പ്രവര്‍ത്തകരുടെ സംരക്ഷണം കടമയാണ്; നോവിക്കുന്നവരോട് അതേ രീതിയില്‍ മറുപടി നല്‍കിയാണ് ശീലം; ഒതുക്കി ശാന്തി മന്ത്രം ചൊല്ലിയിരിക്കാന്‍ തയ്യാറല്ലെന്ന് ഗോകുല്‍ ഗുരുവായൂര്‍; സംഘര്‍ഷത്തില്‍ അറസ്റ്റിലായ നേതാക്കള്‍ക്ക് നിയമപരമായും രാഷ്ട്രീയ പരമായും സംരക്ഷണം ഒരുക്കുമെന്ന് കെ.എസ്.യു അധ്യക്ഷനും

പ്രവര്‍ത്തകരുടെ സംരക്ഷണം കടമയാണ്;

Update: 2025-01-29 06:30 GMT

തൃശൂര്‍: കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോണ്‍ കലോത്സവത്തിനിടെയുണ്ടായ കെ.എസ്.യു- എസ്.എഫ്.ഐ സംഘര്‍ഷത്തില്‍ മൂന്ന് കെ.എസ്.യു നേതാക്കളെ മാളാ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന ട്രഷറാര്‍ സച്ചിന്‍.ടി.പ്രദീപ്, തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍, എക്‌സിക്യൂട്ടീവ് അംഗം സുദേവ് എസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അതേ സമയം അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമെന്ന് പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. അറസ്റ്റിലായ നേതാക്കള്‍ക്ക് നിയമപരമായും രാഷ്ട്രീയ പരമായും സംരക്ഷണം ഒരുക്കും.പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകരുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് തടഞ്ഞ സംഭവത്തില്‍ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറാവുന്നില്ലന്ന് അലോഷ്യസ് സേവ്യര്‍ ചോദിച്ചു.എസ്.എഫ്.ഐ നേതാക്കള്‍ കാണാമറയത്ത് തുടരുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം മാളയില്‍ നടന്ന കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോണ്‍ കലോത്സവത്തിലെ കെഎസ്യു- എസ്എഫ്ഐ സംഘര്‍ഷത്തില്‍ പ്രതികരണവുമായി കെഎസ്യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂരും നേരത്തെ രംഗത്തുവന്നിരുന്നു. സഹപ്രവര്‍ത്തകരുടെ ചോര പൊടിയുന്നത് കണ്ടുകൊണ്ട് പ്രതിഷേധ പ്രകടനത്തിലും പത്രപ്രസ്താവനയിലും ഒതുക്കി ശാന്തി മന്ത്രം ചൊല്ലിയിരിക്കാന്‍ തയ്യാറല്ലെന്ന് ഗോകുല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

കെഎസ്യു പ്രവര്‍ത്തകരുടെ സംരക്ഷണം തന്റെ കടമയാണ്. സംരക്ഷണമോ പ്രതിരോധമോ തീര്‍ക്കാനായില്ലെങ്കില്‍ പിന്നെ എന്തിന് താന്‍ പദവിയില്‍ ഇരിക്കണം. പകരം നല്‍കേണ്ടി വരുന്നത് ജീവന്‍ ആണെങ്കിലും അത് നല്‍കി പ്രവര്‍ത്തകരെ സംരക്ഷിക്കും. കെഎസ്യു പ്രവര്‍ത്തകരെ മാനസികമായും ശാരീരികമായും നോവിക്കുന്നവരോട് അവരെ അക്രമിക്കുന്നവരോട് അതേ രീതിയില്‍ തന്നെ മറുപടി നല്‍കിയാണ് ശീലമെന്നും ഗോകുല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

അതേസമയം ഡി സോണ്‍ കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിന് ശേഷം രക്ഷപ്പെടുന്നതിനായി കെഎസ്യു പ്രവര്‍ത്തകര്‍ ആംബുലന്‍സ് ദുരുപയോഗം ചെയ്തെന്ന് എസ്എഫ്‌ഐ ആരോപിച്ചു. കെഎസ്യു പ്രവര്‍ത്തകര്‍ ആംബുലസിന്റെ ഉളളില്‍ നിന്ന് എടുത്ത സെല്‍ഫി എസ്എഫ്‌ഐ പുറത്തുവിട്ടു.

ആശുപത്രിയിലേക്ക് എന്ന പേരിലാണ്‌കെഎസ്യു പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ കയറിയത്. അക്രമം നടത്തിയ ശേഷം രക്ഷപ്പെടാനാണ് കെഎസ്യു ആംബുലന്‍സ് ഉപയോഗിച്ചതെന്നും എസ്എഫ്ഐ ആരോപിച്ചു. ആംബുലന്‍സിനകത്ത് കെഎസ്യു പ്രവര്‍ത്തകര്‍ ചിരിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് എസ്എഫ്‌ഐ പുറുത്തുവിട്ടത്.കെഎസ്യു പ്രവര്‍ത്തകന്‍ വാട്സ്ആപ്പ് സ്റ്റാറ്റസായി വെച്ച ഫോട്ടോയാണ് എസ്എഫ്ഐ പുറുത്തുവിട്ടത്.

മാളയില്‍ നടന്ന കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോണ്‍ കലോത്സവത്തിലാണ് കെഎസ്യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കെഎസ്യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം അഴിച്ച് വിട്ടെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. ഇരുസംഘടനകളും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്യുവും ആരോപിച്ചു. പൊലീസെത്തി ലാത്തിവീശിയതോടെയാണ് സംഘര്‍ഷം അയഞ്ഞത്.

ആംബുലന്‍സ് തടഞ്ഞ സംഭവത്തില്‍ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കൊരട്ടി പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 126 (2), 118 (1), 324 (4), 3 (5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ആംബുലന്‍സ് ഡ്രൈവര്‍ വൈഭവവിന്റെ പരാതിയിലാണ് കേസെടുത്തത്. മത്സരങ്ങള്‍ വൈകുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തര്‍ക്കം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലുമായി 15ഓളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.

Tags:    

Similar News