16 പൈസ മാത്രം വര്‍ധിപ്പിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കാന്‍ സര്‍ക്കാരിന്റെ കാഞ്ഞ ബുദ്ധി; മാസങ്ങള്‍ക്കുള്ളില്‍ വര്‍ധന 28 പൈസയായി മാറും; പിണറായി അധികാരമേറ്റശേഷം നടത്തുന്ന അഞ്ചാമത്തെ നിരക്ക് വര്‍ധന: പുതിയ നിരക്ക് വര്‍ധനയുടെ പൂര്‍ണ വിവരങ്ങള്‍

16 പൈസ മാത്രം വര്‍ധിപ്പിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കാന്‍ സര്‍ക്കാരിന്റെ കാഞ്ഞ ബുദ്ധി

Update: 2024-12-07 05:25 GMT

തിരുവനന്തപുരം: നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ വൈദ്യുതി നിരക്ക് കൂട്ടുന്നത് പതിവായിരിക്കയാണ്. വേനല്‍കാലത്ത് പ്രത്യേക നിരക്ക് ഈടാക്കാനുള്ള വൈദ്യുതി ബോര്‍ഡിന്റെ ശ്രമങ്ങള്‍ക്ക് റെഗുലേറ്ററി കമ്മീഷന്‍ കാര്യമായി വഴങ്ങിയില്ല. ഇതോടെയാണ് 16 പൈസയിലേക്കുള്ള നിരക്കു വര്‍ധന നിലവില്‍ വന്നത്. ഇന്നലെ മുതല്‍ നിരക്കുവര്‍ധന പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വര്‍ധിക്കും എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇത് ഏപ്രില്‍ മാസത്തോടെയാകും നിലവില്‍ വരിക. ഇതോടെ ഇപ്പോള്‍ നിരക്ക് വര്‍ധന 16 പൈസയേ ഉള്ളൂ എന്ന പ്രതീതീ സൃഷ്ടിക്കുകയാണ്. മാസങ്ങള്‍ക്കുള്ളില്‍ ത്‌നനെ ഈ വര്‍ധന 28 പൈസയായി മാറും. ഒറ്റയടിക്കുളള വലിയ വര്‍ധനയ മറയ്ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.

2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം നടത്തുന്ന അഞ്ചാമത്ത് നിരക്കുവര്‍ധനവാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. 2017, 2019, 2022, 2023 എന്നീ വര്‍ഷങ്ങളിലും താരിഫ് പരിഷ്‌കരണം നടത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും നിരക്ക് വര്‍ധിപ്പിച്ച കെഎസ്ഇബി വരും കാലങ്ങളിലും

വലിയ നിരക്കുവര്‍ധനക്കാണ് പ്ലാന്‍ ചെയ്യുന്നത്.

നിരക്കുവര്‍ധന കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടതിന്റെ പകുതിയില്‍ താഴെ

കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടതിന്റെ പകുതിയില്‍ത്താഴെയാണ് റഗുലേറ്ററി കമ്മിഷന്‍ കൂട്ടാന്‍ ഉത്തരവിട്ടത്. രണ്ടുവര്‍ഷത്തിനിടെ മൂന്നാംതവണയാണ് നിരക്കു കൂട്ടുന്നത്. ജനുവരിമുതല്‍ മേയ്വരെ അഞ്ചുമാസത്തേക്ക് വേനല്‍ക്കാല നിരക്കായി 10 പൈസ കെ.എസ്.ഇ.ബി. അധികം ആവശ്യപ്പെട്ടെങ്കിലും അതിന് റെഗുലേറ്ററി കമ്മീഷന്‍ സമ്മതം മൂളിയല്ല.

2026-27 വര്‍ഷത്തേക്ക് സമ്മര്‍ താരിഫ് ഉള്‍പ്പെടെ യൂണിറ്റിന് ശരാശരി 9 പൈസയുടെ വര്‍ധന ശുപാര്‍ശ ചെയ്തെങ്കിലും കമ്മിഷന്‍ പരിഗണിച്ചില്ല. കണക്ടഡ് ലോഡിനെ അടിസ്ഥാനമാക്കി ഗാര്‍ഹിത ഉപയോക്താക്കള്‍ക്ക് ഫിക്സഡ് ചാര്‍ജ് ഏര്‍പ്പെടുത്തണമെന്ന കെഎസ്ഇബി നിര്‍ദേശവും കമ്മിഷന്‍ തള്ളി. 1000 വാട്ട് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ളവരുമായ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് താരിഫ് വര്‍ധന ഇല്ല. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയവരുടെ താരിഫ് വര്‍ധിപ്പിച്ചിട്ടില്ല.

അതേസമയം ചെറുകിട വ്യവസായങ്ങള്‍ക്ക് അഞ്ചുപൈസ വീതം രണ്ടുവര്‍ഷവും കൂടും. വന്‍കിട വ്യവസായങ്ങള്‍ക്ക് ഈ വര്‍ഷം 10 പൈസയും അടുത്തവര്‍ഷം അഞ്ചുപൈസയും കൂടും. വീടുകളില്‍ വിവിധ സ്ലാബുകളിലെ വര്‍ധന 15 പൈസ മുതല്‍ 25 പൈസവരെയാണ്. വീടുകളില്‍ വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും നല്‍കേണ്ട ഫിക്സഡ് ചാര്‍ജ് രണ്ടുവര്‍ഷത്തേക്കും അഞ്ചുമുതല്‍ 30 രൂപവരെ കൂട്ടി. ഇത് ചെറുകിട വാണിജ്യ സ്ഥാപനങ്ങള്‍ക്ക് കൂടില്ല. പെട്ടിക്കടകള്‍ക്ക് അഞ്ചുപൈസ കൂടും.

ഈവര്‍ഷത്തെ നിരക്കുകള്‍ 2025 മാര്‍ച്ച് 31 വരെയാണ് ബാധകം. അടുത്തവര്‍ഷത്തെ നിരക്കുകള്‍ 2027 മാര്‍ച്ച് 31 വരെ തുടരും. ഇതോടൊപ്പം കാലാകാലമുള്ള സര്‍ച്ചാര്‍ജും നല്‍കേണ്ടിവരും. ഡിസംബറില്‍ ഇത് യൂണിറ്റിന് 15 പൈസയാണ്. മീറ്റര്‍ വാടക കൂട്ടില്ല. ഒരു മാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ബി.പി.എല്‍. വിഭാഗങ്ങളിലെ വീടുകളില്‍ നിരക്ക് കൂടില്ല. കാര്യക്ഷമത കൂട്ടിയും ചെലവുചുരുക്കിയും കുറഞ്ഞനിരക്കില്‍ വൈദ്യുതി വാങ്ങിയും നഷ്ടം പരമാവധി കുറയ്ക്കാന്‍ ബോര്‍ഡിനോട് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

യൂണിറ്റിന് ഈ വര്‍ഷം 34 പൈസയും 2025-26ല്‍ 24 പൈസയും 2026-27ല്‍ 5.90 പൈസയും വീതം നിരക്കു വര്‍ധിപ്പിക്കാനാണു കെഎസ്ഇബി ശുപാര്‍ശ നല്‍കിയിരുന്നത്. വൈദ്യുതി ഉപയോഗം കൂടുന്ന ജനുവരി മുതല്‍ മേയ് വരെ വേനല്‍ക്കാല താരിഫ് ആയി യൂണിറ്റിന് 10 പൈസ വീതം അധികം ഈടാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നിരക്കു വര്‍ധന സംബന്ധിച്ച് അന്തിമ വിജ്ഞാപനം തയാറാക്കിയ ശേഷം റഗുലേറ്ററി കമ്മിഷന്‍ കെഎസ്ഇബി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.

വൈദ്യുതി നിരക്ക് ഉയരുക 14 മുതല്‍ 300 രൂപവരെ

വീടുകളിലെ വൈദ്യുതിബില്ലില്‍ രണ്ടുമാസത്തിലൊരിക്കല്‍ ഏകദേശം 14 രൂപ മുതല്‍ 300 വരെ വര്‍ധനയുണ്ടാവും. എന്നാല്‍, കാലാകാലം അനുവദിക്കുന്ന സര്‍ച്ചാര്‍ജും 10 ശതമാനം വൈദ്യുതി ഡ്യൂട്ടിയും കണക്കാക്കുമ്പോള്‍ ഇതിലുംകൂടും.

രണ്ടുമാസ ഉപയോഗം (യൂണിറ്റ്) നിലവില്‍ (രൂപ) പുതിയത് (രൂപ)

100 406 420

200 860 896

300 1410 1456

400 2176 2240

500 3016 3106

600 4250 4380

700 5496 5650

800 6500 7480

1000 8370 8580

1500 10,200 10480

അതേസമയം സോളാര്‍ വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നവരുടെ നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. ഉത്പാദകര്‍ രാത്രിയില്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് കൂടിയ നിരക്ക് കണക്കാക്കണമെന്ന ആവശ്യവും തള്ളി. വൈദ്യുതി വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷനുകളുടെ ഡിമാന്‍ഡ് ചാര്‍ജ് ഒഴിവാക്കി. ചാര്‍ജിങ് നിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ചാണിത്.

അണക്കെട്ടിലെ ജലനിരപ്പ് കുറവും വൈദ്യുതി കരാര്‍ റദ്ദാക്കിയതും കാരണങ്ങള്‍

അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞതും വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതുമാണ് കെഎസ്ഇബിയുടെ അധികബാധ്യതയ്ക്ക് കാരണമായി പറയുന്നത്. വേനല്‍മഴ കാര്യമായി ലഭിക്കാത്തതിനാല്‍ ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞുത് ജലവൈദ്യുതോല്‍പ്പാദനം കുറച്ചു. അതേസമയം സംസ്ഥാനത്തെ വൈദ്യുതിവിതരണ ശൃംഖല തന്നെ തകരാറിലാക്കുന്നവിധത്തില്‍ തരത്തില്‍ വൈദ്യുതി ഉപഭോഗം കൂടിയതിനെത്തുടര്‍ന്ന് വ്യവസായ-വാണിജ്യ ഉപയോക്താക്കാള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നിരുന്നു.

ദീര്‍ഘകാല കരാറിലൂടെ മൂന്ന് കമ്പനികളില്‍ നിന്ന് യൂണിറ്റിന് നാലുരൂപ 26 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി എഴുവര്‍ഷമായി വാങ്ങിക്കൊണ്ടിരുന്നത് റദ്ദാക്കിയതാണ് മറ്റൊരു കാരണം. ഈ മേയില്‍ കരാര്‍ റദ്ദാക്കിയതോടെ ബോര്‍ഡിന്റെ പ്രതിദിന അധികബാധ്യത ശരാശി മൂന്നുകോടിരൂപയായി. കരാര്‍ റദ്ദാക്കിയത് കാരണം ആറരരൂപ മുതല്‍ എട്ടുരൂപ വരെ നല്‍കി കെഎസ്ഇബി വൈദ്യുതി വാങ്ങി.

അതേസമയം വൈദ്യുതി ഉപയോഗത്തിലെ വര്‍ധനയും നിലവിലെ റെക്കോര്‍ഡ് ഈ വര്‍ഷം മേയ് മൂന്നിനാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 115.94 ദശലക്ഷം യൂണിറ്റ് അന്ന് കേരളം ഉപയോഗിച്ചപ്പോള്‍ അതില്‍ 93.13 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറത്തുനിന്ന് വാങ്ങുകയായിരുന്നു. മേയില്‍ ആദ്യദിനങ്ങളില്‍ 90 ദശലക്ഷം യൂണിറ്റിന് മേല്‍ വൈദ്യുതി വാങ്ങേണ്ടിവന്നു. ഇതിന്റെയെല്ലാം ഭാരമാണ് വൈദ്യുതി നിരക്ക് വര്‍ധനയായി ജനങ്ങള്‍ വഹിക്കേണ്ടിവരുന്നത്.

റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവില്‍ പറയുന്നത്.

റെഗുലേറ്ററി കമ്മിഷന്‍ വലിയ കൊള്ളക്ക് കൂട്ടുനിന്നില്ലെന്ന് പറയേണ്ടി വരും. വാണിജ്യ ഉപഭോക്താക്കള്‍ക്ക് എനര്‍ജി ചാര്‍ജില്‍ വര്‍ധനവില്ലെന്നതാണ് ഇതില്‍ പ്രധാന കാര്യം. കൂടാതെ മീറ്റര്‍ വാടക വര്‍ധനയില്ല. ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ഫാം സ്റ്റേകളില്‍ (കൃഷി, ഡയറി ഫാം, മൃഗസംരക്ഷണം മേഖലകളില്‍) ഹോം സ്റ്റേ രീതിയില്‍ ഗാര്‍ഹിക നിരക്ക് ബാധകമാക്കി.

അതേസമയം പ്രൈവറ്റ് ഹോസ്റ്റലുകളുടെ താരിഫില്‍ ശരാശരി 30 ശതമാനം വരെയാണ് ഇളവുള്ളത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളില്‍ കാന്‍സര്‍ രോഗികളോ, ഭിന്നശേഷിക്കാരോ വീട്ടിലുള്ളവര്‍ക്ക് പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നതിന് താരിഫ് വര്‍ധന ഇല്ല. ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള കണക്ടഡ് ലോഡിന്റെ പരിധി 1000 കിലോവാട്ടില്‍ നിന്ന് 2000 കിലോവാട്ടായി ഉയര്‍ത്തിയിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ നിരക്ക് അതേപടി നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. കൃഷി ആവശ്യത്തിനുള്ള വൈദ്യുതിയുടെ നിരക്കില്‍ യൂണിറ്റിന് 5 പൈസയുടെ വര്‍ധനയാണുള്ളത്. വ്യാവസായ മേഖലയുടെ താല്‍പര്യം കണക്കിലെടുത്ത് ശരാശരി 1 മുതല്‍ 2 ശതമാനം നിരക്ക് വര്‍ധന മാത്രമേ അംഗീകരിച്ചുള്ളൂ.

10 കിലോ വാട്ട് ലോഡുള്ള ചെറുകിട വ്യവസായങ്ങള്‍ക്ക് ഫിക്സഡ് ചാര്‍ജില്‍ വര്‍ധനവില്ല. എനര്‍ജി ചാര്‍ജില്‍ യൂണിറ്റിന് 5 പൈസയുടെ വര്‍ധനവ് മാത്രമേ ശുപാര്‍ശ ചെയ്തിട്ടുള്ളൂ. ഏകദേശം ഒരു ലക്ഷത്തോളം വ്യവസായങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. പകല്‍ സമയത്ത് 10 ശതമാനം ഇളവ് പരിഗണിക്കുമ്പോള്‍ വ്യവസായങ്ങള്‍ക്ക് ബില്ലില്‍ കുറവ് ലഭിക്കും.

സോളര്‍ ലഭ്യത കണക്കിലെടുത്ത് പ്രതിമാസം 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളുടെ പകല്‍ സമയത്തെ വൈദ്യുതി നിരക്കില്‍ 10 ശതമാനം കുറവു വരുത്തി. ഏകദേശം അഞ്ച് ലക്ഷത്തോളം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേരളത്തിലെ സര്‍വകലാശാലകള്‍ നേരിട്ട് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വൈദ്യുതി നിരക്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിരക്കിലേക്ക് മാറ്റിയിട്ടുണ്ട്.

Tags:    

Similar News