മൂന്നാം കേസിലെ പരാതിക്കാരിയെ സാമ്പത്തിക ചൂഷണം ചെയ്തിട്ടില്ലെന്ന് ചാനല്‍ അഭിമുഖത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; പണം അയച്ചതിന്റെയും സണ്‍സ്‌ക്രീന്‍ ഓര്‍ഡര്‍ നല്‍കിയതിന്റെയും രേഖകള്‍ പുറത്തുവിട്ട് മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മ; ഒരു വേട്ടക്കാരന് സ്‌പേസ് ഒരുക്കും മുമ്പ് ഹാഷ്മി മിനിമം ഹോം വര്‍ക്ക് ചെയ്യണമായിരുന്നു എന്ന് വിമര്‍ശനം

മൂന്നാം കേസിലെ പരാതിക്കാരിയെ സാമ്പത്തിക ചൂഷണം ചെയ്തിട്ടില്ലെന്ന് ചാനല്‍ അഭിമുഖത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍

Update: 2026-02-02 17:22 GMT

തിരുവനന്തപുരം: മൂന്ന് ബലാത്സംഗ കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നാദ്യമായാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതികരണവുമായി രംഗത്തുവന്നത്. 24 ന്യൂസ് ചാനലില്‍ ഹാഷ്മി താജ് ഇബ്രാഹിമിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ സ്വയം വാദങ്ങള്‍ നിരത്തി രംഗത്തുവന്നത്. ഇന്നത്തെ അഭിമുഖത്തില്‍ താന്‍ സാമ്പത്തിക ചൂഷണം നല്‍കിയെന്ന മൂന്നാമത്തെ പരാതിക്കാരിയുടെ ആരോപണവും രാഹുല്‍ തള്ളിയിരുന്നു.

ഫ്ളാറ്റ് വാങ്ങിത്തരാന്‍ താന്‍ ആശ്യപ്പെട്ടിട്ടില്ല. ചെരുപ്പ് വാങ്ങിതന്നുവെന്ന ആരോപണവും വസ്തുതാവിരുദ്ധം. മെസേജുകള്‍ മുഴുവന്‍ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നിങ്ങള്‍ പുറത്ത് വിട്ട ചാറ്റിലെ അഞ്ച് മെസേജുകള്‍ മുകളിലേക്കും അഞ്ച് മെസേജുള്‍ താഴോട്ടും പുറത്ത് വിടാന്‍ തയാറുണ്ടോ? രാഹുല്‍ ചോദിച്ചിരുന്നു. രാഹുലിന്റെ വെല്ലുവിളിക്ക് പിന്നാലെ വിഷയത്തില്‍ രാഹുലിന് നല്‍കിയ സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട രേഖകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മ രംഗത്തുവന്നു.

പാലക്കാട് എംഎല്‍എയുടെ അഭിമുഖം എടുത്ത ഹാഷ്മിയെ വിമര്‍ശിച്ചു കൊണ്ടാണ് ലഷ്മി പത്മ രംഗത്തുവന്നത്. ഹാഷ്മി താജ് ഇബ്രാഹിം ചോദിക്കാതെപോയ ചില ചോദ്യങ്ങളും സമാഹരിക്കാതെ പോയ തെളിവുകളും നിരത്തിക്കൊണ്ടാണ് ബിഗ് ന്യൂസിലെ മാധ്യമപ്രവര്‍ത്തക രംഗത്തുവന്നത്. രാഹുലിന് പലപ്പോഴായി പരാതിക്കാരി പണ്ം നല്‍കിയതിന്റെയും സണ്‍സ്‌ക്രീന്‍ അയച്ചു നല്‍കിയതിന്റെയും രേഖകളാണ് അവര്‍ പുറത്തുവിട്ടത്. ഇക്കാര്യം കോടതി വ്യവഹാരത്തിന്റെ ഭാഗമായിരുന്നു എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ലക്ഷ്മി പത്മയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ 24 മാധ്യമപ്രവര്‍ത്തകന്‍ ഹാഷ്മി താജ് ഇബ്രാഹിം ചോദിക്കാതെപോയ ചില ചോദ്യങ്ങള്‍ ...സമാഹരിക്കാതെ പോയ തെളിവുകള്‍

1.മൂന്നാമത്തെ പരാതിക്കാരിയില്‍ നിന്നും സാമ്പത്തികവും സമ്മാനങ്ങളും സ്വീകരിച്ചില്ല എങ്കില്‍ അവര്‍ നടത്തിയിരിക്കുന്ന ബാങ്ക് ട്രാന്‍സ്ഫറുകളും ഓണ്‍ ലൈന്‍ പേര്‍ച്ചസുകളും കൊറിയര്‍ ഡിറ്റൈലുകളും എങ്ങനെ ആണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പേരിലേക്ക് ആകുന്നത്.കോടതിസമക്ഷമുള്ള തെളിവുകള്‍ ആണ് ഞാനിവിടെ പോസ്റ്റ് ചെയ്യുന്നത്

2.അതിജീവിതകള്‍ക്കെതിരെ ദുര്‍ബല വാദമുഖങ്ങള്‍ ഉയര്‍ത്താന്‍ ഒരു മടിയും കാണിക്കാത്ത രാഹുല്‍ എന്തുകൊണ്ടാണ് ഗര്‍ഭഛിദ്രം അടക്കമുള്ള ഗുരുതര പരാതികളെ കുറിച്ച് മിണ്ടാത്തത്?

3.തനിക്ക് ഉത്തരം ഇല്ലാത്ത കാര്യങ്ങള്‍ വരുമ്പോള്‍ അവയല്ലാം കോടതിയുടെ പരിഗണനയില്‍ അല്ലേ എന്ന് ഉരുളുന്ന രാഹുല്‍ കോടതിയുടെ പരിഗണനയില്‍ തെളിവുകള്‍ ആയി ഇരിക്കുന്ന ചാറ്റുകളെ പറ്റി തെറ്റിദ്ധാരണ ജനകമായ കാര്യങ്ങള്‍ പറയുന്നത് എങ്ങനെ?

4.പാലക്കാട്കാരി അല്ലാത്ത മൂന്നാം പരാതിക്കാരിയെ എന്തിന് രാഹുല്‍ ഫ്‌ലാറ്റ് വാങ്ങലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബില്‍ ടെക് ഗ്രൂപ്പുമായി സംസാരിക്കാന്‍ ചുമതലപ്പെടുത്തണം?

5.തന്റെ ഫ്‌ലാറ്റിലേക്ക് വരുന്നത് സേഫ് ആണെന്ന് കരുതിയാണ് മൂന്നാം പരാതിക്കാരി അവിടേക്ക് വരാമെന്ന് ഏറ്റതെങ്കില്‍ എന്തിനാണ് അവര്‍ അവരുടെ സുഹൃത്തിനെയും രാഹുലിന്റെ സുഹൃത്തായ ഫെനിയെയും ഒപ്പം കൂട്ടണം എന്ന് ഈ ചാറ്റുകളില്‍ പറയുന്നത്?(കോടതിയില്‍ തെളിവായിരിക്കുന്ന ചാറ്റ് ന്റെ സ്‌ക്രീന്‍ ഷോട്ട് താഴെ)

6.പരാതിപ്പെട്ട മൂന്ന് പേരുമായും ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധമെന്ന് രാഹുല്‍ പറയുമ്പോഴും ഒരു രാഷ്ട്രീയ നേതാവിന് ഒരേ സമയം ഇതെങ്ങനെ സാധ്യമാകുമെന്ന ധാര്‍മികമായ ചോദ്യം? ( ഈ കേസുകള്‍ നേരാംവണ്ണം പഠിച്ചെങ്കില്‍ ഹാഷ്മിക്ക് അതിന് ആകുമായിരുന്നു )

അത്യന്തം നിഷ്ഠൂരമായ ലൈംഗിക അതിക്രമങ്ങള്‍ മാധ്യമമേഖലയില്‍ തന്നെയുള്ള മറ്റ് സ്ത്രീകള്‍ക്കെതിരെ ഉണ്ടായി എന്നറിഞ്ഞിട്ടും(ഇതുവരെയും പ്രാതിപ്പെടാത്തവര്‍)അവയിലെക്കൊന്നും പരോക്ഷമായ ഒരു ചോദ്യമുന പോലും ഹാഷ്മിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് എന്ത് കൊണ്ടാണ്?

അതിജീവിതകള്‍ (പരാതിയുമായി എത്തിയവരും അല്ലാത്തവരും)സൈബര്‍ ഇടങ്ങളിലും അല്ലാതെയും നേരിടുന്ന ആക്രമണങ്ങള്‍ നേരിട്ടറിയാവുന്ന ഹാഷ്മി..അവരൊക്കെ മരണക്കയത്തിലേക്ക് പോകാതെ പിടിച്ചു നില്‍ക്കുന്നതിന്റെ അധ്വാനം കുറെ ഒക്കെ മനസിലാക്കിയ ഹാഷ്മി അവരുടെയെല്ലാം ചങ്ക് തകരുമെന്ന് നല്ല ഉറപ്പുണ്ടായിട്ടും ഇങ്ങനെ ഒരു വേട്ടക്കാരന് സ്‌പേസ് ഒരുക്കും മുമ്പ് മിനിമം ഹോം വര്‍ക്ക് ചെയ്യണമായിരുന്നു.ശ്വാസമെടുക്കാതെ നിങ്ങള്‍ നടത്തുന്ന ധാര്‍മിക പ്രസംഗങ്ങളില്‍ കുറച്ചെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ മുറിവേറ്റ ഈ മനുഷ്യരെക്കൂടി ഒന്ന് കേള്‍ക്കണമായിരുന്നു.


Full View

അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞത്:

ഫ്‌ലാറ്റ് വാങ്ങി നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടു എന്ന ആരോപണം തെറ്റാണെന്നാണ് രാഹുല്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഒരു ബില്‍ഡര്‍ തനിക്ക് നല്‍കിയ ഡിസ്‌കൗണ്ട് നിരക്കിനെക്കുറിച്ച് അന്വേഷിക്കാന്‍ സുഹൃത്തെന്ന നിലയില്‍ പരാതിക്കാരിയോട് ആവശ്യപ്പെടുകയാണ് ചെയ്തത്. ആ സംഭാഷണത്തിന്റെ മുകളിലെയും താഴെയും ഉള്ള മെസ്സേജുകള്‍ പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും.

താന്‍ ലോണ്‍ എടുത്ത് സ്വന്തം പണം ഉപയോഗിച്ചാണ് ഫ്‌ലാറ്റ് വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നത്. വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുമ്പോള്‍ വലിയ ഫ്‌ലാറ്റ് വേണമെന്ന് അവര്‍ തന്നെ പറയുന്ന ചാറ്റുകള്‍ പുറത്തുവിട്ടാല്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതി നിലനില്‍ക്കില്ലെന്നും രാഹുല്‍ ചുണ്ടിക്കാട്ടി.

ചെരുപ്പ്, സണ്‍സ്‌ക്രീന്‍ ലോഷന്‍ തുടങ്ങിയവ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടു എന്ന പരാതികളെയും രാഹുല്‍ പരിഹസിച്ചുരിന്നു. ഒരു ചെരുപ്പിന്റെ ലിങ്ക് അവര്‍ അയച്ചു തരികയും പിന്നീട് താന്‍ അത് സ്വന്തം പണം നല്‍കി വാങ്ങുകയുമാണ് ചെയ്തത്. ഇത്തരം നിസ്സാരമായ കാര്യങ്ങള്‍ വലിയ ആരോപണങ്ങളായി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ പരാതികളില്‍ പറയുന്നതിനേക്കാള്‍ വലിയ സത്യങ്ങള്‍ കോടതിയിലൂടെ പുറത്തുവരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അഭിമുഖത്തില്‍ പറഞ്ഞു.

Tags:    

Similar News