കോഹ്‌ലിയും ഭാര്യ അനുഷ്‌കയും ഇന്ത്യ വിട്ട് ലണ്ടനിലേക്ക്; ഇന്റര്‍നെറ്റില്‍ അടി തുടങ്ങി; തൊട്ടുപിന്നാലെ കേരളം വിട്ടു ബാംഗ്ലൂരിലേക്ക് കൂടു മാറി ഒളിമ്പ്യന്‍ ശ്രീജേഷും; കോഹ്‌ലിയെ ലണ്ടനില്‍ എത്തിക്കുന്നതില്‍ പ്രധാന കാരണം സ്വകാര്യത; ലണ്ടനില്‍ വീട് വാങ്ങിയതും കുഞ്ഞു ജനിച്ചതും ഒക്കെ മുന്‍കൂട്ടിയുള്ള പ്ലാന്‍; മുന്‍പ് ഐശ്വര്യ റായ് പറഞ്ഞതും ഇതേ കാരണം തന്നെ
കോലിയും ഭാര്യ അനുഷ്‌കയും ഇന്ത്യ വിട്ട് ലണ്ടനിലേക്ക്
കവന്‍ട്രി: ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന് ശേഷം ആരെന്ന ചോദ്യത്തിന് വലിയ ആയുസ് നല്‍കാതെ സിക്‌സറുകളെക്കാള്‍ വേഗത്തില്‍ ആരാധക മനസ്സില്‍ ഇടം കണ്ടെത്തിയ ക്യാപ്റ്റന്‍ ആണ് വിരാട് കോഹ്ലി. ബോളിവുഡ് നായികയായ അനുഷ്‌ക ശര്‍മ്മ കാമുകിയും ജീവിത പങ്കാളിയും ആയി മാറിയതോടെ ക്രിക്കറ്റിനപ്പുറം ഉള്ള സെലിബ്രിറ്റി പദവിയാണ് ഇരുവരെയും തേടി എത്തിയത്. മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍മാരുടെ ജീവിത സഖികളില്‍ ആരും തന്നെ അനുഷ്‌കയോളം പ്രശസ്തി നേടിയിരുന്നില്ല. കോഹ്ലി ക്രിക്കറ്റ് മൈതാനത്ത് ആവേശം വിതറുമ്പോള്‍ ഭാര്യ ഗാലറിയില്‍ ആവേശം വിതയ്ക്കുന്നത് മത്സരം സംപ്രേക്ഷണം ചെയ്യുന്ന ചാനലുകളും ഉത്സവമാക്കി. ഇതോടെയാണ് രണ്ടു പേരുടെയും സെലിബ്രിറ്റി സ്റ്റാറ്റസ് കൂടുതല്‍ ഉയരങ്ങള്‍ തേടിയത്. എന്നാല്‍ ഇരുവര്‍ക്കും ലഭിച്ച അമിത ജന പ്രീതി തന്നെ ഇപ്പോള്‍ അവര്‍ക്കു പ്രയാസവും ആയി മാറിയിരിക്കുകയാണ്. ഇക്കാര്യം വാക്കുകളില്‍ ഒളിപ്പിച്ചു പറയാന്‍ ഇരുവരും തയ്യാറാകുന്നുമുണ്ട്. ഇക്കാരണം കൊണ്ട് തന്നെയാണ് ഇന്ത്യ വിട്ടു ലണ്ടനില്‍ സ്ഥിര താമസം ആക്കാന്‍ ഉള്ള ആലോചനയില്‍ പ്രധാന കാരണമെന്നും ഇപ്പോള്‍ പറയപ്പെടുന്നു.
ശല്യം കൂടാതെ ഭാര്യയും മക്കളുമായി തെരുവില്‍ നടക്കാന്‍ കോഹ്ലിക്ക് മോഹം?
ലണ്ടനില്‍ തെരുവുകളില്‍ പോലും ആരുടേയും ശല്യം ഇല്ലാതെ നടക്കാമെന്നും ഷോപ്പിങ് മാളില്‍ ഒക്കെ സാധാരണക്കാരെ പോലെ കയറി ഇറങ്ങി നടക്കാന്‍ ഉള്ള സ്വാതന്ത്ര്യം ലഭിക്കുന്നത് കൊണ്ട് ഇടയ്ക്കിടെ ലണ്ടനില്‍ ഷോപ്പിംഗ് നടത്താന്‍ മാത്രം എത്തുമെന്ന് ബോളിവുഡ് താരറാണി ഐശ്വര്യ റായ് ഏതാനും വര്‍ഷം മുന്‍പ് പരസ്യമായി പറഞ്ഞിരുന്നു. ഇപ്പോള്‍ കോഹ്ലിയും അനുഷ്‌കയും പറയുന്നതും ഇതേ കാരണം തന്നെയാണ്. എന്നാല്‍ രാജ്യം നല്‍കിയ ആരാധനയാണ് ഇന്നത്തെ പേരും പ്രശസ്തിയും പണവും നല്‍കിയതെന്നും വന്ന വഴികള്‍ മറക്കാമോ എന്നുമൊക്കെയാണ് അരിശം പൂണ്ട സോഷ്യല്‍ മീഡിയ ഫാന്‍സുകള്‍ ചോദിക്കുന്നത്.
കൈനിറയെ പണം ഉണ്ടായതുകൊണ്ടല്ലേ അതി സമ്പന്നര്‍ക്ക് ജീവിക്കാനാകുന്ന ലണ്ടനിലേക്ക് താമസം മാറ്റാന്‍ ഉള്ള ആലോചനയെന്നും ഇവര്‍ കൊഹ്ലിയെ വളഞ്ഞിട്ടുള്ള ആക്രമത്തില്‍ ചോദിക്കുന്നുണ്ട്. അതേ സമയം ഇന്ത്യന്‍ ജീവിക്കാന്‍ കൊള്ളാതായതുകൊണ്ടാണോ മാറിപ്പോകുന്നത് എന്ന ആയിരം മുനയുള്ള ചോദ്യവും കൊഹ്ലിയെ തേടി എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വിമര്‍ശം ചെവിയില്‍ എത്തിയതോടെ അരിശം പൂണ്ട കോഹ്ലി ഇപ്പോള്‍ ആസ്‌ട്രേലിയന്‍ പര്യടനത്തിനിടയില്‍ മാധ്യമ പ്രവര്‍ത്തകരോട് മെക്കിട്ട് കേറിയതും തലക്കെട്ടുകള്‍ നിറയ്ക്കുകയാണ്.
കോഹ്ലി ഇടയ്ക്കിടെ ലണ്ടനില്‍ എത്തുന്നതും സ്വാദിഷ്ടമായ മലയാളി ഭക്ഷണം കഴിക്കാന്‍ ലീഡ്സിലെ തറവാട് റെസ്റ്റോറന്റില്‍ എത്തുന്നതുമൊക്കെ പലവട്ടം വാര്‍ത്തകളില്‍ നിറഞ്ഞിട്ടിട്ടുള്ള കാര്യങ്ങളാണ്. എന്നാല്‍ ഇത്തവണ അദ്ദേഹം സ്ഥിര താമസത്തിനു വേണ്ടിയാണ് എത്തുന്നത് എന്നതാണ് ഇന്ത്യന്‍ ആരാധകരെ ചൊടിപ്പിക്കുന്നത്. അതിനിടെ ലണ്ടനില്‍ പോഷ് പ്രോപ്പര്‍ട്ടി സ്വന്തമാക്കിയ കോഹ്ലിയും അനുഷ്‌കയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന്റെ ജനന ശേഷം പതിവായി ടൂര്‍ ലണ്ടനിലാക്കിയതുമൊക്കെ മുന്‍കൂട്ടിയുള്ള പദ്ധതിയുടെ ഭാഗമാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
കുട്ടികളായ വാമികയും ആകയും ലണ്ടന്റെ സ്വകാര്യത ഏറെ ഇഷ്ടപ്പെടുന്നതും സെലിബ്രിറ്റി ദമ്പതികള്‍ക്ക് ലണ്ടന്‍ ഉചിതമായ തീരുമാനം ആണോ എന്ന കാര്യത്തില്‍ രണ്ടഭിപ്രായം സൃഷ്ടിച്ചില്ല എന്ന് വ്യക്തം. കോഹ്ലി ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ലണ്ടനിലേക്ക് മാറാം എന്ന തീരുമാനം ഇപ്പോള്‍ മാറുന്നത് കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം സംബന്ധിച്ച് ഏതു മാതാപിതാക്കള്‍ക്കും ഉണ്ടാകാവുന്ന ആശങ്ക മൂലമാണെന്നും പറയപ്പെടുന്നു. ഇന്ത്യന്‍ സെലിബ്രിറ്റികളായ ഷാരൂഖ് ഖാന്‍, ശില്‍പ ഷെട്ടി, സോനം കപൂര്‍, കജോള്‍ എന്നിവര്‍ക്കൊക്കെ ലണ്ടനില്‍ വിലകൂടിയ വീടുകള്‍ ഉണ്ടെങ്കിലും അവരൊക്കെ അവധിക്കാല താമസത്തിനു വേണ്ടിയാണ് അവ ഉപയോഗിക്കുന്നത്. വിവാഹ ശേഷം മലയാളി നടന്‍ മനോജ് കെ ജയനും ലണ്ടനില്‍ ഭാര്യയുടെ വീട്ടില്‍ ഇടയ്ക്കിടെ എത്താറുണ്ട്.
കോടികളുടെ ഇന്ത്യന്‍ സ്വത്തുക്കളും പോഷ് കാറുകളും ജെറ്റ് വിമാനവും എന്ത് ചെയ്യും?
അതേസമയം കോഹ്ലി നാട് വിടാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത വന്നതോടെ അദ്ദേഹത്തിന്റെ കോടികള്‍ വിലമതിക്കുന്ന സ്വകാര്യ സ്വത്തുക്കള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ ഏറെയാണ്. 1.6 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന ആഢംബര കാറുകളും ആറു മില്യണ്‍ പൗണ്ടിന്റെ സെസ്‌ന 680 സ്വകാര്യ ആഢംബര ജെറ്റും - ഫുട്‌ബോള്‍ താരം നെയ്മറും ഇതേ വിമാനം തന്നെയാണ് ഉപയോഗിക്കുന്നത്. ഒക്കെ ലണ്ടനിലേക്ക് എത്തിക്കുമോ അതോ ഇന്ത്യയില്‍ ഉപേക്ഷിക്കുമോ എന്നൊക്കെയാണ് ആരാധകര്‍ ആശങ്കപ്പെടുന്നത്. നിയമപരമായ തടസങ്ങളും ഈ ആശങ്കയ്ക്ക് പിന്നില്‍ ഉയരുന്നുണ്ട്. ഇന്ത്യന്‍ അധികാരികള്‍ പൂര്‍ണമനസോടെ ഇത്തരം കാര്യങ്ങളില്‍ കോഹ്ലിക്ക് ഒപ്പം നില്‍ക്കുമോ എന്ന ചോദ്യവും പ്രസക്തമാണ്. ഒരു സെലിബ്രിറ്റി നാട് വിടുന്നു എന്നതിനേക്കാള്‍ രാജ്യത്തിന്റെ എക്കണ്‍ ആയി അറിയപ്പെടുന്ന ഒരാളെ നഷ്ടമാകുന്നു എന്നതാണ് ഇത്തരം ആശങ്കകള്‍ക്ക് പിന്നിലെ പ്രധാന ഘടകം.
ഏകദേശം നൂറു മില്യണ്‍ പൗണ്ടിന്റെ ആസ്തിയാണ് - ആയിരം കോടി രൂപയ്ക്ക് മുകളില്‍ - കഴിഞ്ഞ വര്‍ഷം കോഹ്ലിയുടെതായി കണക്കാക്കുന്ന സ്വത്ത്. ഇതിനു പുറമെ അനുഷ്‌കയുടെ സ്വത്തുക്കള്‍ കൂടി ചേരുമ്പോള്‍ വീണ്ടും മൂല്യം ഉയരുകയാണ്. ഇന്ത്യന്‍ പവര്‍ കപിള്‍ എന്ന അപരനാമത്തില്‍ ഇവര്‍ അറിയപ്പെടുന്നതും ഇക്കാരണത്താലാണ്. മുംബൈയിലെ ഓംകാര അപാര്‍ട്‌മെന്റ് എന്ന ആഢംബര പാര്‍പ്പിടത്തിനു കോഹ്ലി മുടക്കിയിരിക്കുന്നത് 36 മില്യണ്‍ പൗണ്ട് ആണെന്ന് ബ്രിട്ടീഷ് മാധ്യമം ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇംഗ്ലണ്ടില്‍ വിക്ടോറിയ പൊഷും ഡേവിഡ് ബേക്കവും പോലെയാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് കോഹ്ലിയും അനുഷ്‌കയുമെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നു.
കോഹ്ലിയ്ക്ക് പിന്നാലെ മലയാളികള്‍ക്ക് തമ്മിലടിക്കാന്‍ ശ്രീജേഷിന്റെ വെളിപ്പെടുത്തല്‍
ക്രിക്കറ്റ് കഴിഞ്ഞാല്‍ കൂടുതല്‍ സമയവും കോഹ്ലി കുടുംബത്തിന് ഒപ്പം കഴിയാന്‍ ആണ് ആഗ്രഹിക്കുന്നതും. എന്നാല്‍ കോഹ്ലിക്കും അനുഷ്‌കക്കും ഇന്ത്യയില്‍ പൂര്‍ണ സ്വാതന്ത്ര്യത്തോടെ സമയം ചിലവിടാന്‍ ആരാധക ബാഹുല്യം മൂലം സാധിക്കുന്നില്ല എന്നത് ഇരുവരെയും പ്രയാസപ്പെടുത്തുന്നു എന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികളുടെ ഫോട്ടോയൊക്കെ പൊതു ഇടത്തില്‍ അനുവാദം കൂടാതെ എടുക്കുന്നതും കോഹ്‌ലിയെയും അനുഷ്‌കയെയും പ്രയാസപ്പെടുത്തുന്നതായി ഇരുവരും മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇക്കാര്യം ഓസ്ട്രേലിയന്‍ ടൂറിന് ഇടയില്‍ കോഹ്ലിയും ആവര്‍ത്തിക്കുന്നു. ഇതേ പരാതി ഏറെക്കാലം ഐശ്വര്യ റായിയും ഉയര്‍ത്തിയിരുന്നു. ഒടുവില്‍ കുട്ടി വളര്‍ന്നതോടെ ഐശ്വര്യ തന്നെ മകളുടെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തി തുടങ്ങിയതും സോഷ്യല്‍ മീഡിയ വഴി തന്നെയാണ്.
അതിനിടെ കഴിഞ്ഞ ദിവസം മലയാളികളെ അമ്പരപ്പിച്ച് ഒളിമ്പ്യന്‍ ശ്രീജേഷും നാട് വിടുന്ന കാര്യം പ്രഖ്യാപിച്ചിരിക്കുകയാണ്. മനോരമയുടെ ന്യൂസ് മേക്കര്‍ ഫൈനലിസ്റ്റ് ആയ ശ്രീജേഷ് ഇത് സംബന്ധിച്ച പരിപാടിയില്‍ തന്നെയാണ് ബാംഗ്ലൂരിലേക്ക് താമസം മാറ്റുന്ന കാര്യം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ തുടര്‍ കരിയര്‍ വികസിപ്പിക്കുന്നതിന് ബാംഗ്ലൂര്‍ ഏറ്റവും മികച്ച ഇടം തന്നെയാണ് എന്ന കണ്ടെത്തലാണ് താമസം മാറാനുള്ള പ്രധാന കാരണം. എന്നാല്‍ ഇവിടെയും ശ്രീജേഷിനെ തേടി കേരളം താമസിക്കാന്‍ കൊള്ളാത്ത നാടായോ എന്ന ചോദ്യം എത്തുന്നുണ്ട്, രാഷ്ട്രീയമായ കാരണങ്ങള്‍ മൂലവും കൂടിയാണ് കോഹ്ലിയെ തേടിയും ശ്രീജേഷിനെ തേടിയും സമാന ചോദ്യങ്ങള്‍ എത്തുന്നത്. ഇതിനോട് രണ്ടു പേരും പരസ്യമായി മറുപടികള്‍ നല്‍കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ശ്രീജേഷിനെ ആദരിക്കാന്‍ കേരളം വൈകി എന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അടുത്തിടെ സര്‍ക്കാര്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് ആദരിക്കല്‍ നടത്തിയിരുന്നു. നാട് വിടാനുള്ള കാരണത്തിന് രണ്ടു പേര്‍ക്കും അവരവരുടേതായ കാരണം പറയാന്‍ ഉണ്ടെങ്കിലും ഈ കൂടു മാറ്റങ്ങള്‍ സാധാരണ ജനത്തിന്റെ മനസ്സില്‍ മെച്ചപ്പെട്ട സാഹചര്യങ്ങള്‍ പുറം നാടുകളില്‍ ആണെന്ന ചിന്ത ഉയര്‍ത്തും എന്നതില്‍ സംശയമില്ലാത്ത കാര്യമായി മാറുകയാണ്.