ലോകം അത്ഭുതത്തോടെ ഞെട്ടിത്തരിച്ച ഒരു രക്ഷപെടല്‍..! പോലീസ് പിന്തുടരവേ കാര്‍ പകുതിയായി പിളര്‍ത്തി വാഹനം ഓടിച്ചു കൊണ്ടുപോയി രക്ഷപ്പെട്ടു യുവാവ്; ആ ഞെട്ടിക്കുന്ന രക്ഷപെടല്‍ വീഡിയോ വൈറല്‍

ലോകം അത്ഭുതത്തോടെ ഞെട്ടിത്തരിച്ച ഒരു രക്ഷപെടല്‍..!

Update: 2025-05-21 07:48 GMT

മോസ്‌കോ: റഷ്യയില്‍ പോലീസ് പിന്തുടരുന്നതിനിടെ കാര്‍ രണ്ടായി പിളര്‍ന്ന് പ്രതി രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ എങ്ങും വൈറലാകുകയാണ്. റഷ്യയിലെ ടാറ്റര്‍സ്ഥാനിലാണ് സംഭവം നടന്നത്. ദൃശ്യങ്ങളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഓറഞ്ച് നിറത്തിലുള്ള ഒരു വാഹനത്തിന് അടുത്തേക്ക് ഓടിയെത്തുന്നതായി കാണാം.

തുടര്‍ന്ന് കാര്‍ നിര്‍ത്തുകയാണ്. എന്നാല്‍ ഡ്രൈവറെ ചോദ്യം ചെയ്യുന്നതിനായി പോലീസുകാരന്‍ കാറിന്റെ ഡോര്‍ തുറക്കുമ്പോഴാണ് അത്ഭുതം സംഭവിക്കുന്നത്. കാര്‍ പെട്ടെന്ന് തന്നെ രണ്ടായി പിളരുകയാണ്. വാഹനം ഓടിച്ചിരുന്ന വ്യക്തി ഈ തക്കം നോക്കി ഓടിരക്ഷപ്പെടുന്നതായും കാണാന്‍ കഴിയും. പോലീസ് ഉദ്യോഗസ്ഥന്‍ ഓടി രക്ഷപ്പെട്ട ഡ്രൈവറെ പിന്തുടരാന്‍ ശ്രമിക്കുമ്പോള്‍ കാറിന്റെ പകുതി ഭാഗം റോഡില്‍

തന്നെ കിടക്കുന്നതായും കാണാം.

എന്നാല്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ കാര്‍ രണ്ടായി പിളരുന്ന തരത്തില്‍ നേരത്തേ തന്നെ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു എന്നാണ്. സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വിചിത്രമായ വീഡിയോ കണ്ടത്.

ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ പലരും ഈ രംഗത്തെ കാര്‍ട്ടൂണിന്റെ ദൃശ്യങ്ങളോടാണ് താരതമ്യം ചെയ്തത്. യു.കെയിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നില്‍ സ്പൈഡര്‍ മാനെ പോലെ ഒരു പ്രതി വലിയൊരു മതിലില്‍ കയറി രക്ഷപ്പെടാന്‍ ശ്രമം നടത്തിയത് സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ പുതിയ ദൃശ്യങ്ങള്‍ ഇത്രയും പേര്‍ കാണുന്നത്.

കഴിഞ്ഞ മാര്‍്ച്ചിലായിരുന്നു സംഭവം നടന്നത്. മധ്യ ലണ്ടനെ വലയം ചെയ്യുന്ന ഒരു റിംഗ് റോഡായ നോര്‍ത്ത് സര്‍ക്കുലറിലായിരുന്നു ഇയാള്‍ രക്ഷപ്പെട്ടത്. നാല്‍പ്പതടി ഉയരമുള്ള മതിലാണ് ഇയാള്‍ ചാടിക്കടക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇയാള്‍ മതിലില്‍ ഇരുപതടി കയറിയപ്പോള്‍ തന്നെ പോലീസ് വാഹനങ്ങള്‍ എത്തുകയും അവിടെയെത്തിയ പോലീസുകാര്‍ ഇയാളോട് താഴെയിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വീഡിയോ ദൃശ്യങ്ങള്‍ ഈ ഭാഗത്ത് വെച്ച് അവസാനിക്കുന്നത് കാരണം പിന്നീട് ഇയാള്‍ക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ കഴിഞ്ഞിട്ടില്ല.

അതേ സമയം മറ്റൊരു വീഡിയോയില്‍ ഇയാള്‍ താഴേക്ക് ചാടുന്നതായും അവിടെ നിന്ന ഒരു പോലീസുകാരന്റെ ദേഹത്ത് തട്ടി മറിഞ്ഞു വീഴുന്നതായും കാണാം. വീണു പോയ പ്രതിയുടെ അടുത്തേക്ക് നാല് പോലീസുകാര്‍ ഓടിയെത്തുന്നുണ്ട്.സംഭവം പുറത്തറിഞ്ഞതോടെ റോഡിന്റെ ഒരു ഭാഗം പോലീസുകാര്‍ വളയുകയായിരുന്നു. ട്രാഫിക്ക് നിയമം ലംഘിച്ച കുറ്റത്തിനാണ് പോലീസ് ഇയാളെ പിടികൂടിയത് എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ എല്ലാവരും ഇയാളെ സ്പൈഡര്‍മാനുമായി താരതമ്യം ചെയ്ത് കളിയാക്കുകയാണ്.

Tags:    

Similar News