അപകടമുണ്ടായി മിനിറ്റുകള്‍ക്കകം പാഞ്ഞെത്തിയത് രണ്ട് മന്ത്രിമാര്‍; തകര്‍ന്നു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയില്‍ ആരെങ്കിലുമുണ്ടോ എന്ന് പരിശോധിക്കാതെ പറഞ്ഞത് ഉപയോഗിക്കാത്ത കെട്ടിടമെന്ന്; തിരച്ചില്‍ തുടങ്ങിയത് അപകടമുണ്ടായി രണ്ട് മണിക്കൂറിന് ശേഷം; കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്നത് ഗുരുതര അനാസ്ഥ; ബിന്ദുവിന്റെ മരണം രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്ച്ചയാലോ?

അപകടമുണ്ടായി മിനിറ്റുകള്‍ക്കകം പാഞ്ഞെത്തിയത് രണ്ട് മന്ത്രിമാര്‍

Update: 2025-07-03 08:20 GMT

കോട്ടയം: കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീ മരിച്ചു. കെട്ടിടത്തില്‍ സ്ത്രീ കുടുങ്ങി കിടന്നത് രണ്ടര മണിക്കൂറിന് ശേഷമാണ്. അപകടം നടന്ന് രണ്ട് മന്ത്രിമാര്‍ അതിവേഗത്തില്‍ സ്ഥലത്തേക്ക് പാഞ്ഞെത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനം വൈകുകയായിരുന്നു. മന്ത്രിമാര്‍ പാഞ്ഞെത്തി പറഞ്ഞത് ഉപയോഗിക്കാത്ത കെട്ടിടമാണ് എന്നായിരുന്നു. സര്ക്കാറിനും തങ്ങള്‍ക്കും പരിക്കേല്‍ക്കാതിരിക്കാനുള്ള മാര്‍ഗ്ഗമാണ് മന്ത്രി വീണയും വാസവനും നടത്തിയത്. എന്നാല്‍ മന്ത്രിമാര്‍ സ്ഥലത്തെത്തിയിട്ടും രണ്ടര മണിക്കൂര്‍ കഴിഞ്ഞാണ് തകര്‍ന്ന കെട്ടിടത്തില്‍ ആരെങ്കിലും കുടുങ്ങിയോ എന്ന് തിരച്ചില്‍ നടത്തിയതും. ഇത് വലിയ വീഴ്ച്ചയാണ്. ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത ഉണ്ടായില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന സ്ത്രീയെയാണ് രണ്ടുമണിക്കൂറിന് ശേഷം പുറത്തെടുത്തത്. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു(52)വാണ് തകര്‍ന്നുവീണ കെട്ടിടത്തിലുണ്ടായിരുന്നത്. പുറത്തെടുത്ത ബിന്ദുവിനെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു.

ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്നാണ് ഒരുമണിയോടെ ഇവരെ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 14-ാം വാര്‍ഡ് കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ ശൗചാലത്തിന്റെ ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തില്‍ ഒരുകുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പോലീസിന്റെയും അധികൃതരുടെയും പ്രാഥമിക നിഗമനം. എന്നാല്‍, അമ്മയെ കാണാനില്ലെന്ന് ഒരു കുട്ടി പരാതിപ്പെട്ടതോടെയാണ് വിശദമായ പരിശോധന ആരംഭിച്ചത്.

ഇടിഞ്ഞുവീണത് ആരും ഉപയോഗിക്കാത്ത കെട്ടിടമാണെന്നായിരുന്നു സ്ഥലത്തെത്തിയ മന്ത്രി വി.എന്‍. വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇത് ഉപയോഗശൂന്യമായ കെട്ടിടമാണെന്നും വാര്‍ഡ് തൊട്ടപ്പുറത്താണെന്നും സാധനങ്ങളൊക്കെ സൂക്ഷിക്കുന്ന കെട്ടിടമാണ് തകര്‍ന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. പുതിയ കെട്ടിടം പണിതുകഴിഞ്ഞെന്നും രോഗികളുടെ കൂട്ടിരിപ്പുകാര്‍ പഴയ കെട്ടിടത്തിന്റെ ഭാഗത്ത് എത്തിയതുകൊണ്ടാണ് മൂന്നുപേര്‍ക്ക് പരിക്കേറ്റതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

എന്നാല്‍, തകര്‍ന്നുവീണ കെട്ടിടത്തിലെ ശൗചാലയം ഉപയോഗിക്കാറുണ്ടെന്നും ഇതിനായി ആളുകള്‍ ഇവിടെവരാറുണ്ടെന്നുമാണ് ആശുപത്രിയിലെ കൂട്ടിരിപ്പുകാര്‍ പറയുന്നത്. അതേസമയം കെട്ടിടം തകര്‍ന്നുവീണ ഗവ. മെഡിക്കല്‍ കോളജില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എ പ്രതിഷേധിച്ചത്. ആളൊഴിഞ്ഞ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ പരത്താന്‍ ശ്രമിച്ചു. രക്ഷാപ്രവര്‍ത്തനം വൈകിയതിന് കാരണം ഇതാണ്. അപകടം ഉണ്ടായപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ വേണ്ടരീതിയില്‍ കൈകാര്യം ചെയ്തില്ല. ആരും പ്രശ്‌നമുണ്ടാക്കാന്‍ വന്നതല്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

രാവിലെ പതിനൊന്നുമണിയോടെയാണു പതിനാലാം വാര്‍ഡിന്റെ ഒരു ഭാഗം തകര്‍ന്നത്. 14-ാം വാര്‍ഡിന്റെ അടച്ചിട്ട ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിത്. മന്ത്രി വീണാ ജോര്‍ജും വി.എന്‍. വാസവനും മെഡിക്കല്‍ കോളജിലുണ്ട്. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്‌നിരക്ഷാ സേനയും പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

അപകടത്തില്‍ വയനാട് മീനങ്ങാടി സ്വദേശി അലീന വിന്‍സന്റിന് (11) ആണ് പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന മുത്തശി ത്രേസ്യാമ്മയുടെ കൂടെ ബൈ സ്റ്റാന്‍ഡറായി നില്‍ക്കുകയായിരുന്നു അലീന. പരുക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരന്‍ അമല്‍ പ്രദീപിനു ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു. 10,11,14 വാര്‍ഡുകളിലും പരിസരങ്ങളിലുമുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഉടന്‍ ഒഴിപ്പിച്ചു.

പത്താം വാര്‍ഡിനോടു ചേര്‍ന്നുള്ള മൂന്നുനില കെട്ടിടത്തിന്റെ ശുചിമുറിയാണ് ഇടിഞ്ഞുവീണതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാര്‍ അറിയിച്ചു. താഴത്തെ രണ്ടു ശുചിമുറികളും പൂര്‍ണമായി ഉപയോഗിച്ചിരുന്നില്ല. 11, 14, 10 വാര്‍ഡുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കിഫ്ബിയില്‍നിന്ന് പണം അനുവദിച്ചു പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നുവെന്നും മന്ത്രി വീണ അറിയിച്ചു.

Tags:    

Similar News