ജീവിതത്തിൽ ഇതുവരെ മദ്യം...തൊട്ടിട്ടില്ലെന്ന് പറഞ്ഞിട്ടും അവർ കേട്ടില്ല; ഡ്യൂട്ടിയ്ക്ക് കയറ്റാതെ ആട്ടിപ്പായിച്ചു; വീണ്ടും ഊതാന്‍ അവസരം നൽകാതെ സ്റ്റേഷന്‍ മാസ്റ്ററിന്റെ വാശിയും; ഒടുവിൽ പാലോട് റൂട്ടിലെ ഡ്രൈവർ ജയപ്രകാശിന് നീതി; തെറ്റുപറ്റിയത് മെഷീന് തന്നെ; മദ്യപിച്ചിട്ടില്ലെന്ന് മെഡിക്കൽ ഓഫീസറുടെ കണ്ടെത്തൽ; കെഎസ്ആർടിസിയിലെ 'ബ്രെത്തലൈസർ' വിവാദം ഒടുങ്ങുമ്പോൾ!
തിരുവനന്തപുരം: പാലോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബ്രെത്തലൈസറുമായി ബന്ധപ്പെട്ട വിവാദത്തില്‍ വഴിത്തിരിവ്. ഒടുവിൽ ഡ്രൈവര്‍ ജയപ്രകാശ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരിക്കുകയാണ്. കെഎസ്ആര്‍ടിസി മെഡിക്കല്‍ ഓഫീസർ നടത്തിയ പരിശോധനയിലാണ് ഡ്രൈവർ ജയപ്രകാശ് മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. 'ബ്രെത്തലൈസര്‍'(മദ്യം ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന മെഷീൻ) ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയത്. അങ്ങനെ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു ജോലിക്കായി എത്തിയ ജയപ്രകാശിനെ (52) ഡ്യൂട്ടിയില്‍ നിന്നും അധികൃതർ മാറ്റിനിര്‍ത്തിയത്.താൻ മദ്യം ഉപയോഗിച്ചിട്ടില്ല എന്ന് കേണപേക്ഷിച്ചിട്ട് പോലും അധികൃതർ മൈൻഡ് ചെയ്തില്ലെന്നും ജയപ്രകാശ് പറയുന്നു.
താന്‍ ജീവിതത്തില്‍ ഇതുവരെയും മദ്യം തൊട്ടിട്ടില്ല എന്നായിരുന്നു ജയപ്രകാശ് ഉയർത്തിയ വാദം. പാലോട്-പേരയം റൂട്ടിലെ ഡ്രൈവറാണ് പച്ചമല സ്വദേശിയായ ജയപ്രകാശ്. രാവിലെ ഡ്രൈവിംഗ് ഡ്യൂട്ടിക്കായി വന്നപ്പോഴാണ് 'ബ്രെത്തലൈസര്‍' ഉപയോഗിച്ച് ജയപ്രകാശിനെ ഊതിപ്പിച്ചത്. മെഷീനില്‍ സിഗ്നല്‍ 16 കാണിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ഡ്യൂട്ടിയില്‍ നിന്നും മാറ്റിനിര്‍ത്തി. പിന്നാലെ, താന്‍ ജീവിതത്തില്‍ ഇതുവരെയും മദ്യപിച്ചിട്ടില്ലെന്നും കുറച്ചു ദിവസങ്ങളായി ഈ മെഷീന്‍ തകരാറിലാണെന്നും ജയപ്രകാശ് അധികൃതരെ അപ്പോൾ തന്നെ അറിയിച്ചു.
പക്ഷെ വീണ്ടും ഊതാന്‍ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്റ്റേഷന്‍ മാസ്റ്റര്‍ അനുവദിക്കാഞ്ഞതോടെ ജയപ്രകാശ് കുടുംബവുമായി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിൽ എത്തി ഉപവാസവും തുടങ്ങി. മെഷീന്‍ തകരാറിൽ ആണെന്നും തനിക്ക് മെഡിക്കല്‍ ടെസ്റ്റ് നടത്താനുള്ള അനുമതി നല്‍കണമെന്നുമായിരുന്നു ജയപ്രകാശിന്റെ വാദം. സംഭവത്തില്‍ പാലോട് പോലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. പിന്നാലെയാണ് കെഎസ്ആര്‍ടിസി മെഡിക്കല്‍ ഓഫീസര്‍ ജയപ്രകാശിനെ പരിശോധിച്ചത്.
പരിശോധനയില്‍ ജയപ്രകാശ് മദ്യപിച്ചിട്ടില്ല എന്ന് കണ്ടെത്തുകയായിരുന്നു. ഇദ്ദേഹം കഴിക്കുന്ന മരുന്നുകളുടെയടക്കം വിവരങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയിരുന്നു. ഈ മരുന്നുകളുടെ കൂടി പരിശോധനാ ഫലങ്ങള്‍ പരിഗണനയില്‍ എടുത്തുകൊണ്ടാണ് ജയപ്രകാശ് മദ്യപിച്ചിട്ടില്ല എന്ന നിഗമനത്തില്‍ കെഎസ്ആര്‍ടിസി എത്തിയത്. നാളെ മുതല്‍ ജയപ്രകാശിന് ജോലിയില്‍ പ്രവേശിക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ആഴ്ചകള്‍ക്കു മുമ്പ് ഇതുപോലൊരു സംഭവം കോഴിക്കോട് കെഎസ്ആര്‍ടിസി ഡിപ്പോയിലും നടന്നു. മദ്യപിക്കാത്ത ഡ്രൈവര്‍ ഷിബീഷിനെയായിരുന്നു മദ്യപിച്ചതായി ബ്രെത്തലൈസര്‍ പരിശോധനയില്‍ കണ്ടെത്തിയത്. എന്നാല്‍, ഹോമിയോ മരുന്ന് കഴിച്ചതാണെന്ന് അറിയിച്ചതോടെ ഷിബീഷിനെ തിരുവനന്തപുരത്തേയ്ക്ക് വിളിപ്പിച്ച് വിശദമായ പരിശോധന നടത്തി. മെഡിക്കല്‍ ബോര്‍ഡിനും ഇഡി വിജിലന്‍സിനും മുന്നില്‍ ഹാജരായ ഷിബീഷിനെ ഹോമിയോ മരുന്ന് കഴിക്കാതെ ആദ്യം പരിശോധിച്ചു.
മദ്യപിച്ചിട്ടില്ലെന്ന് റിസള്‍ട്ട് വന്നു. പിന്നീട് ഹോമിയോ മരുന്ന് കഴിച്ച അഞ്ച് മിനിട്ടിന് ശേഷം പരിശോധിച്ചപ്പോള്‍ ബ്രെത്തലൈസറില്‍ അഞ്ച് ശതമാനം ആല്‍ക്കഹോള്‍ അംശം ഉള്ളതായി റിസള്‍ട്ട് നല്‍കി. ഇതോടെ മദ്യപിച്ചിട്ടില്ലെന്ന ഷിബീഷിന്റെ വാദം ശരിയാണെന്ന വിലയിരുത്തലില്‍ കെഎസ്ആര്‍ടിസി എത്തുകയായിരുന്നു. ഇതോടെ ഷിബീഷിനെതിരെ നടപടി വേണ്ടെന്നും കെഎസ്ആര്‍ടിസി തീരുമാനം എടുത്തിരുന്നു.ഇതോടെ കേടായ 'ബ്രെത്തലൈസർ' ഉപയോഗിക്കുന്നതിനെതിരെ ഡ്രൈവർ രംഗത്ത് വന്നിരിക്കുകയാണ്. മെഷീൻ തകരാർ ഉടനടി പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം.