'അവിടെനിന്നും ഏറെ സ്നേഹം ലഭിച്ചു; എനിക്ക് പാക്കിസ്ഥാനില്‍ വിവാഹം കഴിക്കണം'; ഐഎസ്‌ഐ ഉദ്യോഗസ്ഥനുമായുള്ള ജ്യോതി മല്‍ഹോത്രയുടെ വാട്ട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത്; രഹസ്യവിവരങ്ങള്‍ കൈമാറിയത് കോഡ് ഭാഷയില്‍; ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതടക്കം ചോര്‍ത്തിനല്‍കി; പാക്ക് ചാരന്മാരുമായുള്ള ബന്ധം സമ്മതിച്ച് സ്‌പൈ ജ്യോതി

പാക്ക് ചാരന്മാരുമായുള്ള ബന്ധം സമ്മതിച്ച് സ്‌പൈ ജ്യോതി

Update: 2025-05-21 09:52 GMT

ന്യൂഡല്‍ഹി: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാക് ചാരന്മാരുമായി തനിക്ക് ബന്ധമുണ്ടെന്ന് സമ്മതിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യലിലാണ് പാക് ചാരസംഘടനയായ ഐഎസ്ഐയില്‍ ഉള്‍പ്പെട്ടവരുമായി ബന്ധമുണ്ടെന്ന് ജ്യോതി മല്‍ഹോത്ര സമ്മതിച്ചത്. ഡല്‍ഹിയിലെ പാക്ക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും പാക്ക് ചാരനുമായ ഡാനിഷുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായി യുവതി സമ്മതിച്ചിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ മൂന്ന് പേരുമായി ബന്ധമുണ്ടെന്ന് ജ്യോതി മല്‍ഹോത്ര സമ്മതിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എനിക്ക് ഒരു ഖേദവുമില്ല, താന്‍ എന്തെങ്കിലും തെറ്റ് ചെയ്തതായി വിശ്വസിക്കുന്നില്ല, ചെയ്തത് ന്യായമാണെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ ചോദ്യം ചെയ്യലിനിടയില്‍ മൊഴിനല്‍കിയെന്ന് അന്വേഷസംഘത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് എക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സുരക്ഷാ ആശങ്കകള്‍ക്കിടയില്‍ ചില പ്രദേശങ്ങളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ആ സമയങ്ങളിലും പാക്കിസ്ഥനിലെ ഇന്റലിജന്‍സ് വിഭാഗത്തിലെ മൂന്ന് പേരുമായി ജ്യോതി ബന്ധപ്പെട്ടിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള ചാര ശൃംഖലയുമായി ജ്യോതിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

അതിനിടെ പാക് ചാരന്മാരുമായി രഹസ്യവിവരങ്ങളടക്കം പങ്കുവച്ച ജ്യോതി മല്‍ഹോത്രയുടെ വാട്ട്സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നു. പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ഉദ്യോഗസ്ഥന്‍ അലി ഹസനുമായുള്ള ജ്യോതിയുടെ വാട്ട്സ്ആപ്പ് ചാറ്റുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്‍ഐഎ കണ്ടെത്തിയ ചാറ്റുകളില്‍ ജ്യോതി പാകിസ്താനെ പ്രശംസിക്കുകയും പാക്കിസ്ഥാനില്‍ വിവാഹിതയാകണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ജ്യോതി പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷിനെ വിവാഹം കഴിച്ചതായുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്കിടെയാണ് വാട്ട്സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നിരിക്കുന്നത്. ഐഎസ്‌ഐ ഉദ്യോഗസ്ഥന്‍ അലി ഹസനുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. രഹസ്യവിവരങ്ങള്‍ കൈമാറുന്നതിനായി കോഡ് ഭാഷയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതിനേക്കുറിച്ചുള്ള വിവരങ്ങളും ജ്യോതി പാക്കിസ്ഥാന് ചോര്‍ത്തിനല്‍കിയിട്ടുണ്ട്. ഓപ്പറേഷന്‍ നടക്കുന്നതിനിടെ ഡാനിഷുമായും അവര്‍ ബന്ധപ്പെട്ടിരുന്നു. ബംഗ്ലാദേശ് സന്ദര്‍ശിക്കാനും ജ്യോതി പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ രേഖകള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ബംഗ്ലാദേശ് വിസയ്ക്ക് വേണ്ടിയുള്ള അപേക്ഷാ ഫോമുകള്‍ പൊലീസ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

2023ല്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള വിസയ്ക്കായി ഹൈക്കമ്മീഷനില്‍ പോയ സന്ദര്‍ഭത്തിലാണ് ഡാനിഷിനെ ആദ്യമായി പരിചയപ്പെട്ടതെന്നാണ് ജ്യോതിയുടെ മൊഴി. പാക്കിസ്ഥാനിലെത്തിയപ്പോള്‍ ഡാനിഷ് വഴി അലി ഹസ്സന്‍ എന്നയാളെ പരിചയപ്പെട്ടു. ഇയാളാണ് പാക്കിസ്ഥാനിലെ താമസവും യാത്രാസൗകര്യങ്ങളും ഏര്‍പ്പാടാക്കിയത്. പിന്നീട് അലി ഹസ്സന്‍ പാക് ചാരസംഘടനയിലെ ഉദ്യോഗസ്ഥരായ ഷാക്കിര്‍, റാണ ഷഹബാസ് എന്നിവരെ പരിചയപ്പെടുത്തി. ഷാക്കിറിന്റെ ഫോണ്‍ നമ്പര്‍ സംശയം തോന്നാതിരിക്കാന്‍ മറ്റൊരു പേരിലാണ് ഫോണില്‍ സേവ് ചെയ്തിരുന്നത്. ഇന്ത്യയില്‍ തിരികെ എത്തിയതിന് ശേഷവും പാക് ചാരന്മാരായ ഇവരുമായി ബന്ധം പുലര്‍ത്തിയിരുന്നു. വാട്സാപ്പ്, സ്നാപ്ചാറ്റ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് പ്ലാറ്റ്ഫോമുകളിലൂടെയാണ് ആശയവിനിമയം നടത്തിയിരുന്നതെന്നും ജ്യോതിയുടെ മൊഴിയിലുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, ജ്യോതിയുടെ സ്വകാര്യ ഡയറി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. പാക്കിസ്ഥാന്‍ സന്ദര്‍ശനത്തെക്കുറിച്ച് ജ്യോതി മല്‍ഹോത്ര ഡയറിയില്‍ വിശദമായി കുറിച്ചിരുന്നു. പാക്കിസ്ഥാന്‍ യാത്ര ഏറെ സ്നേഹം നിറഞ്ഞതായിരുന്നുവെന്നും അവിടെനിന്ന് ഏറെ സ്നേഹം ലഭിച്ചെന്നുമാണ് ജ്യോതി പാക്കിസ്ഥാന്‍ യാത്രയെക്കുറിച്ച് ഡയറിയില്‍ കുറിച്ചിരുന്നത്.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രധാനചടങ്ങുകളുടെ വിവരങ്ങളും ജ്യോതി മല്‍ഹോത്ര പാക് ചാരന്മാര്‍ക്ക് കൈമാറിയിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഓപ്പറേഷന്‍ സിന്ദൂറിന് തലേദിവസം ഡല്‍ഹിയിലെത്തിയ ജ്യോതി മല്‍ഹോത്ര, അന്നേദിവസവും പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായിരുന്ന ഡാനിഷിനെ നേരില്‍കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

പാക്കിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതിന് കഴിഞ്ഞയാഴ്ചയാണ് ഹരിയാന സ്വദേശിയായ ജ്യോതി മല്‍ഹോത്ര അറസ്റ്റിലായത്. ഇവര്‍ അടക്കം 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനു മുന്‍പ് ജ്യോതി കശ്മീരും പാക്കിസ്ഥാനും സന്ദര്‍ശിച്ചതായി ഹരിയാന പൊലീസ് സ്ഥിരീകരിച്ചിരുന്നു. പാക്കിസ്ഥാന്‍ യാത്രയ്ക്കിടെ ജ്യോതി പാക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പൊലീസ് പറഞ്ഞു.

അതേസമയം, ജ്യോതി ഈ അടുത്ത് നടത്തിയ കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ചും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. മൂന്ന് മാസം മുമ്പ് പഹല്‍ഗാം സന്ദര്‍ശിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആ സന്ദര്‍ശനത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം കണ്ടെത്താന്‍ പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നു. 'ഈ യാത്രയ്ക്ക് പിന്നില്‍ ചാരസംഘവുമായി എന്തെങ്കിലും ബന്ധമുണ്ടോ അതോ അവിടെ നിന്ന് എന്തെങ്കിലും വിവരങ്ങള്‍ അവള്‍ കൈമാറുകയായിരുന്നോ എന്ന് അന്വേഷിക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

33-കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ 'ട്രാവല്‍ വിത്ത് ജെഒ' എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്‌ക്രൈബേഴ്‌സ് ഉണ്ട്. 450-ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാക്കിസ്ഥാന്‍ സന്ദര്‍ശനം സംബന്ധിച്ചവയായിരുന്നു.

Tags:    

Similar News