ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചതിന് കനത്ത തിരിച്ചടി; ഇന്ത്യന്‍ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ലാഹോര്‍ വിടാന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി യു.എസ്. എംബസി; അടിയന്തര യോഗം വിളിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി

അടിയന്തര യോഗം വിളിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി

Update: 2025-05-08 11:42 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയുള്ള ഇന്ത്യയുടെ പ്രത്യാക്രമണത്തിന് പിന്നാലെ ലാഹോര്‍ വിടാന്‍ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി യു.എസ്. എംബസി. ലാഹോറിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പൗരന്‍മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിനും ഉടന്‍ ലാഹോര്‍ വിടുന്നതിനും അമേരിക്ക നിര്‍ദേശം നല്‍കി.

എല്ലാ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരോടും സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടാന്‍ ലാഹോറിലെ യു.എസ്. കോണ്‍സുലേറ്റ് ജനറല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലാഹോറിലെ പ്രധാന വിമാനത്താവളത്തിന് സമീപമുള്ള ചില പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായും കോണ്‍സുലേറ്റ് വ്യക്തമാക്കി.

യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ലാഹോറിലെ യുഎസ് പൗരന്മാര്‍ അവിടെ നിന്ന് മാറണമെന്നും സുരക്ഷിതമായി മാറാനായില്ലെങ്കില്‍ അധികൃതരുടെ സഹായവും പ്രാദേശിക സഹായവും തേടണമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നുണ്ട്. ലാഹോര്‍, പഞ്ചാബ് മേഖലയിലുള്ള യുഎസ് പൗരന്മാര്‍ക്കാണ് പാകിസ്ഥാനിലെ യുഎസ് എംബസി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. യുഎസ് സര്‍ക്കാരിന്റെ സഹായം കാത്തുനില്‍ക്കാതെ ലാഹോര്‍ വിടാനുള്ള നടപടികള്‍ വേഗത്തില്‍ സ്വീകരിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി സംഘര്‍ഷം വലുതാക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. പക്ഷേ, പാക്കിസ്ഥാന്‍ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. ഇന്ത്യയിലെ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണത്തിനും തക്കതായ മറുപടി നല്‍കുമെന്ന് ഇന്ത്യ ആവര്‍ത്തിച്ചു.

അതേ സമയം ലാഹോറിലും കറാച്ചിയിലും പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിലും ഇന്ത്യന്‍ ഡ്രോണ്‍ ആക്രമണങ്ങളുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പാകിസ്ഥാനില്‍ തിരക്കിട്ട നീക്കങ്ങള്‍. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അടിയന്തര യോഗം വിളിച്ചു.

ഇതിനിടെ, പാകിസ്ഥാനിലെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. സ്റ്റേഡിയത്തിന്റെ കിച്ചണ്‍ കോംപ്ക്‌സ് ആക്രമണത്തില്‍ തകര്‍ന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരം കറാച്ചിയിലേക്ക് മാറ്റിയതായും വിവരമുണ്ട്.

Tags:    

Similar News