ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് വിപണിയില്‍ പ്രിയം കുറയുന്നു; മുതല്‍ മുടക്കില്‍ 30 ശതമാനം കുറവു വരുത്തി വാഹന നിര്‍മ്മാണ കമ്പനിയായ ഹോണ്ട; പകരം ഹൈബ്രിഡ് വാഹനങ്ങളുടെ നിര്‍മ്മാണം വിപുലപ്പെടുത്തുന്നതിന് തീരുമാനം

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് വിപണിയില്‍ പ്രിയം കുറയുന്നു

Update: 2025-05-21 07:36 GMT

ലണ്ടന്‍: ഇലക്ട്രിക്ക് വാഹന വിപണിയില്‍ കൂടുതല്‍ പണം നിക്ഷേപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോക്കം പോയി പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ ഹോണ്ട. ഇലക്ട്രിക്ക് വാഹനങ്ങളുടെ നിര്‍മ്മാണ മേഖലയില്‍ മുതല്‍മുടക്കാനിരുന്ന തുകയില്‍ നിന്ന് 15 ബില്യണ്‍ പൗണ്ടാണ് കുറച്ചിരിക്കുന്നത്. ഇത് മൊത്തം മുതല്‍മുടക്കിന്റെ 30 ശതമാനത്തോളം വരും. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ഇപ്പോള്‍ പൊതുവേ വിപണിയില്‍ പ്രിയം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ഹോണ്ടയും ഈ നിര്‍ണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

2030 ആകുമ്പോഴേക്കും തങ്ങളുടെ കാര്‍ വില്‍പ്പനയുടെ 30 ശതമാനത്തിന് പകരം 20 ശതമാനം ഇലക്ട്രിക് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പുതിയ ഇലക്ട്രിക് വാഹന പദ്ധതികള്‍ക്കായുള്ള ബജറ്റ് കമ്പനി ഏതാണ്ട് മൂന്നിലൊന്ന് വെട്ടിക്കുറച്ചിരിക്കുകയാണ്. പകരം ഹൈബ്രിഡ് വാഹനങ്ങളുടെ നിര്‍മ്മാണം വിപുലപ്പെടുത്തുന്നതില്‍ ഉടന്‍ തന്നെ കൂടുതല്‍ നിക്ഷേപം ഹോണ്ടാ കമ്പനി നടത്തും.

ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ കാര്‍ നിര്‍മ്മാതാക്കള്‍ പൂര്‍ണ്ണമായും ഇലക്ട്രിക്കിലേക്ക് മാറ്റാനുള്ള സമ്മര്‍ദ്ദം

ഇപ്പോള്‍ കുറയ്ക്കുക കൂടി ചെയ്തതോടെയാണ് വാഹന നിര്‍മ്മാതാക്കള്‍ അവയുടെ നിര്‍മ്മാണത്തിന്റെ തോത് കുറയ്ക്കുന്നത്. നിലവില്‍ ഇലക്ട്രിക് കാറുകള്‍ക്കുള്ള ഡിമാന്‍ഡ് കുറയുമെന്ന പ്രവചനങ്ങളും വ്യാപകമായിരിക്കുകയാണ്. 2030 ഓടെ അമേരിക്കയിലെ എല്ലാ പുതിയ കാറുകളും ഇലക്ട്രിക് ആയിരിക്കണമെന്ന് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കിയിരിക്കുകയാണ്.

അതേസമയം, ഹൈബ്രിഡ് വാഹനങ്ങള്‍ 2035 വരെ വില്‍ക്കുന്നത് തുടരാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ 2030 ഓടെ പൂര്‍ണ്ണമായും പെട്രോള്‍-ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന നിരോധിക്കുകയും ചെയ്തിരിക്കുകയാണ്. ജപ്പാനിലെ കിറ്റക്യുഷിയില്‍ 822 മില്യണ്‍ പൗണ്ടിന്റെ ബാറ്ററി ഉല്‍പ്പാദന പ്ലാന്റ് നിര്‍മ്മിക്കാനുള്ള പദ്ധതി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാനും റദ്ദാക്കിയിരുന്നു. കൂടാതെ കമ്പനി ഇരുപതിനായിരത്തോളം തൊഴിലവസരങ്ങളും ഇല്ലാതാക്കിയിരിക്കുകയാണ്.

ഇതിന് തൊട്ടുപിന്നാലെയാണ് ഹോണ്ടയുടെ ഈ നിര്‍ണായക തീരുമാനം. ഈ ദശകത്തിന്റെ അവസാനത്തോടെ കാര്‍ വില്‍പ്പനയുടെ 30 ശതമാനം ഇലക്ട്രിക് ആക്കുമെന്നാണ്് അവര്‍ തീരുമാനിച്ചിരുന്നത്. 2021 ല്‍ ഇത് 40 ശതമാനം എന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഹോണ്ടയുടെ സി.ഇ.ഒ തോഷിഹിരോ മിബെ പറയുന്നത് ഇലക്ട്രിക്ക് വാഹന വിപണിയെ കുറിച്ച് ഇപ്പോള്‍ എന്തെങ്കിലും പറയുക എളുപ്പമുള്ള കാര്യമല്ല എന്നാണ്. ഇലക്ട്രിക്ക് വാഹന നിര്‍മ്മാണം ഉപേക്ഷിച്ചിട്ടില്ലെന്നും അതിനായി മാറ്റി വെച്ച തുകയുടെ തോത് കുറയ്ക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെുള്ള രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ആളുകളെ ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതില്‍ നിന്ന് തടയുകയാണെന്നും മിബെ ചൂണ്ടിക്കാട്ടി. ഈയിടെ ഉണ്ടായ താരിഫ് യുദ്ധങ്ങളും ഇലക്ട്രിക്ക് വാഹന വിപണിക്ക് ദോഷം ചെയ്തു എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി പല കാര്‍ നിര്‍മ്മാതാക്കളും അവരുടെ ഇലക്ട്രിക് മോഡലുകളുടെ വില കുറയ്ക്കുകയുമാണ്.

Tags:    

Similar News