യുവതി കിണറ്റില്‍ വീണതറിഞ്ഞ് ഫയര്‍ഫോഴ്‌സ് യൂണിറ്റ് പാഞ്ഞെത്തുമ്പോള്‍ വഴിയില്‍ കാത്തുനിന്നത് ആ കുരുന്നുകള്‍; സോണി കിണറ്റില്‍ ഇറങ്ങി അര്‍ച്ചനയെ മുകളിലേക്ക് എത്തിക്കുമ്പോഴും അതിജീവനത്തിന്റെ പ്രതീക്ഷ; അപകടം വരുത്തിവച്ചത് മദ്യലഹരിയിലായിരുന്ന ശിവകൃഷ്ണന്റെ അശ്രദ്ധയെന്ന് ദൃക്‌സാക്ഷികള്‍; കൈവരി ഇടിയുമെന്ന് പറഞ്ഞിട്ടും മാറാന്‍ കൂട്ടാക്കിയില്ല; നെടുവത്തൂരില്‍ സംഭവിച്ചത്

Update: 2025-10-13 11:07 GMT

കൊല്ലം: കൊല്ലം നെടുവത്തൂരില്‍ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കിണറിന്റെ കൈവരിയിടിഞ്ഞുണ്ടായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ മൂന്നുപേരുടെ മരണത്തിനിടയാക്കിയത് മരിച്ച ശിവകൃഷ്ണന്റെ അശ്രദ്ധമൂലമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇന്ന് പൂലര്‍ച്ചെയാണ് നാടുനെ നടുക്കിയ അപകടം ഉണ്ടായത്. കൊട്ടാരക്കര ഫയര്‍ & റസ്‌ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങല്‍ സ്വദേശി സോണി എസ്. കുമാര്‍ (36), കിണറ്റില്‍ ചാടിയ നെടുവത്തൂര്‍ സ്വദേശിനി അര്‍ച്ചന (33), യുവതിയുടെ സുഹൃത്ത് ശിവകൃഷ്ണന്‍ (22) എന്നിവരാണ് കിണറിന്റെ കൈവരി തകര്‍ന്ന് മരിച്ചത്.

കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞ് വീണായിരുന്നു അപകടം. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അര്‍ച്ചന. പുലര്‍ച്ചെ 12.15 ഓടെയാണ് കൊട്ടാരക്കര ഫയര്‍ഫോഴ്‌സിന് അപകട വിവരം അറിയിച്ചുകൊണ്ട് ഫോണ്‍ കോള്‍ വരുന്നത്. ഫയര്‍ഫോഴ്‌സ് എത്തുമ്പോള്‍ അര്‍ച്ചനയുടെ മൂത്ത രണ്ട് മക്കള്‍ വഴിയില്‍ നില്‍ക്കുകയായിരുന്നു. അമ്മ കിണറ്റില്‍ കിടക്കുകയാണെന്ന് കുട്ടികള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് കൊട്ടാരക്കര ഫയര്‍ & റസ്‌ക്യൂ യൂണിറ്റ് അംഗമായ സോണി റോപ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് താഴെയിറങ്ങുകയായിരുന്നു. യുവതിയെ മുകളിലേക്ക് കയറ്റാന്‍ ശ്രമിക്കുമ്പോഴാണ് കൈവരി ഇടിഞ്ഞ് അപകടം ഉണ്ടായത്. അപകട സമയത്ത് കിണറ്റിന്റെ അരികില്‍ നില്‍ക്കുകയായിരുന്ന അര്‍ച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണന്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു.

കൊട്ടാരക്കര അഗ്‌നിശമനസേനാ യൂണിറ്റിലെ ജീവനക്കാരാണ് സ്ഥലത്തെത്തിയത്. എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയുമാണ് സോണി എന്ന ഉദ്യോഗസ്ഥന്‍ കിണറ്റിലിറങ്ങിയത്. കിണറ്റിലുണ്ടായിരുന്ന അര്‍ച്ചനയ്ക്ക് ജീവനുണ്ടായിരുന്നു. 12 അടിയോളം താഴ്ചയുള്ള കിണറിലിറങ്ങിയ സോണി അര്‍ച്ചനയെ മുകളിലേക്ക് കയറ്റിക്കൊണ്ടിരിക്കെയാണ് കിണറിന്റെ കൈവരിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടം സംഭവിച്ചത്. മദ്യ ലഹരിയിലായിരുന്ന ശിവകൃഷ്ണന്റെ അശ്രദ്ധയാണ് ഈ അപകടത്തിലേക്ക് നയിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ശിവകൃഷ്ണന്‍ ടോര്‍ച്ച് തെളിയിച്ച് കിണറിന്റെ കൈവരിയോട് ചേര്‍ന്ന് നിന്നിരുന്നു. കൈവരി ഇടിയാനുള്ള സാധ്യത മുന്നില്‍ കണ്ട് അവിടെനിന്ന് മാറാന്‍ ആവശ്യപ്പെട്ടെങ്കിലും മാറാന്‍ കൂട്ടാക്കിയില്ല എന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൈവരിക്കൊപ്പം ശിവകൃഷ്ണനും കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇഷ്ടികയും മറ്റും പതിച്ചത് സോണിയുടെയും അര്‍ച്ചനയുടെയും മുകളിലേക്കായിരുന്നു.

അര്‍ച്ചനയുടെ സുഹൃത്തായ ശിവകൃഷ്ണന്‍ സ്ഥിരം മദ്യപാനി ആണെന്നാണ് വിവരം. മദ്യപിച്ച് എത്താറുള്ള ശിവകൃഷ്ണന്‍ അര്‍ച്ചനയുമായി തര്‍ക്കത്തിലേര്‍പ്പെടാറുണ്ടെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇന്നലെ രാത്രിയും ഇതേ രീതിയില്‍ നടന്ന തര്‍ക്കത്തില്‍ അര്‍ച്ചനയ്ക്ക് മര്‍ദനമേല്‍ക്കുകയും കിണറ്റില്‍ ചാടുകയുമായിരുന്നു.

ശിവകൃഷ്ണന്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് അര്‍ച്ചനയുടെ മുഖത്ത് ഇന്നലെ പരുക്കേറ്റിരുന്നു. മുഖത്തെ പരുക്കിന്റെ ഫോട്ടോ അര്‍ച്ചന മൊബൈലില്‍ പകര്‍ത്തി. ഇതിനു പിന്നാലെ വഴക്ക് തീരുന്നില്ലെന്ന് കണ്ടതോടെയാണ് കിണറ്റില്‍ ചാടിയത്. ഫയര്‍ഫോഴ്സിനെ ഫോണ്‍ വിളിച്ചു വിവരം അറിയിച്ചത് ശിവകൃഷ്ണനാണ്. സോണി കിണറ്റില്‍ ഇറങ്ങുമ്പോള്‍ അര്‍ച്ചനയ്ക്ക് ജീവനുണ്ടായിരുന്നു. സോണി അര്‍ച്ചനയെ മുകളിലേക്ക് കയറ്റിക്കൊണ്ടിരിക്കെയാണ് കിണറിന്റെ കൈവരിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടം സംഭവിച്ചത്.

സുഹൃത്തുക്കളായ ശിവകൃഷ്ണനും അര്‍ച്ചനയും മൂന്ന് വര്‍ഷത്തോളമായി അപകടം നടന്ന വീട്ടില്‍ ഒരുമിച്ചാണ് താമസം. അര്‍ച്ചനയുടെ മൂന്ന് മക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സ്ഥിരമായി മദ്യപിച്ച് എത്താറുള്ള ശിവകൃഷ്ണന്‍ അര്‍ച്ചനയുമായി നിരന്തരം തര്‍ക്കത്തിലേര്‍പ്പെടാറുണ്ടെന്ന് അയല്‍ക്കാര്‍ പറയുന്നു. ഞായറാഴ്ച രാത്രിയിലും ഇത്തരത്തില്‍ തര്‍ക്കമുണ്ടായി.

ഒപ്പം താമസിച്ചിരുന്ന ശിവകൃഷ്ണന്റെ മര്‍ദ്ദനം കാരണമാണ് അര്‍ച്ചന കിണറ്റില്‍ ചാടിയതെന്നാണ് നിഗമനം. കിണറ്റില്‍ ചാടിയ അര്‍ച്ചനയെ ആണ്‍ സുഹൃത്ത് ശിവകൃഷ്ണന്‍ മര്‍ദ്ദിച്ചിരുന്നതായി അര്‍ച്ചനയുടെ മക്കള്‍ പറയുന്നു. ഉപദ്രവം കാരണമാണ് അമ്മ കിണറ്റില്‍ ചാടിയതെന്നും കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് മക്കളുടെ അമ്മയായ അര്‍ച്ചനയെ ശിവകൃഷ്ണന്‍ മര്‍ദ്ദിച്ചിരുന്നതിന്റെ തെളിവായി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. കിണറ്റില്‍ ചാടിയഅര്‍ച്ചനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍ഫോഴ്‌സ് അംഗം ഉള്‍പ്പടെ മൂന്ന് പേരാണ് മരിച്ചത്.

ശിവകൃഷ്ണനും അര്‍ച്ചനയും കുറച്ച് നാളായി ഒരുമിച്ചായിരുന്നു താമസമെന്ന് നാട്ടുകാര്‍ പറയുന്നു. ഇവര്‍ തമ്മിലുള്ള തര്‍ക്കമാണ് യുവതി കിണറ്റിലേക്ക് ചാടാന്‍ കാരണം എന്നാണ് നിഗമനം. അപകട സമയത്ത് മദ്യലഹരിയിലായിരുന്നു ശിവകൃഷ്ണന്‍. ശിവകൃഷ്ണന്‍ കൈവരിയില്‍ ചാരിയപ്പോള്‍ കൈവരി പെട്ടന്ന് ഇടിഞ്ഞ് വീഴുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന ഫയര്‍ഫോഴ്‌സ് ഓഫീസര്‍ പ്രതികരിച്ചു. കൈവരിയുടെ ബലക്കുറവാണ് അപകടത്തിന് കാരണമെന്നും ഫയര്‍ഫോഴ്‌സ് അറിയിച്ചു. 80 അടി താഴ്ചയുള്ള കിണറായിരുന്നു.

Similar News