'വിനോദിനി മോള്‍ അനുഭവിച്ച വേദനയൊന്നും കൊതുക് കടിച്ചാല്‍ ഉണ്ടാകില്ല മന്ത്രി': മകളുടെയും വീണ ജോര്‍ജിന്റെയും പരിക്കേറ്റ ചിത്രങ്ങള്‍ പങ്കുവച്ച് ആ അമ്മയുടെ രൂക്ഷ വിമര്‍ശനം; ഐസിയു നാടകത്തിനിടെ വിങ്ങുന്ന ഓര്‍മ്മയുമായി കുടുംബം; വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
'വിനോദിനി മോള്‍ അനുഭവിച്ച വേദനയൊന്നും കൊതുക് കടിച്ചാല്‍ ഉണ്ടാകില്ല മന്ത്രി'
പാലക്കാട്: ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിയുടെ അമ്മ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. 'വിനോദിനി മോള്‍ അനുഭവിച്ച വേദനയൊന്നും കൊതുക് കടിച്ചാല്‍ ഉണ്ടാകില്ല മന്ത്രി,' എന്നായിരുന്നു വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ വിനോദിനിയുടെ അമ്മ പ്രസീതയുടെ പ്രതികരണം. ഇന്ന് വൈകിട്ട് കണ്ണൂരില്‍ കെ.എസ്.യു. പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ വിമര്‍ശനം.
മന്ത്രി വീണാ ജോര്‍ജിനും മകള്‍ വിനോദിനിക്കും പരിക്കേറ്റ കൈകളുടെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുകൊണ്ടാണ് പ്രസീതയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്. മന്ത്രിയുടെ അനാസ്ഥമൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിയുടെ ദുരവസ്ഥയും, കെ.എസ്.യു. ആക്രമണത്തില്‍ മന്ത്രിക്ക് കൈക്ക് പരിക്കേറ്റതും താരതമ്യം ചെയ്താണ് ഈ വിമര്‍ശനം.
കഴിഞ്ഞ സെപ്റ്റംബര്‍ 30നാണ് കൈ ഒടിഞ്ഞതിനെ തുടര്‍ന്ന് പാലക്കാട് പല്ലശ്ശന സ്വദേശിനിയായ വിനോദിനി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍, ചികിത്സാ പിഴവിനെ തുടര്‍ന്ന് കുട്ടിയുടെ വലതുകൈ മുറിച്ചു മാറ്റേണ്ടി വരികയായിരുന്നു.
ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കെ.എസ്.യു. പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റത്. സംഭവത്തില്‍ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഡി.ജി.പി. റവാഡ ചന്ദ്രശേഖര്‍ അറിയിച്ചിരുന്നു. മന്ത്രിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സി.പി.എം. പ്രതിഷേധങ്ങള്‍ നടന്നു വരികയാണ്.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണാണ് വിനോദിനിയുടെ കൈയ്ക്ക് പരിക്കേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കൈയില്‍ നീര്‍ക്കെട്ട് ഉണ്ടായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടിവന്നത്.
സെപ്റ്റംബര്‍ 24നു വൈകിട്ടാണു സഹോദരന്‍ അനുവിന്ദിനൊപ്പം കളിക്കുന്നതിനിടെ വിനോദിനിക്ക് വീണ് അപകടം സംഭവിക്കുന്നത്. ആദ്യം ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെ പരിശോധിച്ച ഡോക്ടര്‍മാര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്ന് കയ്യില്‍ പ്ലാസ്റ്റര്‍ ഇട്ട ശേഷം അന്നു രാത്രി തന്നെ ഡിസ്ചാര്‍ജ് നല്‍കുകയും ചെയ്തു. പിന്നീടാണ് സ്ഥിതി മാറിയത്.
വേദന സഹിക്കാന്‍ കഴിയാതെ കുട്ടി കരഞ്ഞപ്പോള്‍ എല്ല് പൊട്ടിയതാണല്ലോ വേദനയുണ്ടാകുമെന്നായിരുന്നു മറുപടി. എന്നാല്‍ വേദന കൂടി വരുകയും കുട്ടി അവശ നിലയിലാവുകയും ചെയ്തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. അപ്പോഴേയ്ക്കും കൈയിലെ രക്തയോട്ടം കുറഞ്ഞിരുന്നു. ദുര്‍ഗന്ധമുള്ള പഴുപ്പ് വരാന്‍ തുടങ്ങി. ഇതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് അയച്ചത്.
പഴുപ്പ് വ്യാപിച്ചതിനാല്‍ കൈ മുറിച്ച് മാറ്റേണ്ടി വന്നു. ജില്ലാ ആശുപത്രിയില്‍ വിനോദിനിയെ പരിശോധിച്ച ഡോക്ടര്‍മാരുടെ പിഴവിനെത്തുടര്‍ന്നാണ് കുട്ടിയുടെ കൈ നഷ്ടപ്പെട്ടതെന്നും കുടുംബം ആരോപിച്ചിരുന്നു. പണം കടംവാങ്ങിയാണ് വിനോദിനിയുടെ രക്ഷിതാക്കള്‍ ചികിത്സ നടത്തിയത്.
