'സഹകരിക്കുന്നില്ല എന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്താണ്? അവര്‍ കൊലപാതകമൊന്നും ചെയ്തിട്ടില്ല; ലഹരിക്കേസിലുമില്ല'; ഹൈക്കോടതി വാദം തള്ളി പൂജ ഖേദ്കറിന് ജാമ്യം നല്‍കി സുപ്രീംകോടതി
ഹൈക്കോടതി വാദം തള്ളി പൂജ ഖേദ്കറിന് ജാമ്യം നല്‍കി സുപ്രീംകോടതി
ന്യൂഡല്‍ഹി: വ്യാജ ഐഎഎസ് കേസില്‍ പിരിച്ചുവിടപ്പെട്ട മുന്‍ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിന് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പരീക്ഷകളില്‍ വിജയിക്കാന്‍ പിന്നോക്ക വിഭാഗ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിക്കുകയടക്കം ചെയ്തുവെന്ന ചെയ്തുവെന്ന ആരോപണത്തില്‍ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ ഇടം നേടിയ മുന്‍ ഐഎഎസ് പരിശീലക ഓഫീസര്‍ പൂജ ഖേദ്കറിന് ആശ്വാസം നല്‍കുന്ന വിധിയാണ് സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. ഡല്‍ഹി പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പൂജയെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍, 35,000 രൂപയുടെ ജാമ്യം കെട്ടിവെച്ച് അവരെ ജാമ്യത്തില്‍ വിടണം. ഇതിനിടയില്‍, സാക്ഷികളെ സ്വാധീനിക്കരുതെന്നും രേഖകളിലുള്ള തെളിവുകള്‍ നശിപ്പിക്കരുതെന്നും പൂജയ്ക്ക് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ചെയ്താലും പൂജയ്ക്ക് ജാമ്യം നല്‍കി വിട്ടയക്കണം എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ശാരീരിക വൈകല്യമുണ്ടെന്നും പിന്നാക്ക വിഭാഗത്തില്‍ പെട്ടതെന്ന് കാണിക്കാന്‍ തന്റെ പേരിലെ ജാതി മാറ്റുകയും വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്ത സംഭവത്തിലാണ് പൂജയ്ക്കെതിരെ കേസെടുത്തത്. കേസില്‍ പൂജയ്ക്ക് ജാമ്യം നിഷേധിച്ച് നവംബര്‍ മാസത്തില്‍ ഡല്‍ഹി ഹൈക്കോടതി പ്രഖ്യാപിച്ച ഉത്തരവിലെ പരാമര്‍ശങ്ങള്‍ സുപ്രീംകോടതി തള്ളി. കേസില്‍ സഹകരിക്കുന്നില്ലെന്ന ഡല്‍ഹി ഹൈക്കോടതിയുടെ നിഗമനത്തെയാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞത്.
പൂജ ഖേദ്കറുടെ നടപടികള്‍ പ്രാഥമികമായി കബളിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിച്ച 2024 നവംബറിലെ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതി ശക്തമായ ചോദ്യങ്ങള്‍ ഉന്നയിച്ചു. പൂജ ഖേദ്കര്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചില്ല എന്ന ഡല്‍ഹി ഹൈക്കോടതിയുടെ നിഗമനം സുപ്രീം കോടതി തള്ളി. ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് പൂജ ഖേദ്കര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
'സഹകരിക്കാതിരിക്കുക എന്നതിനര്‍ത്ഥമെന്താണ്?' ജസ്റ്റിസ് ബി വി നാഗരത്‌ന ചോദിച്ചു, അവര്‍ കൊലപാതകം ചെയ്തിട്ടില്ല... ഇത് എന്‍ഡിപിഎസ് (മയക്കുമരുന്ന് വിരുദ്ധ നിയമം) കുറ്റമല്ല. അവര്‍ സഹകരിക്കും.' - കോടതി പറഞ്ഞു. ദില്ലി പോലീസിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു, ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ പൊലീസിന് തുടര്‍ച്ചയായ കസ്റ്റഡി ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി പൂജയെ വിട്ടയക്കുന്നതിനെ എതിര്‍ത്തിരുന്നു.
പ്രവേശനം നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസില്‍ നിന്ന് നേരത്തെ പൂജ ഖേഡ്കറെ പുറത്താക്കിയത്. ഗുരുതരമായ ആരോപണങ്ങള്‍ പൂജ ഖേദ്കര്‍ നേരിട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഐഎസ്എസില്‍ നിന്ന് പുറത്താക്കികൊണ്ടുള്ള കര്‍ശന നടപടിയെടുത്തത്. പൂജ ഹാജക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഒബിസി സര്‍ട്ടിഫിക്കറ്റ് എന്നിവ വ്യാജമാണെന്നാണ് കണ്ടെത്തല്‍.
ഐഎഎസ് ലഭിക്കുന്നതിനായി പൂജ, ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകള്‍ എന്നിവ ദുരുപയോഗം ചെയ്തതായി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. പുനെയിലെ സബ് കളക്ടറായിരുന്ന പൂജയുടെ അധികാര ദുര്‍വിനിയോഗം വാര്‍ത്തയായതിനെ തുടര്‍ന്നാണ് സംഭവങ്ങള്‍ പുറത്തായത്. തുടര്‍ന്ന് ഇവരെ സ്ഥലം മാറ്റി. പിന്നാലെ ഇവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികതയെക്കുറിച്ച് സംശയങ്ങളുയര്‍ന്നു. യുപിഎസ്‌സി പരീക്ഷയില്‍ 841-ാം റാങ്കാണ് ഇവര്‍ക്ക് ലഭിച്ചത്. അഹമ്മദ്നഗര്‍ സ്വദേശിയായ പൂജ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.
ചട്ടങ്ങള്‍ അനുസരിച്ച്, ഐഎഎസ് ട്രെയിനിക്ക് ചുവന്ന-നീല ബീക്കണ്‍ ലൈറ്റ്, വിഐപി നമ്പര്‍ പ്ലേറ്റ്, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബര്‍, കോണ്‍സ്റ്റബിള്‍ എന്നീ സൗകര്യങ്ങള്‍ നല്‍കില്ലെന്നിരിക്കെ ഇത്തരം ആവശ്യങ്ങള്‍ ഇവര്‍ ഉന്നയിച്ചിരുന്നു. ഇതിന് പുറമേ സ്വകാര്യ ഓഡി കാറില്‍ ചുവന്ന-നീല ബീക്കണ്‍ ലൈറ്റും വിഐപി നമ്പര്‍ പ്ലേറ്റും ഇവര്‍ ഉപയോഗിച്ചതും സ്വകാര്യ കാറില്‍ 'മഹാരാഷ്ട്ര സര്‍ക്കാര്‍' എന്ന ബോര്‍ഡും സ്ഥാപിച്ചതും വിവാദമായിരുന്നു.