ക്ഷേത്രത്തിലേക്ക് കയറാന്‍ പതിയെ പിന്നോട്ടെടുത്ത ഇന്നോവ; ഗോവയില്‍ നിന്നും മീന്‍ കയറ്റി വന്ന ട്രക്ക് അപകടമുണ്ടാക്കി; ഏറെ ദൂരം കാറുമായി മുന്നോട്ട് പാഞ്ഞ ലോറി ഒടുവില്‍ മറിഞ്ഞു; ഇന്നോവ പൂര്‍ണ്ണമായും തകര്‍ന്നു; ഏഴു മലയാളികള്‍ക്ക് പരിക്ക്; മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍; കുന്ദാപുര അപകട വീഡിയോ ഞെട്ടിക്കുന്നത്

Update: 2024-11-21 01:30 GMT

മംഗളൂരു : കുന്ദാപുരയ്ക്കടുത്ത് പയ്യന്നൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറില്‍ നിയന്ത്രണംവിട്ടെത്തിയ ലോറിയിടിച്ച് 7 പേര്‍ക്ക് പരുക്ക് പറ്റിയ സംഭവത്തിലെ വീഡിയോ വൈറല്‍. 3 സ്ത്രീകള്‍ ഐസിയുവിലാണ്. ക്ഷേത്രദര്‍ശനത്തിനു പോയവരാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ കാര്‍ പുര്‍ണ്ണമായും തകര്‍ന്നു. കുന്ദാപുരയ്ക്കടുത്ത് കുമ്പാഷിയിലെ ചണ്ഡിക ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിനു സമീപം ദേശീയപാതയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 3ന് ആണ് അപകടം. ക്ഷേത്രത്തിലേക്ക് പോകാനായി കാര്‍ പിറകോട്ട് എടുക്കുന്നതിനിടെ മീന്‍ലോറി ഇടിക്കുകയായിരുന്നു.

അന്നൂര്‍ സ്വദേശി റിട്ട. അധ്യാപകന്‍ വണ്ണായില്‍ ഭാര്‍ഗവന്‍ (69), ഭാര്യ കെ.യു.ചിത്രലേഖ, ഭാര്‍ഗവന്റെ സഹോദരന്‍ തായിനേരി കൗസ്തുഭത്തില്‍ മധു(65), മധുവിന്റെ ഭാര്യ അനിത, മധുവിന്റെ അയല്‍വാസി തായിനേരി കൈലാസില്‍ നാരായണന്‍ (64), ഭാര്യ വത്സല, കാര്‍ ഡ്രൈവര്‍ വെള്ളൂര്‍ കൊട്ടനച്ചേരി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഫസില്‍ (38) എന്നിവര്‍ക്കാണ് പരുക്കേറ്റത്. അനിത, ചിത്രലേഖ, വത്സല എന്നിവരാണ് മണിപ്പാല്‍ ആശുപത്രിയില്‍ ഐസിയുവില്‍ ഉള്ളത്. ഇവരുടെ നില ഗുരുതരമാണ്. ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ക്കും സാരമായ പരിക്കുണ്ടെന്നാണ് സൂചന.

മണിപ്പാല്‍ ആശുപത്രിയിലുള്ള നാരായണന്‍ അപകടനില തരണം ചെയ്തു. മധു, ഭാര്‍ഗവന്‍, ഫസില്‍ എന്നിവര്‍ കുന്താപുരയിലെ സ്വകാര്യ ആശുപത്രിയിലാണ്. ലോറിയുടെ മുന്‍വശത്തെ ടയര്‍പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് കണ്ടുനിന്നവര്‍ പറഞ്ഞു. കാര്‍ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ 6ന് ആണ് ഇവര്‍ കര്‍ണാടകയിലേക്ക് പുറപ്പെട്ടത്. സമാനതകളില്ലാത്ത വണ്ണമാണ് അപകടമെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാര്‍ സാവധാനമാണ് പിറകോട്ട് എടുത്തത്. ഇതിനിടെയാണ് അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചത്. കാറിനെ ശക്തമായ ഇടിച്ച ലോറി അതിനെ പൂര്‍ണ്ണമായും തകര്‍ത്തു. അതിന് ശേഷം ലോറിയും മറിഞ്ഞു.

അപകത്തില്‍ ഗുരുതര പരിക്കേറ്റ മൂന്ന് സ്ത്രീകളെയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ ആണ് ഇവര്‍ ഉള്ളത്. മറ്റുള്ളവര്‍ കുന്ദാപുരയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.58-ഓടെയാണ് അപകടം ഉണ്ടായത്. ഇന്നോവ റിവേഴ്സ് എടുത്ത് അമ്പലത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ അമിത വേഗതയില്‍ വന്ന ട്രക്ക് നിയന്ത്രണം വിട്ട് ഇന്നോവ കാറിന് പിന്നില്‍ ഇടിക്കുകയായിരുന്നു.

ഗോവയില്‍ നിന്നും മീന്‍ കയറ്റി കൊണ്ട് പോകുകയായിരുന്ന ട്രക്ക് ആണ് കാറില്‍ ഇടിച്ച് കയറിയത്. ഏറെ ദൂരം കാറുമായി മുന്നോട്ട് പാഞ്ഞ ലോറി ഒടുവില്‍ മറിഞ്ഞ് വീണു. ഇടിയുടെ ആഘാതത്തില്‍ ഇന്നോവ പൂര്‍ണമായും തകര്‍ന്നു. ദാരുണമായ അപകടത്തിന്റെ പകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

Tags:    

Similar News