കണ്ണൂര്‍ കുപ്പത്ത് ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; പ്രതിഷേധവുമായി നാട്ടുകാര്‍; കൂരിയാട് വിദഗ്ധസംഘത്തിന്റെ പരിശോധന; കരാറുകാരനെ ഡീബാര്‍ ചെയ്യുന്നത് അടക്കം കടുത്ത നടപടിക്ക് സാധ്യത; ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി

ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി

Update: 2025-05-21 12:26 GMT

മലപ്പുറം: മലപ്പുറത്തെ കൂരിയാടിന് പിന്നാലെ കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്തും ദേശീയപാതയില്‍ മണ്ണിടിഞ്ഞതോടെ നാട്ടുകാര്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത്. കുപ്പത്ത് ദേശീയപാതയുടെ അശാസ്ത്രീയ നിര്‍മാണത്തിനെതിരെ പ്രതിഷേധം നടന്ന സ്ഥലത്താണു വീണ്ടും മണ്ണിടിഞ്ഞത്. ഇന്നലെ മണ്ണ് കുത്തിയൊലിച്ച് വീടുകളിലേക്ക് ചെളിയും വെള്ളവും എത്തിയിരുന്നു. ദേശീയപാത നിര്‍മാണ മേഖലയില്‍ നിന്നുള്ള മണ്ണും ചെളിവെള്ളവും വീടുകളിലേക്ക് ഒഴുകിയെത്തുന്നുവെന്നാരോപിച്ച് ഇന്ന് നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചിരുന്നു.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണു പ്രതിഷേധം നടത്തിയത്. കലക്ടര്‍ സ്ഥലത്തെത്താമെന്ന ഉറപ്പിന്മേല്‍ പ്രതിഷേധം തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കുകയായിരുന്നു. ഇന്നലെ കുപ്പം ഏഴോം റോഡിലെ സിഎച്ച് നഗറില്‍ മണ്ണും ചെളിയും കയറി വീടുകള്‍ക്ക് നാശമുണ്ടായി. കിടക്കകള്‍ ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങള്‍ നശിച്ചു. മൂന്നു വീട്ടുകാരോട് ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചു. ഇന്ന് രാവിലെ മഴ വീണ്ടും കനത്തതോടെയാണ് വീടുകളില്‍ ചെളികയറാനും മണ്ണിടിയാനും തുടങ്ങിയത്.

ഉച്ചയ്ക്ക് ശേഷം രണ്ടാം തവണയാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. നിര്‍മാണത്തിനായി കുന്നിടിച്ച ഭാഗമാണ് ഇടിഞ്ഞുവീണത്. നിര്‍മാണത്തിനെതിരെ നാട്ടുകാരുടെ വന്‍ പ്രതിഷേധമാണ് ഇന്ന് പ്രദേശത്ത് ഉണ്ടായത്. ദേശീയപാത നിര്‍മ്മാണം നടക്കുന്ന മേഖലയില്‍ വന്‍തോതില്‍ മണ്ണിടിച്ചില്‍ സാധ്യതയുമുണ്ട്. പ്രദേശത്ത് വീണ്ടും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

അതേ സമയം മലപ്പുറത്തെ കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ദേശീയപാത അതോറിറ്റിയുടെ വിദഗ്ധസംഘം പരിശോധന നടത്തി. മൂന്നംഗ സംഘമാണ് പരിശോധന നടത്തുന്നത്. ഡോ. അനില്‍ ദീക്ഷിത് ( ജയ്പൂര്‍ ), ഡോ. ജിമ്മി തോമസ് (കൊച്ചി) എന്നിവരാണ് വിദഗ്ദ സംഘത്തില്‍ ഉള്ളത്. രണ്ട് ദിവസത്തിനകം സംഘം ജില്ലാ കളക്ടര്‍ക്ക് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റ് തുടര്‍ നടപടികള്‍ ഉണ്ടാകുക.

കൂരിയാട് മുതല്‍ കൊളപ്പുറം വരെയുള്ള ഭാഗത്താണ് പരിശോധന നടത്തുന്നത്. ദേശീയപാത തകരാനുള്ള കാരണം എന്ത് , നിര്‍മ്മാണത്തില്‍ അപാകതകള്‍ ഉണ്ടോ, എന്ന കാര്യങ്ങളാണ് സംഘം പരിശോധിച്ചുവരികയാണ്. കൂരിയാട് ദേശീയപാത 66 ലെ സര്‍വീസ് റോഡാണ് തകര്‍ന്നത്. പെട്ടെന്നുണ്ടായ മഴയില്‍ സമീപമുള്ള വയലുകള്‍ക്ക് വിള്ളല്‍ വരികയും മണ്ണിടിഞ്ഞ് താഴുകയുമായിരുന്നുവെന്നാണ് എന്‍എച്ച്എഐയുടെ പ്രൊജക്റ്റ് ഡയറക്ടര്‍ നല്‍കിയ വിശദീകരണം. കൂരിയാട് നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള എടരിക്കോട് മമ്മാലിപ്പടിയിലെ പാതകളിലും വിള്ളല്‍ രൂപപ്പെട്ടതായി കണ്ടെത്തിയിരുന്നു.

അതേസമയം, ദേശീയപാത നിര്‍മാണത്തിലെ അപാകതയില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി . എം പി ഇ ടി മുഹമ്മദ് ബഷീര്‍ എം പിയോടാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. വിഷയം മന്ത്രി ഗൗരവമായി എടുത്തതില്‍ സന്തോഷമെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ദേശീയപാത നിര്‍മാണത്തിലെ അപാകതയില്‍ കരാറുകാരനെ ഡീബാര്‍ ചെയ്യുന്നത് അടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നാണ് കേന്ദ്രമന്ത്രിയുടെ ഉറപ്പ്. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു.

Similar News