കാത്തിരിക്കുന്നവര്‍ക്ക് നല്ല കാര്യങ്ങള്‍ വരുന്നു! കുറിപ്പുമായി അമീര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്റെ കൗണ്ട്ഡൗണ്‍; പോസ്റ്റ് എമ്പുരാനെക്കുറിച്ചുള്ള സൂചനയോ! ഫഹദ് മുതല്‍ അമീര്‍ഖാന്‍ വരെ എത്തുന്ന ചര്‍ച്ചകള്‍; എമ്പുരാനെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും വില്ലനെ തേടി സോഷ്യല്‍ മീഡിയ; വില്ലനെത്തേടി മത്സരവും

കാത്തിരിക്കുന്നവര്‍ക്ക് നല്ല കാര്യങ്ങള്‍ വരുന്നു!

Update: 2025-03-26 08:41 GMT

തിരുവനന്തപുരം: സിനിമാപ്രേമികള്‍ ഏവരും ഒരുപോലെ കാത്തിരിക്കുന്ന എമ്പുരാന്‍ പ്രേക്ഷകരിലേക്കെത്താന്‍ ഇന മണിക്കൂറുകള്‍ മാത്രം.നാളെ രാവിലെ ഇന്ത്യന്‍ സമയം 6 മണിമുതലാണ് ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിക്കുക.ലോകത്താകമാനം പ്രീസെയില്‍ ബിസിനസ്സില്‍ ഇതിനോടകം തരംഗം തീര്‍ത്തിരിക്കുകയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍.മുരളിഗോപിയുടെ തിരക്കഥയിലും പൃഥ്വിരാജിന്റെ സംവിധാനത്തിലും മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായും ഖുറേഷി എബ്രാമുമായും വീണ്ടുമെത്തുമ്പോള്‍ പ്രേക്ഷക പ്രതീക്ഷയും വാനോളം ഉയരുകയാണ്.

ചിത്രത്തെക്കുറിച്ച് ചര്‍ച്ചകള്‍ പലവിധത്തിലുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പേരും ചര്‍ച്ചചെയ്യുന്നത് ചിത്രത്തിലെ പ്രധാനവില്ലന്‍ ആരാണെന്നതിനെക്കുറിച്ചാണ്.എമ്പുരാന്റെ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ വെള്ള കോട്ടില്‍ ഡ്രാഗണിന്റെ ചിത്രവുമായി പുറംതിരിഞ്ഞു നില്‍ക്കുന്ന പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.ഇതോടെയണ് വില്ലനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.ആ ചര്‍ച്ച ഇപ്പോഴിത റിലീസിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കുമ്പോഴും അതേപടി തുടരുകയാണ്.ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറും ട്രെയ്ലറും ഒന്നും തന്നെ വില്ലനെക്കുറിച്ച് സുചനകള്‍ തന്നില്ല.

കൂടാതെ ദിവസങ്ങള്‍ക്ക് മുന്നെ പുറത്തുവിട്ട കറുത്ത കോട്ടില്‍ ഡ്രാഗണ്‍ ചിത്രവുമായി പുറംതിരഞ്ഞു നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോയും ഇന്നലെ വന്ന അതിന്റെ തന്നെ മുഴുവന്‍ ഫിഗര്‍ ഫോട്ടോട്ടയും വില്ലന്‍ ആരെന്ന ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു.ഒരോ ചിത്രം വരുമ്പോഴും ഒരോ താരങ്ങളെയാണ് പ്രേക്ഷകര്‍ ഊഹിക്കുന്നത്.ഫഹദ് ഫാസിലില്‍ തുടങ്ങി റിക്ക് യൂനെ വഴി ഇപ്പോഴിത ഷാരൂഖ് ഖാന്‍,അമീര്‍ഖാനില്‍ വരെ എത്തി നില്‍ക്കുകയാണ് വില്ലനെക്കുറിച്ചുള്ള ചര്‍ച്ചകള്‍.

ഇന്ന് രാവിലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട അമീര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്റെതായ ഒരു സ്‌ക്രീന്‍ ഷോട്ടാണ് വിഷയത്തിലെ ഒടുവിലെ ചര്‍ച്ച.കാത്തിരിക്കുന്നവര്‍ക്ക് നല്ല കാര്യങ്ങള്‍ വരുന്നു എന്ന കുറിപ്പുമായി കൗണ്ട്ഡൗണ്‍ സ്റ്റാര്‍ട്ട് ചെയ്തിരിക്കുകയാണ് അമീര്‍ഖാന്‍ പ്രൊഡക്ഷന്‍.ഇത്തരത്തിലൊരു സ്‌ക്രീന്‍ഷോട്ടാണ് അമീര്‍ഖാനാണോ വില്ലനെന്ന ചര്‍ച്ചകളഎ വീണ്ടും സജീവമാക്കുന്നത്.ഏതായാലും അമീര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്റെ സസ്പെന്‍സ് എന്താണെന്ന് 2-3 മണിക്കൂറില്‍ ഉത്തരം ലഭിക്കും.

റിക്ക് യുനെനെ വിടാതെ മലയാളികള്‍..കമന്റുകള്‍ കൊണ്ട് നിറഞ്ഞ് പോസ്റ്റ്

അമീര്‍ഖാനെന്ന ചര്‍ച്ചകള്‍ തുടരുമ്പോഴും അത് അമേരിക്കന്‍ നടനായ റിക്ക് യുനെ ആണെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സാമൂഹികമാധ്യമങ്ങളില്‍ സജീവമാകുന്നത്.റിക്ക് യുനെയും പ്രമുഖ സീരീസായ കില്ലിങ് ഈവിലെ നടിയായ ആന്‍ഡ്രിയ തിവാദാറും എംമ്പുരാനില്‍ അഭിനയിക്കുന്നുണ്ടെന്ന് ഒരു ഏജന്‍സി പുറത്തുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പോസ്റ്ററില്‍ പുറംതിരിഞ്ഞുനില്‍ക്കുന്നത് റിക്ക് യുനെ ആണെന്ന് പലരും ഉറപ്പിക്കുന്നു.


 



പിന്നാലെ റിക്ക് യുനെയുടെ സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകള്‍ മലയാളികളുടെ കമന്റുകള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്.താരം എമ്പുരാനില്‍ അഭിനയിക്കുന്നുണ്ടോയെന്നാണ് ആരാധകരുടെ പ്രധാന ചോദ്യം.ചിലരാകട്ടെ എമ്പുരാനിലെ ആ കഥാപാത്രം റിക്ക് തന്നെയെന്ന് ഉറപ്പിക്കുന്നു.നമ്മള്‍ കണ്ടുപിടിക്കില്ലെന്ന് കരുതിയോ,പുറംതിരിഞ്ഞുനിന്നാല്‍ ആളെ മനസിലാവില്ലെന്ന് കരുതിയോ,ഒന്ന് പുറം തിരിഞ്ഞു നില്‍ക്കുന്ന ഫോട്ടോ ഇടാമൊ എന്നിങ്ങനെ രസകരമായ കമന്റുകളാണ് റിക്കിന്റെ പ്രൊഫൈല്‍ നിറയെ.

രാജ്യാന്തരതലത്തില്‍ വലിയ ബന്ധങ്ങളുള്ള അബ്രാം ഖുറേഷിയോട് ഏറ്റുമുട്ടാന്‍ എത്തുന്നത് എന്തായാലും മറ്റൊരു രാജ്യാന്തര ഗ്യാങ് ആകുമല്ലോ എന്നാണ് ആരാധകരുടെ കണക്കുക്കൂട്ടല്‍.അതിനാലാണ് ഡൈ അനദര്‍ ഡേ,ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് എന്നീ ചിത്രങ്ങളിലൊക്കെ അഭിനയിച്ച റിക്ക് യൂന്‍ തന്നെയായിരിക്കും ഈ വില്ലനെന്നും ഒരു വിഭാഗം ആരാധകര്‍ ഉറപ്പിക്കുന്നതും.എമ്പുരാനില്‍ ഒരാളുടെ കാമിയോ റോള്‍ പ്രതീക്ഷിക്കാമെന്ന് ചിത്രത്തിന്റെ ഛായാഗ്രാഹകനായ സുജിത് വാസുദേവ് നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ഇതും പലവിധത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

അതേസമയം പ്രചാരണങ്ങള്‍ ശക്തമായ വേളയില്‍ എമ്പുരാനില്‍ ഫഹദ് ഇല്ലെന്ന് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.ചിത്രത്തിന്റെ പ്രൊമോഷനോട് അനുബന്ധിച്ച് പിങ്ക്വില്ല ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ വെളിപ്പെടുത്തല്‍.ചിത്രത്തില്‍ ഫഹദ് ഉണ്ടോ എന്ന് അവതാരകന്‍ പൃഥ്വിയോട് നേരിട്ട് ചോദിക്കുകയായിരുന്നു.ഇതിന് അതെ, ഫഹദും ഉണ്ട് ടോം ക്രൂസ്, റോബര്‍ട്ട് ഡി നീറോ എന്നിവരും ഉണ്ടെന്നായിരുന്നു തമാശരൂപേണയുള്ള പൃഥ്വിയുടെ മറുപടി.പിന്നാലെ തന്നെ ഫഹദ് ഈ ചിത്രത്തിലില്ല എന്ന് അദ്ദേഹം ഉറപ്പിച്ച് പറയുകയും ചെയ്തു.

വില്ലനെ പ്രവചിക്കുന്നവര്‍ക്ക് സമ്മാനവുമായി കമ്പനിയും

സൂപ്പര്‍താരം മോഹന്‍ലാലിന്റെ ബ്രഹ്‌മാണ്ഡ ചിത്രം 'എമ്പുരാന്‍' സിനിമയിലെ വില്ലനാരാണെന്ന് പ്രവചിക്കുന്നവര്‍ക്ക് സമ്മാനവുമായി കൊച്ചിയിലെ സ്വകാര്യ സ്ഥാപനം.മാര്‍ച്ച് 27-ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിലെ വില്ലന്‍ ആരാണെന്ന് കൃത്യമായി പ്രവചിക്കുന്ന ഭാഗ്യശാലികള്‍ക്ക് എമ്പുരാന്റെ 100 ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുമെന്നാണ് മാര്‍ക്കറ്റിംഗ് മാനേജ്മെന്റ് ഏജന്‍സിയായ ബെല്ലൂസിയയുടെ പ്രഖ്യാപനം.

മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാനെന്നും ചെറുപ്പം മുതലേ ലാലേട്ടന്റെ ആരാധകനായ തന്റെ വകയുള്ള ഒരു സ്നേഹ സമ്മാനമാണിതെന്നും; ബെല്ലൂസിയയുടെ ഉടമയായ ജിമോന്‍ പറയുന്നു.മത്സരത്തെക്കുറിച്ച് ബെല്ലൂസിയ ജീവനക്കാര്‍ പുറത്തിറക്കിയ റീലും വൈറലാണ്.വില്ലനെ പ്രവചിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളുടെ പ്രവചനങ്ങള്‍ +917994314249 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കാം. ശരിയുത്തരം പറയുന്ന 100 പേര്‍ക്ക് അവരവരുടെ ജില്ലയില്‍ ടിക്കറ്റുകള്‍ സ്ഥാപനം നല്‍കുന്നതായിരിക്കും


 



ഇതു കൂടാതെ സിനിമയുടെ റിലീസിങ് ദിവസം കമ്പനിക്ക് അവധിയും ഇരുപതോളം സ്റ്റാഫുകള്‍ക്ക് ഫ്രീ ടിക്കറ്റും ആണ് കമ്പനി കൊടുക്കുന്നത്.എമ്പുരാന്‍ റിലീസിനോടനുബന്ധിച്ച് മറ്റു ചില സ്ഥാപനങ്ങളും അവധി പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു.

അതേസമയം ആശിര്‍വാദ് സിനിമാസിനും ലൈക്ക പ്രൊഡക്ഷന്‍സിനും ശ്രീ ഗോകുലം മൂവീസുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഇത്. അത്ര മനോഹരമായാണ് പൃഥ്വിരാജ് ഇത് ഒരുക്കിയിരിക്കുന്നതെന്ന് നിര്‍മാതാവ് ഗോകുലം ഗോപാലന്‍ പറഞ്ഞു. ഈ ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് അതാണ്.

ഇത്രയും മികച്ച ഒരു സിനിമ ഒരു തടസങ്ങളും കൂടാതെ പറഞ്ഞ സമയത്ത് തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിക്കണം എന്ന ആഗ്രഹം ഉള്ളതുകൊണ്ടും ലാലിനോടും ആന്റണിയോടും ഉള്ള സ്നേഹം കൊണ്ടും തന്നെയാണ് ഞാന്‍ ഇതില്‍ പങ്കാളി ആയത്. ഇത് ഏറ്റെടുത്തത് ഒരു നിമിത്തമാണെന്നും ഗോകുലം ഗോപാലന്‍ പറയുന്നു.

Tags:    

Similar News