ പിന്നോട്ടുപോവുകയും തുടര്‍ന്നുണ്ടായഭീമമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയാത്തതുമാണ് ക്യാമറ-ഫോട്ടോഗ്രാഫി വ്യവസായ രംഗത്തെ അതികായന് തിരിച്ചടിയായത്.133 വര്‍ഷം പഴക്കമുള്ള ഫോട്ടോഗ്രാഫി കമ്പനിയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.കൊഡാക് കമ്പനിയുടെ തിങ്കളാഴ്ച പുറത്തിറക്കിയ വരുമാന റിപ്പോര്‍ട്ടില്‍,ഏകദേശം 500 മില്യണ്‍ ഡോളര്‍ കടബാധ്യതകള്‍ അടച്ചുതീര്‍ക്കാനുള്ളതായി സൂചിപ്പിക്കുന്നു.ഇതിനുള്ള പണമോ ധനസഹായമോ കൈവശമില്ല. പ്രതിസന്ധിയെ മറികടന്ന് മുന്നോട്ട് പോകുന്നതില്‍ സംശയമുണ്ടെന്ന് കൊഡാക് കമ്പനി മുന്നറിയിപ്പ് നല്‍കി.

'നിങ്ങള്‍ ബട്ടണ്‍ അമര്‍ത്തുക,ബാക്കിയുള്ളവ ഞങ്ങള്‍ ചെയ്യാം'!ഫോട്ടോഗ്രാഫിയെ തലമുറകള്‍ക്ക് പരിചയപ്പെടുത്തിയ അതികായന്‍

133 വര്‍ഷമായി ക്യാമറ ഫോട്ടോഗ്രാഫി രംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമാണ് കൊഡാക്ക് കമ്പനി.1889-ല്‍ ജോര്‍ജ് ഈസ്റ്റ്മാന്‍ ആണ് കൊഡാക് സ്ഥാപിച്ചത്.ജോര്‍ജ് ഈസ്റ്റമാന്‍ നിര്‍മിച്ചെടുത്ത വാക്കാണ് കൊഡാക്. കെ എന്ന അക്ഷരം ഇഷ്ടമുള്ളതുകൊണ്ടാണ് അത്തരമൊരു പേര് നിര്‍മിച്ചത്.ഈസ്റ്റ്മാന്‍ കൊഡാക്ക് ഫോട്ടോ?ഗ്രാഫി കമ്പനി 1892ലാണ് സ്ഥാപിതമാകുന്നത്. എന്നാല്‍ കമ്പനിയുടെ ചരിത്രം 1879ല്‍ തന്നെ ആരംഭിച്ചിരുന്നു.അന്നാണ് കമ്പനിയുടെ സ്ഥാപകനായ ജോര്‍ജ് ഈസ്റ്റ്മാന്‍ ഒരു പ്ലേറ്റ് കോട്ടിംഗ് മെഷീന് പേറ്റന്റ് നേടിയത്. 1888ല്‍ ഈസ്റ്റ്മാന്‍ ആദ്യത്തെ കൊഡാക്ക് കാമറ 25 ഡോളറിന് വിറ്റു.

അക്കാലത്ത് ഫോട്ടോ?ഗ്രാഫി ഒരു സാധാരണ ബിസിനസ് ആയിരുന്നില്ല.കാരണം അതിന് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യവും ഉപകരണങ്ങളും എല്ലാവര്‍ക്കും എളുപ്പത്തില്‍ ലഭ്യമായിരുന്നില്ല.എന്നാല്‍ കൊഡാക് കാമറ ഫോട്ടോഗ്രാഫി സാധാരണക്കാര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തത്.1970കളില്‍, അമേരിക്കയിലെ ഫിലിം വില്‍പ്പനയുടെ 90%-വും കാമണ വില്‍പ്പനയുടെ 85%-വും കൊഡാക്കിനായിരുന്നു.ഇരുപതാം നൂറ്റാണ്ടില്‍ വിപണിയില്‍ ആധിപത്യം നേടിയ കമ്പനി ഡിസ്‌പോസിബിള്‍ ക്യാമറകള്‍ക്ക് പേരുകേട്ടു.

എന്നാല്‍ തങ്ങളുടെ തന്നെ തെറ്റായ ഒരു തീരുമാനമായിരുന്നു കൊഡാക്ക് കമ്പനിയുടെ തിരിച്ചടിക്ക് തുടക്കം കുറിച്ചത്.1975-ല്‍ ആദ്യ ഡിജിറ്റല്‍ ക്യാമറ കണ്ടുപിടിച്ചെങ്കിലും, തങ്ങളുടെ ഫിലിം ബിസിനസ് ബാധിക്കുമെന്നതിനാല്‍ അതിനെ പ്രോത്സാഹിപ്പിച്ചില്ല.ഈ തെറ്റായ തീരുമാനത്തിന് കൊഡാക്ക് കമ്പനിക്ക് പകരം നല്‍കേണ്ടി വന്ന വില ഈ മേഖലയിലെ തങ്ങളുടെ അപ്രമാദിത്യം തന്നെയായിരുന്നു.പിന്നീട് ഡിജിറ്റല്‍ ഫോട്ടോഗ്രാഫി രംഗത്തേക്ക് കമ്പനി ചുവടുവച്ചെങ്കിലും കാനണ്‍, സോണി, നിക്കോണ്‍ പോലുള്ള എതിരാളികളോട് മത്സരിക്കാനായില്ല.


 



പിന്നാലെ കൊഡാക്കിന്റെ ശക്തമായ വിപണി സ്ഥാനം താഴേക്ക് പതിച്ചു.ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ച മുതലെടുക്കാന്‍ കൊഡാക്കിന് കഴിഞ്ഞില്ലെന്നതാണ് തിരിച്ചടിയായത്.തുടര്‍ന്ന് കടബാധ്യതയില്‍ മുങ്ങിയ കമ്പനി പാപ്പരത്തത്തിന് 2012 ല്‍ അപേക്ഷ നല്‍കി. 2013-ല്‍ പുനരുജ്ജീവിച്ചെങ്കിലും വിപണിയിലെ പഴയ സ്ഥാനത്ത് തിരിച്ചെത്താന്‍ കഴിഞ്ഞില്ല.

നികത്താനാകാത്ത സാമ്പത്തിക പ്രതിസന്ധി.. ഒടുവില്‍ മിഴിയടക്കുന്നു

2012 മുതലാണ് സാമ്പത്തിക പ്രതിസന്ധി കൊഡാക്കിനെ ശ്വസം മുട്ടിച്ച് തുടങ്ങുന്നത്.അന്ന് കമ്പനി ഒരു ലക്ഷത്തോളം പേരില്‍ നിന്ന് കടമെടുത്തിരുന്നു.6.75 ബില്യണ്‍ ഡോളറിന്റെ കടബാധ്യതയും ഉണ്ടായിരുന്നു.കഴിഞ്ഞ വാരം പുറത്തിറക്കിയ കൊഡാക് കമ്പനിയുടെ വരുമാന റിപ്പോര്‍ട്ടില്‍, ഏകദേശം 500 മില്യണ്‍ ഡോളര്‍ കടബാധ്യതകള്‍ അടച്ചുതീര്‍ക്കാനുള്ളതായി സൂചിപ്പിക്കുന്നു. ഇതിനുള്ള പണമോ ധനസഹായമോ കൈവശമില്ല. പ്രതിസന്ധിയെ മറികടന്ന് മുന്നോട്ട് പോകുന്നതില്‍ സംശയമുണ്ടെന്ന് കൊഡാക് കമ്പനി മുന്നറിയിപ്പ് നല്‍കി.

കമ്പനിയുടെ പെന്‍ഷന്‍ പദ്ധതിയിലേക്ക് നിക്ഷേപിക്കുന്നത് നിര്‍ത്തികൊണ്ട് കൊഡാക് പണം സ്വരൂപിക്കാന്‍ ശ്രമിക്കുകയാണ്. സമാനമായി കാമറയുടെ മഷി, ഫിലിം, ലെന്‍സ് എന്നിവയില്‍ പലതും യുഎസില്‍ തന്നെയാണ് നിര്‍മിക്കുന്നതെന്നതിനാല്‍ താരിഫുകള്‍ ബിസിനസിനെ കാര്യമായി ബാധിച്ചേക്കില്ലെന്ന് കമ്പനി പറയുന്നു.

സാമ്പത്തിക സാഹചര്യങ്ങള്‍ ബുദ്ധിമുട്ടിലാണെങ്കിലും ഈ വര്‍ഷം രണ്ടാം പാദത്തില്‍ കമ്പനിയുടെ ദീര്‍ഘകാല പദ്ധതികളില്‍ നേട്ടമുണ്ടായിട്ടുണ്ടെന്ന് കൊഡാക് സിഇഒ ജിം കോണ്ടിനെന്‍സ പറയുന്നു. കടമെടുത്ത തുകയുടെ വലിയൊരു ഭാഗം കാലാവധി തീരുന്നതിന് മുമ്പ് തന്നെ അടച്ചു തീര്‍ക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അശേഷിക്കുന്ന കടങ്ങളിലും സ്റ്റോക്ക് ബാധ്യതകളിലും ഇളവുകള്‍ വരുത്തുവാനും സമയപരിധി ദീര്‍ഘിപ്പിക്കാനും കഴിയുമെന്നും കോണ്ടിനെന്‍സ വ്യക്തമാക്കി.

പ്രതിസന്ധി ഉണ്ടായിരുന്നിട്ടും, കൊഡാക്ക് ഇപ്പോഴും അമേരിക്കയില്‍ ഫിലിം, മഷി, പ്രിന്റിംഗ് പ്ലേറ്റുകള്‍ എന്നിവ നിര്‍മ്മിക്കുന്നു.ഇത് താരിഫ് പ്രശ്‌നങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുന്നുവെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.എന്നാല്‍ ഇത്തരം ശ്രമങ്ങള്‍ കൊണ്ട് മാത്രം ഐക്കണിക് കമ്പനിയെ രക്ഷിക്കാന്‍ കഴിയുമോ എന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

Tags:    

Similar News