ബസ് യാത്രക്കിടയില്‍ രണ്ടുപേര്‍ ഏറെ നേരം മിണ്ടുന്നത് കണ്ട യാത്രക്കാര്‍ക്ക് ആവലാതി; ചിരിച്ചും ഫോണ്‍ കൈമാറിയും നേരംപോക്ക്; വളയം നിയന്ത്രിക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ മാറുന്ന രീതിയില്‍ സംസാരിച്ചു; അവിഹിത ബന്ധം ആരോപിച്ച് വനിതാ കണ്ടക്ടര്‍ക്ക് സസ്പെന്‍ഷന്‍; കെഎസ്ആര്‍സിയിൽ അസാധാരണ സസ്‌പെന്‍ഷന്‍ നടപടി
തിരുവനന്തപുരം: ബദലി ഡ്രൈവറുടെ ഭാര്യ ഗതാഗത മന്ത്രിക്ക് നൽകിയ പരാതിയിൽ കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. ബസ് യാത്രക്കിടയിൽ ഏറെ നേരം സംസാരിച്ചു എന്ന് ആരോപിച്ചാണ് കടുത്ത നടപടി ഉണ്ടായിരിക്കുന്നത്. ഇവർ തമ്മിൽ 'അവിഹിതം' ഉണ്ടെന്നും ആരോപണം ഉണ്ട്. കെഎസ്ആർടിസിയിലെ വിജിലൻസ് അന്വേഷണത്തെ തുടർന്നാണ് നടപടി ഉണ്ടായിരിക്കുന്നത്. സർവീസിനിടയിൽ യാത്രക്കാരെ ഒട്ടും ശ്രദ്ധിക്കാതെ ഡ്രൈവറും വനിതാ കണ്ടക്ടറും ഏറെ നേരം സംസാരിച്ചു എന്നാണ് ഉത്തരവിൽ പറയുന്നത്.
കെഎസ്ആര്‍ടിസിയില്‍ ബദൽ ഡ്രൈവറായ തന്റെ ഭര്‍ത്താവിന് ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി 'അവിഹിതം' ഉണ്ടെന്ന് ആരോപിച്ചാണ് ഭാര്യ കെ ബി ഗണേഷ് കുമാറിന് പരാതി നല്‍കിയത്. തുടര്‍ന്ന് ചീഫ് ഓഫീസ് വിജിലന്‍സിന്റെ ഇന്‍സ്‌പെക്ടര്‍ അന്വേഷണം നടത്തിയാണ് വനിതാ കണ്ടക്ടർക്കെതിരെ നടപടി എടുത്തിരിക്കുന്നത്. മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍, ഭര്‍ത്താവിന്റെ ഫോണില്‍ നിന്നും ഫോട്ടായായി എടുത്ത വാട്‌സ്ആപ്പ് ചാറ്റ് എന്നിവ ഉൾപ്പെടുത്തി. തെളിവ് സഹിതമാണ് യുവതി പരാതി നല്‍കിയത്.
തുടർന്ന് നടന്ന അന്വേഷണത്തില്‍ കണ്ടക്ടര്‍ ഏറെ നേരം ഡ്രൈവറുമായി സംസാരിക്കുന്നതും ഡ്രൈവറുടെ മൊബൈല്‍ വാങ്ങുകയും ബസിലുള്ള യാത്രക്കാരെ ഒട്ടുമേ ശ്രദ്ധിക്കാതെ അവര്‍ക്ക് ഇറങ്ങേണ്ട സ്ഥലത്ത് യാത്രക്കാര്‍ തന്നെ സ്വയം ബെല്ലടിച്ച് ഇറങ്ങുന്നതായും എന്ന് നടപടി ഉത്തരവില്‍ പറയുന്നു.
അതേസമയം, കണ്ടക്ടറും ഡ്രൈവറും തമ്മില്‍ 'അവിഹിതം' ഇല്ലായെന്ന് പറയുന്നുണ്ടെങ്കിലും രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായെന്നും ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിൽ കണ്ടക്ടര്‍ സംസാരിച്ചത് കനത്ത വീഴ്ചയാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. വനിതാ കണ്ടക്ടറുടെ ഭാഗത്ത് നിന്നും ഗുരുതരമായ അച്ചടക്കലംഘനവും പെരുമാറ്റദൂഷ്യവും നിലവിലെ ചട്ടങ്ങളുടെ ലംഘനവുമാണ് നടന്നതെന്നും പരാതിയിൽ പറയുന്നു.