കൊടി സുനിയുടെ പരോള്‍ ന്യൂമാഹി ഇരട്ടക്കൊല കേസില്‍ വിചാരണ തുടങ്ങാനിരിക്കെ; സാക്ഷികളെ സ്വാധീനിക്കുമെന്ന് ബിജെപി; പ്രെബേഷന്‍ റിപ്പോര്‍ട്ട് പ്രതികൂലമായിട്ടും ഒരു മാസത്തെ പരോള്‍ അനുവദിച്ചതില്‍ വിവാദം; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലെന്ന് കെ കെ രമ
കൊടി സുനിയുടെ പരോള്‍ ന്യൂമാഹി ഇരട്ടക്കൊല കേസില്‍ വിചാരണ തുടങ്ങാനിരിക്കെ
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി പരോള്‍ ലഭിച്ച് പുറത്തിറങ്ങിയതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അടങ്ങുന്നില്ല. സര്‍ക്കാര്‍ സ്വാധീനം തന്നെയാണ് ഈ കേസില്‍ നിര്‍ണായകമായത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇയാള്‍ പ്രതിയായ ന്യൂ മാഹി ഇരട്ടക്കൊല കേസില്‍ വിചാരണ തുടങ്ങനിരിക്കെയാണ് ഇപ്പോള്‍ ഒരുമാസത്തെ പരോള്‍ അനുവദിച്ചിരിക്കുന്നത്. ഒരുമാസത്തെ പരോള്‍ കാലയളവിനിടെ കേസിലെ സാക്ഷികളെ കൊടി സുനി സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ബിജെപി ആക്ഷേപം ഉന്നയിക്കുന്നുണ്ട്.
2010ല്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസാണ് ന്യൂ മാഹി ഇരട്ടക്കൊല കേസ്. കൊടി സുനി രണ്ടാം പ്രതിയായ ഈ കേസില്‍ ഈ മാസം 22നാണ് തലശ്ശേരി കോടതിയില്‍ വിചാരണ തുടങ്ങുന്നത്. ഇതിനിടെയാണ് അമ്മയുടെ അപേക്ഷ പരിഗണിച്ച് ജയില്‍ വകുപ്പ് അനുവദിച്ച പരോളില്‍ കൊടി സുനി കഴിഞ്ഞ് ദിവസം തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ടി.പി കേസില്‍ ശിക്ഷിച്ച ശേഷവും നിരവധി കേസുകളില്‍ പ്രതിയായിരുന്നു കൊടി സുനി.
മകന് പരോള്‍ ആവശ്യപ്പെട്ട് കൊടി സുനിയുടെ അമ്മ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നല്‍കിയത്. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡിജിപി പരോള്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ പ്രെബേഷന്‍ റിപ്പോര്‍ട്ട് പ്രതികൂലമായിട്ടും ജയില്‍ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു. കൊടി സുനിയ്ക്ക് പരോള്‍ അനുവദിച്ചതിനെതിരെ കെ.കെ രമ എംഎല്‍എ അടക്കമുള്ളവര്‍ ശക്തമായി രംഗത്തെത്തിയിരുന്നു.
പ്രതിക്ക് ജാമ്യം ലഭിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്നും കെ.കെ. രമ എം.എല്‍.എ ചൂണ്ടിക്കാട്ടുന്ന കാര്യം. നിയമോപദേശം ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. പരോളിന് കത്ത് നല്‍കാന്‍ മനുഷ്യാവകാശ കമീഷന് എന്തവകാശമാണുള്ളതെന്നും അവര്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെട്ടാണ് പരോള്‍ ലഭ്യമാക്കിയത്. ജയിലിനകത്തും പുറത്തും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രതിക്ക് പരോള്‍ ലഭ്യമാക്കാന്‍ ഭരണസംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. പൊലീസ് റിപ്പോര്‍ട്ടുകളും ജയില്‍ പ്രബേഷനറി ഓഫിസറുടെ റിപ്പോര്‍ട്ടും മറികടന്ന് പ്രതിയെ പുറത്തുകൊണ്ടുവരുകയാണ് ഉണ്ടായതെന്നും നിയമപോരാട്ടം തുടരുമെന്നും എം.എല്‍.എ പറഞ്ഞു.
അതേസമയം കൊടി സുനിക്ക് പരോള്‍ അനുവദിച്ചത് വിവാദമാക്കേണ്ടെന്ന് കുടുംബം. സുനിയുടെ ആരോഗ്യസ്ഥിതി മോശമാണ്. സുനി പരോളിന് അര്‍ഹനാണെന്നും സുനിയുടെ അമ്മയും സഹോദരിയും പ്രതികരിച്ചു. 'കഴിഞ്ഞ ആറ് വര്‍ഷമായി എന്റെ മകന് പരോള്‍ ലഭിക്കാത്തത്. ഇതേ കേസില്‍, ഇതേ ശിക്ഷ കിട്ടിയ മറ്റുള്ളവര്‍ക്ക് ഇടയ്ക്കിടയ്ക്ക് പരോള്‍ കിട്ടുന്നുണ്ട്. സുനിക്ക് പരോള്‍ കിട്ടുമ്പോള്‍ മാത്രം എന്താണ് ഇത്രയ്ക്ക് വിവാദമാക്കാനുള്ളത്' എന്നാണ് സുനിയുടെ സഹോദരി ചോദിച്ചത്.
ഉപാധിവെച്ചാണ് സുനിക്ക് പരോള്‍ ലഭിച്ചത്. കണ്ണൂര്‍, കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കരുത് എന്നാണ് പ്രധാന ഉപാധി. അതിനാല്‍ വയനാട് ജില്ലയിലാണ് നിലവില്‍ സുനിയുള്ളത്. 2018-ലാണ് കൊടി സുനിക്ക് അവസാനമായി പരോള്‍ ലഭിച്ചത്. മകന് പരോള്‍ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് അപേക്ഷ നല്‍കിയിരുന്നു.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോള്‍ ലഭിച്ചതിനെ ന്യായീകരിച്ച് സി.പി.എം. നേതാവ് പി. ജയരാജനും രംഗത്തെത്തിയിരുന്നു. കൊടി സുനിക്ക് പരോളിന് അര്‍ഹതയുണ്ടായിരുന്നെങ്കിലും, ആറുവര്‍ഷമായി ജയില്‍ വകുപ്പ് പരോള്‍ അനുവദിച്ചിരുന്നില്ല. സുനിയുടെ പേരില്‍ ഇടക്കാലത്ത് ചുമത്തിയ കേസ്സുകളായിരുന്നു അതിനു കാരണം. അത്തരം ഒരു തീരുമാനം തികച്ചും ശരിയാണ്, എന്നാല്‍, സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മാനുഷിക പരിഗണയില്‍ പരോള്‍ അനുവദിക്കാമോ എന്ന കാര്യം തീരുമാനിക്കാന്‍ ജയില്‍ വകുപ്പിനോട് ആവശ്യപ്പെട്ടത് .അത് പരിഗണിച്ചാണ് ജയില്‍ മേധാവി 30 ദിവസത്തെ പരോള്‍ അനുവദിച്ച് ഉത്തരവായത്. കോവിഡ് കാലത്ത് പോലും കൊടിസുനിക്ക് പരോള്‍ നല്‍കിയിരുന്നില്ല. ആറുവര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ പരാതിയെ തുടര്‍ന്ന് പരോള്‍ നല്‍കിയതില്‍ എന്ത് മഹാപരാധമാണുള്ളത് എന്നാണ് പി. ജയരാജന്‍ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്.
30 ദിവസം പരോള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കൊടി സുനി ശനിയാഴ്ച വൈകീട്ടാണ് തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. പോലീസ് റിപ്പോര്‍ട്ട് എതിരായതിനാല്‍ ആറുവര്‍ഷമായി കൊടി സുനിക്ക് പരോള്‍ അനുവദിച്ചിരുന്നില്ല. തടവുശിക്ഷ അനുഭവിക്കേ, ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു, ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചു, ജയിലുദ്യോഗസ്ഥരെ മര്‍ദിച്ചു തുടങ്ങിയ കേസുകളില്‍ പ്രതിയായതിനെത്തുടര്‍ന്നാണ് സുനിക്ക് പരോള്‍ കൊടുക്കാതിരുന്നത്. വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ സഹതടവുകാരുമായി ചേര്‍ന്ന് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതോടെയാണ് കൊടി സുനിയെ 2023 നവംബര്‍ ഒന്‍പതിന് തവനൂരിലേക്കു മാറ്റിയത്.