കശ്മീരിലെ കമ്യൂണിസ്റ്റ് കോട്ട കാത്ത് വീണ്ടും തരിഗാമി; കുല്‍ഗാമില്‍ ചെങ്കൊടി പാറിച്ച് തുടര്‍ച്ചയായ അഞ്ചാം ജയം; തോല്‍പ്പിക്കാന്‍ നോക്കിയ ജമാഅത്തെ ഇസ്ലാമി- ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കൂട്ടുകെട്ടിനെ മലര്‍ത്തിയടിച്ചു; സിപിഎമ്മിന്റെ ദേശീയ മുഖമായി തരിഗാമി മാറുമ്പോള്‍
സയര്‍ അഹമ്മദ് റഷിയും പിഡിപിയുടെ മുഹമദ് അമിന്‍ ധറും പ്രധാന എതിരാളികള്‍
ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കുല്‍ഗാം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി മുഹമ്മദ് യൂസഫ് തരിഗാമിക്ക് ഉജ്വല ജയം. തുടര്‍ച്ചയായ അഞ്ചാം തവണയാണ് പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗം കൂടിയായ തരിഗാമി കശ്മീരിലെ കുല്‍ഗാം മണ്ഡലത്തില്‍നിന്ന് വിജയിക്കുന്നത്. തുടക്കം മുതല്‍ വ്യക്തമായ ലീഡോടെയാണ് തരിഗാമി വിജയിച്ച് കയറിയത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി നാഷണല്‍ കോണ്‍ഫ്രന്‍സിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടു കൂടിയാണ് വിജയം. കുല്‍ഗാമിലെ ജനങ്ങള്‍ തുടര്‍ച്ചയായി അഞ്ചാമത്തെ തവണയാണ് തരിഗാമിയെ വിജയിപ്പിക്കുന്നത്.
സ്വതന്ത്ര സ്ഥാനാര്‍ഥി യാസര്‍ അഹമ്മദ് റെഷിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതോടെയാണ് മുന്‍ നേതാവ് സയര്‍ അഹമദ് റെഷി സ്വതന്ത്രനായി മത്സരിക്കുന്നത്. പിഡിപിയുടെ മുഹമദ് അമിന്‍ ധറാണ് മൂന്നാമതുള്ളത്. ജമ്മുവില്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ് കുല്‍ഗാം മണ്ഡലം.
1996ലാണ് കുല്‍ഗാമില്‍ നിന്ന് തരിഗാമി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2002, 2008, 2014 വര്‍ഷങ്ങളിലും ജയം ആവര്‍ത്തിച്ചു. 2019ല്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഘട്ടത്തില്‍ മാസങ്ങളോളം വീട്ടുതടങ്കലില്‍ കഴിഞ്ഞു. സുപ്രീംകോടതിയുടെ അനുമതിയോടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തരിഗാമിയെ വീട്ടിലെത്തി കാണുകയും കശ്മീരുകാരുടെ ദുരവസ്ഥ കോടതിയെ അറിയിക്കുകയും ചെയ്തു.
ഡല്‍ഹിയില്‍ എത്തിയ തരിഗാമി കശ്മീരിന്റെ പ്രത്യേക പദവിയുടെയും സംസ്ഥാന പദവിയുടെയും പുനസ്ഥാപനത്തിനായി ശക്തമായി വാദിച്ചു. ഇത് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. അവസാനം തെരഞ്ഞെടുപ്പ് നടന്ന 2014ല്‍ പിഡിപിയുടെ നസീര്‍ അഹമ്മദ് ലാവെയെ തോല്‍പ്പിച്ചാണ് തരിഗാമി നാലാമതും എംഎല്‍എയായത്. തരിഗാമി 20,574 വോട്ട് നേടിയപ്പോള്‍ നസീര്‍ അഹമ്മദ് 20,240 വോട്ടുകളായിരുന്നു ലഭിച്ചത്.
കശ്മീരിലെ കര്‍ഷക, തൊഴിലാളി സമരങ്ങളുടെ നേതൃത്വമാണ് 73-കാരനായ തരിഗാമി. ഇതിന്റെ ഭാഗമായി പലപ്പോഴും ജയില്‍വാസവും അനുഷ്ഠിക്കേണ്ടി വന്നിട്ടുണ്ട്. പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള തരിഗാമി കശ്മീരിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിപക്ഷ നേതാക്കളിലൊരാളാണ് വിലയിരുത്തപ്പെടുന്നത്.
1949-ല്‍ കുല്‍ഗാമിലെ കര്‍ഷക കുടുംബത്തിലാണ് തരിഗാമിയുടെ ജനനം. ബന്ധുവും കശ്മീരിലെ പ്രധാനപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന അബ്ദുള്‍കരീം വാനിയുടെ സ്വാധീനമാണ് തരിഗാമിയെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ചത്. കര്‍ഷക- തൊഴിലാളി സമരങ്ങളിലൂടെ വളര്‍ന്നുവന്ന തരിഗാമിയുടെ വ്യക്തിത്വമാണ് ജമാഅത്തെ ഇസ്ലാമിക്ക് വലിയ സ്വാധീനമുള്ള കുല്‍ഗാമിനെ സി.പി.എം. കോട്ടയാക്കി മാറ്റിയത്.
താഴ്വരയിലെ സാധാരണ കര്‍ഷക ജനതയുമായുള്ള ആത്മബന്ധവും ആരോപണങ്ങളൊന്നും തൊട്ടുതീണ്ടിയില്ലാത്ത പൊതുപ്രവര്‍ത്തന രീതിയുമാണ് അദ്ദേഹത്തെ ജനകീയനാക്കി മാറ്റിയത്. വിഘടനവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ എല്ലാ കാലത്തും ശക്തമായ നിലപാടെടുത്തിട്ടുള്ള തരിഗാമിയുടെ ജീവനു പലപ്പോഴും ഭീഷണി നേരിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ അനുവദിച്ച ഗണ്‍മാനൊപ്പമാണ് സഞ്ചാരം.
'കശ്മീരില്‍ കമ്യൂണിസവും ഇസ്ലാമും നേരിട്ട് ഏറ്റമുട്ടുന്നു' എന്ന് ദേശീയ മാധ്യമങ്ങളൊക്കൊണ്ട് എഴുതിക്കത്തക്ക രീതിയിലായിരുന്നു ഇത്തവണത്തെ പോരാട്ടം. കശ്മീരിലെ കമ്യൂണിസ്റ്റ് തുരുത്ത് എന്ന് അറിയപ്പെടുന്ന കുല്‍ഗാം മണ്ഡലത്തില്‍ തീപാറും പോരാട്ടമാണ് ഇത്തവണ നടന്നത്. ഭീകരവാദ ബന്ധത്തിന്റെ പേരില്‍ കശ്മീര്‍ ജമാഅത്തെ ഇസ്ലാമിക്ക് നിരോധനം ഉള്ളതുകൊണ്ട് അവര്‍ പ്രച്ഛന്നവേഷത്തിലാണ് മത്സരിച്ചത്. റെഷിയുടെ പിന്നില്‍ പൂര്‍ണ്ണമായും കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയും, ഒരുകാലത്ത്് അവരുടെ യുവജനവിഭാഗത്തിന്റെ സായുധ വിഭാഗമായ ഹിസ്ബുള്‍ മുജാഹിദ്ദീനുമായിരുന്നു.
ദക്ഷിണ കശ്മീരിലെ കുല്‍ഗാം സിപിഎമ്മിനെപ്പോലെ ജമാഅത്തെ ഇസ്ലാമിക്കും നല്ല വേരുള്ള മണ്ഡലമാണ്. 1996-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് കുല്‍ഗാം സി.പി.എമ്മിന് സ്വന്തമായത്. 2002, 2008, 2014 തെരഞ്ഞെടുപ്പുകളില്‍ സി.പി.എം തരിഗാമിയിലൂടെ ജയം ആവര്‍ത്തിച്ചു. 2002-ല്‍ കുല്‍ഗാമിനെ കൂടാതെ സെയ്നപോറ മണ്ഡലത്തിലും സി.പി.എമ്മിന് ജയിക്കാനായി.
ജമാഅത്തിനും വേരുള്ള മണ്ഡലം
1987 മുതല്‍ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ് ജമാഅത്തെ ഇസ്ലാമി. വിഘടനവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ സംഘടനയുടെ നിരവധി നേതാക്കള്‍ ജയിലിലാണ്. കഴിഞ്ഞ ലോകസ്ഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍, ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് ഫ്രണ്ട് എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കി ജമാഅത്തെ ഇസ്ലാമി ഒരുക്കം നടത്തിയിരുന്നുവെങ്കിലും നിരോധനം നീക്കാത്തതിനാല്‍ മത്സരിക്കാനായില്ല. മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായാണ് ജമാഅത്തെ ഇസ്ലാമി മത്സരരംഗത്ത് ഇറങ്ങുന്നത്. കഴിഞ്ഞ ഞായറാഴ്ച സയര്‍ അഹമ്മദ് റെഷിയുടെ നേതൃത്വത്തില്‍ കുല്‍ഗാമില്‍ വന്‍ റാലി സംഘടിപ്പിച്ചാണ് ജമാഅത്തെ ഇസ്ലാമി കരുത്ത് പ്രകടിപ്പിച്ചത്. ഇതോടെയാണ് കശ്മീരില്‍ 'കമ്യൂണിസ്റ്റും ഇസ്ലാമിസ്റ്റും നേര്‍ക്കുനേര്‍' എന്ന ക്യാപ്ഷന്‍ ഉയര്‍ന്നത്.
1972-ല്‍ ജമാഅത്തെ ഇസ്ലാമി ആദ്യമായി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങിയ സമയത്ത്, കുല്‍ഗാം അടക്കം അഞ്ച് മണ്ഡലങ്ങളിലാണ് ജയിക്കാനായത്. തീവ്രവാദി നേതാവ് അബ്ദുല്‍ റസാഖ് മിര്‍ അടക്കമുള്ളവരാണ് അന്ന് നിയമസഭയിലെത്തിയത്. 1977-ലെ ഇലക്ഷനിലും ജമാഅത്തെ ഇസ്ലാമി മത്സരിച്ചു, രണ്ടു സീറ്റില്‍ ജയിച്ചു. ഏറ്റവും കൗതുകം, ഭാരതീയ ജനസംഘവുമായി ചേര്‍ന്നാണ് രണ്ടു തവണയും ജമാഅത്തെ ഇസ്ലാമി മത്സരിച്ചത്. 1983-ല്‍ മത്സരിച്ച 26 സീറ്റിലും തോറ്റു. 1987-ല്‍ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ ജമാഅത്തെ തുല്‍ബ മുസ്ലിം യുനൈറ്റഡ് ഫ്രണ്ട് എന്ന കൂട്ടായ്മയുടെ ഭാഗമായി മത്സരിച്ചു. കുല്‍ഗാം അടക്കം നാലിടത്ത് കൂട്ടായ്മക്ക് ജയിക്കാനായി.
കശ്മീരില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതായിരുന്നു മുസ്ലിം യുനൈറ്റഡ് ഫ്രണ്ടിന്റെ അജണ്ട. ഇതേ തുടര്‍ന്ന് ഫ്രണ്ടിനെതിരെ പൊലീസ് നടപടിയുണ്ടായി. നിരവധി പ്രവര്‍ത്തകര്‍ പാക്കിസ്ഥാനിലേക്ക് കടന്നു. ചില പ്രവര്‍ത്തകര്‍ സായുധ പരിശീലനത്തിനുശേഷം ഭീകരപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞു. എം.യു.എഫ് സ്ഥാനാര്‍ഥിയായിരുന്ന മുഹമ്മദ് യൂസഫ് ഷായാണ് സയ്യീദ് സലാഹുദ്ദീന്‍ എന്ന പേരില്‍ പിന്നീട് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്ന സംഘടനയുടെ തലവനായത്. ഇയാളുടെ ഇലക്ഷന്‍ മാനേജറായിരുന്ന യാസിന്‍ മാലിക് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ തലവനായി. പിന്നീടുള്ള വര്‍ഷങ്ങള്‍ കശ്മീര്‍ ഭീകരപ്രവര്‍ത്തനങ്ങളാല്‍ കലുഷിതമായിരുന്നു.
1997-ല്‍ ഗുലാം മുഹമ്മദ് ഭട്ട് അമീറായിരിക്കുമ്പോഴാണ് ജമാഅത്തെ ഇസ്ലാമി വിഘടനവാദപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. തടവിലായിരുന്ന അദ്ദേഹം ജയില്‍മോചിതനായ ശേഷം, സംഘടനയ്ക്ക് ഒരു ഭീകരസംഘടനയുമായും ബന്ധമുണ്ടായിരിക്കില്ല എന്ന് പ്രഖ്യാപിച്ചു. പക്ഷേ അത് വെറും വാക്ക് മാത്രമായിരുന്നു. ഇന്നും കശ്മീര്‍ ഭീകരതയെ ഒളിഞ്ഞ് ജമാഅത്തെ ഇസ്ലാമി പിന്തുണക്കുന്നുണ്ട്.
താരിഗാമി എന്ന തീപ്പൊരി
കശ്മീരിലെ സിപിഎമ്മിന്റെ തീപ്പൊരി നേതാവ് തന്നെയാണ് താരിഗാമി. ജീവിതത്തിന്റെ നല്ലൊരു ഭാഗവും സമരം നയിച്ച് ജയിലില്‍ കിടന്ന നേതാവ്. നിരവധി തവണ തീവ്രവാദികളുടെ ആക്രമണത്തില്‍നിന്ന് ഇദ്ദേഹം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഭീകരവാദത്തെ എതിര്‍ത്തതിന്റെ പേരില്‍ ഒരുപാട് സഖാക്കള്‍ കശ്മീരില്‍ വെടിയുണ്ടക്ക് ഇരായായിട്ടുമുണ്ട്.
1949 ജൂലൈ 17 ന് കുല്‍ഗാമിലെ തരിഗാം ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പരേതനായ ഗുലാം റസൂല്‍ ആണ് പിതാവ്. കശ്മീരിലെ രാഷ്ട്രീയ പ്രക്ഷുബ്ധത കാരണം താരിഗാമിക്ക് ബിഎ അവസാന വര്‍ഷ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. 1975-ല്‍ ഒരു രാഷ്ട്രീയ തടവുകാരനായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഭാര്യ പ്രസവത്തിനിടെ മരിച്ചതും വേദനിപ്പിക്കുന്ന അനുഭവമാണ്.
ചാവല്‍ഗാമിലെ അബ്ദുള്‍ കബീര്‍ വാനിയുടെ സ്വാധീനത്തിലാണ് യൂസഫ് തരിഗാമി കമ്മ്യൂണിസ്റ്റായി രൂപപ്പെട്ടത്. 1967-ല്‍ വെറും 18 വയസ്സുള്ളപ്പോള്‍, തരിഗാമിം അനന്ത്‌നാഗ് ഡിഗ്രി കോളേജിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ഇടക്ക് നക്‌സല്‍ പ്രസ്ഥാനത്തിലേക്ക് പോയ അദ്ദേഹം, 1967-ല്‍ നിര്‍ബന്ധിത അരി സംഭരിക്കുന്നതിനെതിരെ കര്‍ഷകരുടെ സമരം ഏറ്റെടുത്തതിന് ജയിലില്‍ അടയ്ക്കപ്പെട്ടു. 1975-ലെ ഇന്ദിര-ഷൈഖ് ഉടമ്പടിയെ എതിര്‍ത്തതിന്റെ പേരിലും അദ്ദേഹം ജയിലിലായി. ആ സമയത്താണ് ഭാര്യ മരിച്ചത്. സര്‍ക്കാര്‍ ഒരു മാസത്തെ പരോളില്‍ വിട്ടയച്ചെങ്കിലും മൂന്ന് ദിവസത്തിന് ശേഷം വീണ്ടും അറസ്റ്റ് ചെയ്തു.
1979-ല്‍, മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ വധശിക്ഷ കശ്മീരില്‍ കലാപത്തിലേക്ക് നയിച്ചപ്പോള്‍, ഷെയ്ഖ് അബ്ദുള്ള, മാര്‍ക്‌സിസ്റ്റുകളെയാണ് വേട്ടയാടിയത്. തരിഗാമി വിവാദ പൊതുസുരക്ഷാ നിയമത്തിന് കീഴില്‍ അറസ്റ്റിലായി. അതിനുശേഷം അദ്ദേഹം സിപിഎമ്മില്‍ സജീവമായി. തുടര്‍ന്നും നിരവധി തവണയാണ് അദ്ദേഹം ജയിലില്‍ അടക്കപ്പെട്ടത്.
2005-ല്‍ ശ്രീനഗറിലെ കനത്ത സുരക്ഷയുള്ള തുളസിബാഗ് കോളനിയില്‍ പ്രവേശിച്ച തീവ്രവാദികള്‍ തരിഗാമിയുടെയും വിദ്യാഭ്യാസ മന്ത്രി ഗുലാം നബി ലോണിന്റെയും വീടുകള്‍ ആക്രമിച്ചു. ലോണ്‍ കൊല്ലപ്പെട്ടു. 2005 ലെ ആക്രമണത്തില്‍, തരിഗാമിയുടെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടു. ഇതടക്കം നിരവധി ആക്രമണങ്ങള്‍ താരിഗാമിക്കുനേരെ ഉണ്ടായിട്ടുണ്ട്. ഇന്നും അദ്ദേഹത്തിന് ഇസഡ് കാറ്റഗറി സുരക്ഷയുണ്ട്.