കരുത്തരെ കളത്തിലിറക്കാന്‍ നീക്കം; ബ്രിട്ടാസും, ഐസക്കും, ശൈലജയും, സ്വരാജും, എം വി ജയരാജനു മടക്കമുള്ളവര്‍ മത്സരിച്ചേക്കും; രണ്ടുടേം നിബന്ധനയില്‍ ഇളവ് വരും; മുഖ്യപരിഗണന ജയസാധ്യതക്ക്; മലപ്പുറത്ത് സ്വതന്ത്രരെ തേടുന്നു; മൂന്നാമൂഴത്തിനായി സിപിഎമ്മില്‍ പൊരിഞ്ഞ പുനരാലോചന!
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പിന്‍ബലത്തില്‍ സിപിഎമ്മില്‍ പുനരാലോചന. മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ എന്ന ലക്ഷ്യം നടപ്പാക്കുന്നതിനായി, ജയസാധ്യത മുഖ്യവിഷയമാക്കി എടുക്കാനാണ് പാര്‍ട്ടിക്കകത്ത് ചര്‍ച്ച ഉയരുന്നത്. ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ജനപ്രിയരായ പുതുമുഖങ്ങളെയും പ്രമുഖ നേതാക്കളെയും പാര്‍ട്ടി രംഗത്തിറക്കണമെന്നാണ്, സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും അനുഭാവിയോഗങ്ങളിലും ഉയരുന്ന വികാരം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച യുവനേതാക്കളെയും മഹിളാ പ്രതിനിധികളെടെയും ലിസ്റ്റ് സിപിഎം പഠിച്ചുകൊണ്ടിരിക്കയാണ്. രണ്ടു തവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന കര്‍ശന നിബന്ധനയില്‍ ഇത്തവണ ചില ഇളവുകള്‍ വരുത്താന്‍ സി.പി.എം ആലോചിക്കുന്നുണ്ട്. ഇതുവഴി പ്രമുഖ നേതാക്കളെ വീണ്ടും രംഗത്തിറങ്ങാന്‍ സാധ്യതയുണ്ട്. ടി.എം. തോമസ് ഐസക്, പി.കെ. ബിജു തുടങ്ങിയ നേതാക്കളും സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് മടങ്ങിവരാനിടയുണ്ട്. അതേസമയം, ഇ.പി. ജയരാജന്‍, പുത്തലത്ത് ദിനേശന്‍ എന്നിവരെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് പൊതു അഭിപ്രായം.
കളത്തിലിറങ്ങുന്നത് കരുത്തര്‍
നേരത്തെ പിണറായി വിജയനുമാത്രമാണ് പാര്‍ട്ടിയില്‍ ഇളവ് ഉണ്ടായിരുന്നത്. ധര്‍മ്മടത്തുനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇക്കുറിയും ജനവിധി തേടാനാണ് സാധ്യത. മട്ടന്നൂരില്‍ നിലവിലെ എം.എല്‍.എയും മുന്‍ ആരോഗ്യ മന്ത്രിയുമായ കെ.കെ. ശൈലജ വീണ്ടും മത്സരിക്കാന്‍ ഇടയുണ്ട്. ശൈലജ ടീച്ചറെ പിണറായിക്കു പിന്നില്‍ രണ്ടാമനായി ഉയര്‍ത്തിക്കാട്ടണമെന്നാണ്, സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ ഉയരുന്ന ആവശ്യം. തലശ്ശേരിയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വീണ്ടും മത്സരിച്ചേക്കും. തളിപ്പറമ്പ് എംഎല്‍എയായ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വീണ്ടും മത്സരിക്കാനിടയില്ല. അതുപോലെ കണ്ണൂര്‍ മൂന്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ പി ജയരാജന്‍ അടക്കമുള്ള പഴയ പടക്കുതിരകള്‍ക്ക് അവസരം കൊടുക്കാനിടയില്ല.
പയ്യന്നൂര്‍ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥി മാറ്റം പരിഗണയിലുണ്ട്. നിലവിലെ എം.എല്‍.എ ആയ ടി.ഐ. മധുസൂദനനെതിരെ ഉയര്‍ന്ന ഫണ്ട് വെട്ടിപ്പ് ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായിരുന്നു. രക്തസാക്ഷി ധനരാജ് ഫണ്ട്, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വെല്ലുവിളിയാകാന്‍ സാധ്യതയുണ്ട്. ഫണ്ട് വിവാദം ഉന്നയിച്ച പയ്യന്നൂര്‍ മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയതിനെത്തുടര്‍ന്ന് പ്രാദേശികമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനുള്ള നീക്കങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. മധുസൂദനനെ മാറ്റി, പുതിയൊരാളെ പരീക്ഷിക്കണമെന്ന ആവശ്യം പ്രാദേശിക തലത്തില്‍ ശക്തമാണ്. എന്നാല്‍ വിമതരുടെ തീരുമാനം അംഗീകരിക്കുന്നതിന് തുല്യമാവും ഇതെന്നാണ് സിപിഎമ്മിന്റെ ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തല്‍.
ബ്രിട്ടാസ് മത്സരിക്കുമോ?
അതിനിടെ ജോണ്‍ ബ്രിട്ടാസിനെ കണ്ണൂരില്‍ നിന്നോ കോഴിക്കോട്ട് നിന്നോ മത്സരിപ്പിക്കണമെന്ന ആവശ്യവും പാര്‍ട്ടിക്കകത്തുണ്ട്. രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമായി ഇറങ്ങുമെന്നും തൃശൂര്‍ പോലുള്ള ഏതെങ്കിലും പ്രധാന മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാന്‍ സാധ്യതയുണ്ടെന്നും ചില മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്നാല്‍ താന്‍ നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് അദ്ദേഹം തന്നെ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കാന്‍ 2027വരെ സമയമുണ്ടെന്നുമാണ് ബ്രിട്ടാസ് പറയുന്നത്. പക്ഷേ . ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ജനപ്രിയരായ പുതിയ മുഖങ്ങളെ രംഗത്തിറക്കയല്ലാതെ വേറെ പോംവഴിയില്ല. ഈ സാഹചര്യത്തില്‍ ബ്രിട്ടാസിന്റെ പേരും ചര്‍ച്ചകളില്‍ തുടരുന്നുണ്ട്.
എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ എം വി നികേഷ് കുമാറിന് ഇനിയും ഒരു അവസരം കിട്ടാന്‍ സാധ്യതയില്ല. പക്ഷേ ഒരു വിഭാഗം നികേഷിനുവേണ്ടിയും രംഗത്ത് എത്തിയിട്ടുണ്ട്. പി.വി. അന്‍വര്‍ എല്‍.ഡി.എഫ് വിട്ട സാഹചര്യത്തില്‍, മുന്‍ എം.എല്‍.എ എം. സ്വരാജിനെ ഇവിടെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷേ സ്വരാജിന് കോഴിക്കോട്ടെയോ, കണ്ണൂരിലെയോ ഒരു സുരക്ഷിത മണ്ഡലം കൊടുക്കണമെന്നും ആവശ്യമുണ്ട്. ബേപ്പൂരില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് തന്നെ മണ്ഡലം നിലനിര്‍ത്താന്‍ ഇറങ്ങാനാണ് സാധ്യത. ഇവിടെ പി വി അന്‍വര്‍ എതിരാളിയായി വരുമെന്നാണ് സുചന.
കോഴിക്കോട് ജില്ലയിലും സിപിഎം കരുതലോടെയാണ് നീങ്ങുന്നത്. ബാലുശ്ശേരില്‍ നിലവിലെ എം.എല്‍.എ കെ.എം. സച്ചിന്‍ ദേവ് വീണ്ടും ജനവിധി തേടാനാണ് സാധ്യത. കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ രണ്ട് ടേം നിബന്ധനയില്‍ ഇളവ് ലഭിക്കാനിടയുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന് പകരം പുതിയ മുഖങ്ങളെ കൊണ്ടുവരാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. മുന്‍ എം.എല്‍.എ എ. പ്രദീപ് കുമാറിന്റെ മകള്‍ അമിത പ്രദീപിനെ പോലുള്ള യുവ നേതാക്കളുടെ പേരുകളും പ്രാദേശികമായി ചര്‍ച്ചയിലുണ്ട്.
പേരാമ്പ്രയില്‍, മുതിര്‍ന്ന നേതാവ് ടി.പി. രാമകൃഷ്ണന്‍ മണ്ഡലം നിലനിര്‍ത്താന്‍ വീണ്ടും ഇറങ്ങിയേക്കുമെന്നാണ് അറിയുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബും മല്‍സരിക്കണമെന്ന് അണികള്‍ക്കിടയില്‍നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ തനിക്ക് വ്യക്തിപരമായ മത്സരിക്കാന്‍ താല്‍പ്പര്യമില്ല എന്നാണ് മെഹബൂബ് പറയുന്നത്. മലപ്പുറം ജില്ലയില്‍, സമൂഹത്തില്‍ പേരുള്ള ചില സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയും സിപിഎം കണ്ടുവെച്ചിട്ടുണ്ടെന്നാണ് അറിവ്
