ബില്‍ ഗേറ്റ്സിനെ കുരുക്കി റഷ്യന്‍ സുന്ദരിമാര്‍! രണ്ട് യുവതികളുമായുള്ള അവിഹിത ബന്ധം പരസ്യമായി സമ്മതിച്ച് ശതകോടീശ്വരന്‍; ജീവനക്കാരോട് മാപ്പപേക്ഷ; മെലിന്‍ഡ പറഞ്ഞത് ശരിയായി, എപ്സ്റ്റീന്‍ 'തിന്മയുടെ അവതാരം'; ഭീഷണിക്ക് വഴങ്ങിയോ മൈക്രോസോഫ്റ്റ് സ്ഥാപകന്‍? ചര്‍ച്ചയായി വെളിപ്പെടുത്തല്‍

ബില്‍ ഗേറ്റ്സിനെ കുരുക്കി റഷ്യന്‍ സുന്ദരിമാര്‍!

Update: 2026-02-25 15:49 GMT

ന്യൂയോര്‍ക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തില്‍ മാപ്പ് ചോദിച്ച് ബില്‍ ഗേറ്റ്‌സ്. ചൊവ്വാഴ്ച ഗേറ്റ്സ് ഫൗണ്ടേഷനില്‍ നടന്ന ജീവനക്കാരുടെ യോഗത്തിലാണ് ടൗണ്‍ ഹാള്‍ മീറ്റിംഗ്) അദ്ദേഹം മാപ്പപേക്ഷിച്ചത്. രണ്ട് റഷ്യന്‍ യുവതികളുമായി തനിക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചെങ്കിലും, അവര്‍ എപ്സ്റ്റീന്റെ പീഡനത്തിന് ഇരയായവരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

എപ്സ്റ്റീനോടൊപ്പം സമയം ചിലവഴിച്ചതും ഫൗണ്ടേഷന്‍ ഉദ്യോഗസ്ഥരെ എപ്സ്റ്റീനുമായുള്ള മീറ്റിംഗുകളില്‍ പങ്കാളികളാക്കിയതും ടവലിയ തെറ്റായിപ്പോയി' എന്ന് ഗേറ്റ്സ് ജീവനക്കാരോട് പറഞ്ഞു. വാള്‍ സ്ട്രീറ്റ് ജേണലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

'എന്റെ തെറ്റ് കാരണം ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട മറ്റുള്ളവരോട് ഞാന്‍ മാപ്പ് ചോദിക്കുന്നു,' ഗേറ്റ്സ് പറഞ്ഞതായി ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ ബന്ധങ്ങളെക്കുറിച്ച് ഗേറ്റ്സ് പറഞ്ഞത് ഇങ്ങനെയാണ്: 'എനിക്ക് രണ്ട് ബന്ധങ്ങളുണ്ടായിരുന്നു. ഒന്ന് ബ്രിഡ്ജ് മത്സരങ്ങള്‍ക്കിടയില്‍ പരിചയപ്പെട്ട റഷ്യന്‍ ബ്രിഡ്ജ് കളിക്കാരിയുമായും മറ്റൊന്ന് ബിസിനസ് കാര്യങ്ങള്‍ക്കിടയില്‍ പരിചയപ്പെട്ട റഷ്യന്‍ ന്യൂക്ലിയര്‍ ഫിസിസിസ്റ്റുമായും ആയിരുന്നു. ഞാന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, കണ്ടിട്ടുമില്ല. എപ്സ്റ്റീന് ചുറ്റുമുണ്ടായിരുന്ന സ്ത്രീകളുമായോ ഇരകളുമായോ ഞാന്‍ സമയം ചെലവഴിച്ചിട്ടില്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.'

തന്റെ പ്രവൃത്തികളുടെ ഉത്തരവാദിത്തം മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ഏറ്റെടുത്തതായി ഫൗണ്ടേഷന്‍ വക്താവ് സ്ഥിരീകരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് 2008-ല്‍ ശിക്ഷിക്കപ്പെട്ട ശേഷവും എപ്സ്റ്റീനുമായി ഗേറ്റ്സ് പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനാണ് ഇതെന്നാണ് ഗേറ്റ്സിന്റെ വാദം.

തന്റെ മുന്‍ഭാര്യ മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്സ് 2013-ല്‍ തന്നെ എപ്സ്റ്റീനുമായുള്ള ബന്ധത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും ഗേറ്റ്സ് സമ്മതിച്ചു. മെലിന്‍ഡ എപ്സ്റ്റീനെ 'തിന്മയുടെ അവതാരം' എന്നാണ് വിശേഷിപ്പിച്ചത്. ഇരുവരും 2021 മെയ് മാസത്തില്‍ 27 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് വിവാഹമോചിതരായി.

റഷ്യന്‍ ബ്രിഡ്ജ് കളിക്കാരി മില ആന്റനോവയുമായുള്ള ബന്ധത്തിന്റെ പേരില്‍ എപ്സ്റ്റീന്‍ ഗേറ്റ്സിനെ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 2011-ല്‍ എപ്സ്റ്റീനെ കാണാന്‍ തുടങ്ങിയ ഗേറ്റ്സ് 2014 വരെ അദ്ദേഹവുമായി ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപ് സന്ദര്‍ശിച്ചിട്ടില്ലെന്നും അവിടെ താമസിച്ചിട്ടില്ലെന്നും ഗേറ്റ്സ് വ്യക്തമാക്കി.

ഗേറ്റ്സ് ഫൗണ്ടേഷന്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനകളില്‍ ഒന്നാണ്. ഈ വിവാദങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന 'എഐ ഇംപാക്ട് സമ്മിറ്റില്‍' നിന്ന് ഗേറ്റ്സ് പിന്മാറിയിരുന്നു.

Tags:    

Similar News