അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം കടമ മറക്കരുത്; രാക്ഷസന്‍മാര്‍ ഇവിടെ വന്ന് നമ്മുടെ ആളുകളെ ആക്രമിക്കുമ്പോള്‍ നമ്മള്‍ ഐക്യത്തോടെ ഇരിക്കണം; വില കുറഞ്ഞ പ്രശസ്തിക്ക് ശ്രമിക്കരുത്; വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം; ഓപ്പറേഷന്‍ സിന്ദൂറില്‍ മോശം പോസ്റ്റിട്ട പ്രൊഫസര്‍ക്ക് ജാമ്യം അനുവദിച്ച് കൊണ്ട് സുപ്രീം കോടതി

ഓപ്പറേഷന്‍ സിന്ദൂറില്‍ മോശം പോസ്റ്റിട്ട പ്രൊഫസര്‍ക്ക് ജാമ്യം അനുവദിച്ച് കൊണ്ട് സുപ്രീം കോടതി

Update: 2025-05-21 12:52 GMT

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് പോസ്റ്റിട്ടതിന് അറസ്റ്റിലായ അശോക സര്‍വകലാശാല പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സര്‍വകലാശാലയിലെ അസോഷിയേറ്റ് പ്രൊഫസറും പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പ് മേധാവിയുമാണ് പ്രൊഫ. മഹ്‌മൂദാബാദ്. കഴിഞ്ഞാഴ്ചയാണ് ഇയാളെ പോസ്റ്റിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനും, ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണ് പോസ്‌റ്റെന്നുമാണ് കേസ്.

മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് പ്രൊഫസര്‍ക്ക് വേണ്ടി ജസ്റ്റിസുമാരായ സൂര്യകാന്തും. എന്‍ കോടീശ്വര്‍ സിങ്ങും അടങ്ങിയ ബഞ്ചിന് മുമ്പാകെ വാദം ഉന്നയിച്ചത്. വാദങ്ങള്‍ക്ക് മറുപടിയായി ജസ്റ്റിസ് സൂര്യ കാന്ത് ഇങ്ങനെ പറഞ്ഞു: ' എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ട്. ഈ സമയത്താണോ ഇതെല്ലാം സംസാരിക്കേണ്ടത്? രാജ്യം ഈ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍... രാക്ഷസന്മാര്‍ ഇവിടെ വന്ന് നമ്മുടെ ആളുകളെ ആക്രമിച്ചു...ഈ സമയത്ത് നമ്മള്‍ ഐക്യത്തോടെ ഇരിക്കണം. ഈ സന്ദര്‍ഭത്തില്‍ വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി എന്തിന് ഇങ്ങനെ ചെയ്യുന്നു'- ജസ്റ്റിസ് ചോദിച്ചു.

പ്രൊഫസറുടെ പോസ്റ്റില്‍ യാതൊരു ക്രിമിനല്‍ ഉദ്ദേശ്യവുമില്ലായിരുന്നു എന്ന് കപില്‍ സിബല്‍ പറഞ്ഞു. അപ്പോള്‍ ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രതികരണം ഇങ്ങനെ: ' എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ അറിയണം. അഭിപ്രായ സ്വാതന്ത്ര്യത്തിന് തീര്‍ച്ചയായും അവകാശമുണ്ട്. പക്ഷേ കടമ എവിടെയാണ്? പ്രൊഫസറുടെ പരാമര്‍ശങ്ങള്‍ വിളിച്ചുകൂവലാണ്. മറുപക്ഷത്തെ അപമാനിക്കാനും, അസ്വസ്ഥത ഉണ്ടാക്കാനും വേണ്ടി മന: പൂര്‍വം വാക്കുകള്‍ തിരഞ്ഞെടുക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. അദ്ദേഹം വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു. മറ്റുള്ളവരുടെ വികാരങ്ങളെ ഹനിക്കാതെ അദ്ദേഹത്തിന് ഭാഷ ഉപയോഗിക്കാം', ജസ്റ്റിസ് സൂര്യകാന്ത്് പറഞ്ഞു.

എന്നാല്‍, വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ പ്രൊഫസര്‍ക്ക് താല്‍പര്യമില്ലായിരുന്നുവെന്നും ക്രിമിനല്‍ ഉദ്ദേശ്യമില്ലായിരുന്നുവെന്നും സിബല്‍ ചൂണ്ടി കാട്ടി. ' അദ്ദേഹത്തിന്റെ ഭാര്യ 9 മാസം ഗര്‍ഭിണിയാണെന്നും അദ്ദേഹം ഇപ്പോള്‍ ജയിലിലാണെന്നും സിബല്‍ പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റി വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ വനിതാ ഓഫിസര്‍മാരായ കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവരെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചാണ് മേയ് എട്ടിന് അലി ഖാന്‍ സമൂഹമാധ്യമത്തില്‍ കുറിപ്പെഴുതിയത്. വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയ നടപടി മികച്ച മാതൃകയാണെങ്കിലും വലതുപക്ഷ നിരീക്ഷകര്‍ കേണല്‍ സോഫിയയെ ആഘോഷിക്കുന്നത് കാപട്യമാണെന്നായിരുന്നു അലി ഖാന്റെ വിമര്‍ശനം.

ജാമ്യം അനുവദിച്ചെങ്കിലും കോടതി അന്വേഷണം തടഞ്ഞിട്ടില്ല. ഹരിയാനയിലെയോ, ഡല്‍ഹിയിലെയോ അല്ലാത്ത മൂന്നു ഐപിഎസ് ഓഫീസര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേകാന്വേഷണ സംഘം രൂപീകരിക്കാന്‍ ഡിജിപിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കേസുമായി ബന്ധപ്പെട്ട ലേഖനമോ, പോസ്‌റ്റോ, എഴുതില്ലെന്നും പഹല്‍ഗാം ആക്രമണമോ, ഓപ്പറേഷന്‍ സിന്ദൂറോ പരാമര്‍ശിക്കരുതെന്നും പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

Tags:    

Similar News