'മര്‍കസ് തയിബയ്ക്ക് മുന്നിലാണ് നില്‍ക്കുന്നത്; മുജാഹിദ്ദീനുകളും, തലാബകളുമായി നിരവധി പോരാളികള്‍ക്ക് ജന്‍മം കൊടുത്ത കേന്ദ്രമാണിത്; ആക്രമണത്തില്‍ തകര്‍ന്നു പോയി; ഇത് വീണ്ടും പണിയും, പഴയതിനെക്കാള്‍ വലുതാക്കും'; ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ന്നടിഞ്ഞ മുരിദ്‌കെയിലെ ഭീകരകേന്ദ്രത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുന്നില്‍നിന്ന് ലഷ്‌കര്‍ കമാന്‍ഡറുടെ വീഡിയോ; പാക്കിസ്ഥാന്റെ അവകാശവാദം വീണ്ടും പൊളിയുന്നു
പാക്കിസ്ഥാന്റെ അവകാശവാദം വീണ്ടും പൊളിയുന്നു
ഇസ്ലാമാബാദ്: ഓപ്പറേഷന്‍ സിന്ദൂറില്‍ സാരമായ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെ വാദം തള്ളി ലഷ്‌കര്‍ കമാന്‍ഡറുടെ വെളിപ്പെടുത്തല്‍. ലഷ്‌കര്‍ ഇ തയിബ കമാന്‍ഡര്‍ ഖ്വാസിമിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇടിഞ്ഞു പൊളിഞ്ഞ് കല്‍ക്കൂമ്പാരമായി കിടക്കുന്ന മുരിദ്‌കെയിലെ ലഷ്‌കറെ ത്വയ്ബയുടെ ആസ്ഥാനമായ മര്‍കസ് ത്വയ്ബയുടെ മുകളില്‍ ക്വാസിം നില്‍ക്കുന്നതായാണ് വിഡിയോയില്‍ കാണുന്നത്. പഞ്ചാബ് പ്രവിശ്യയിലെ മര്‍കസ് തയിബ ഭീകരത്താവളം തകര്‍ത്തുവെന്ന ഇന്ത്യയുടെ വാദം ശരി വയ്ക്കുന്നതാണ് ദൃശ്യങ്ങള്‍. ' മര്‍കസ് തയിബയ്ക്ക് മുന്നിലാണ് താന്‍ നില്‍ക്കുന്നതെന്നും ആക്രമണത്തില്‍ ഇത് തകര്‍ന്നു പോയി, പക്ഷേ ഇത് വീണ്ടും പണിയുമെന്നും പഴയതിനെക്കാള്‍ വലുതാക്കുമെന്നും വൈറല്‍ വീഡിയോ ക്ലിപ്പില്‍ ഖ്വാസിം പറയുന്നു.
ഭീകരന്‍മാരുടെ പരിശീലന കേന്ദ്രമായിരുന്നു ഇതെന്ന ഇന്ത്യയുടെ വെളിപ്പെടുത്തലിനെയും ഖ്വാസിം ശരിവയ്ക്കുന്നുണ്ട്. ' മുജാഹിദ്ദീനുകളും, തലാബകളുമായി നിരവധി പോരാളികള്‍ക്ക് ജന്‍മം കൊടുത്ത കേന്ദ്രമാണിതെന്നും പൂര്‍വാധികം കരുത്തോടെ തിരിച്ചുവരു' മെന്നും ഖ്വാസിം വിഡിയോയില്‍ വ്യക്തമാക്കുന്നു. മുജാഹിദ്ദീനിലെ വന്‍ പോരാളികള്‍ പരിശീലനം നേടിയതും വിജയം വരിച്ചതും ഇവിടെ നിന്നാണെന്നും ഖ്വാസിം വിശദീകരിക്കുന്നു. ബഹാവല്‍പുരിലെ ലഷ്‌കറെ ത്വയ്ബയുടെ കേന്ദ്രമാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്തത്. ഇക്കാര്യം വ്യക്താമാക്കിക്കൊണ്ടുള്ള വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
മുരിദ്‌കെയിലെ ലഷ്‌കറെ ത്വയ്ബയുടെ ആസ്ഥാനമായ മര്‍കസ് ത്വയ്ബ ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി ലഷ്‌കറെ ത്വയ്ബ നേതാവ് തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. ഭീകരവാദ കേന്ദ്രം തകര്‍ന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. തകര്‍ന്ന കെട്ടിടത്തിന് മുന്നില്‍നിന്ന് ഇത് ഇതിലും വലുതായി പണിയുമെന്ന് പറയുന്ന ലഷ്‌കറെ നേതാവ് കാസിമിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്.
ദൗറ ഇ സഫ പരിപാടിയില്‍ പങ്കുചേരാന്‍ യുവാക്കള്‍ തയാറാകണമെന്നും മറ്റൊരു വിഡിയോയില്‍ ഖ്വാസിം ആവശ്യപ്പെടുന്നുണ്ട്. 2000 ലാണ് മര്‍കസ് തയിബയില്‍ ലഷ്‌കറിന്റെ ഭീകരത്താവളം പ്രവര്‍ത്തനം തുടങ്ങിയത്. ആയുധ പരിശീലനം, ശാരീരികക്ഷമത മെച്ചപ്പെടുത്താനുള്ള പരിശീലനം എന്നിവയ്ക്ക് പുറമെ പാക്കിസ്ഥാനുള്ളില്‍ നിന്നും പുറത്തുനിന്നും എത്തുന്ന യുവാക്കളിലേക്ക് തീവ്രവാദ ആശയങ്ങള്‍ കുത്തി നിറയ്ക്കുന്ന ക്ലാസുകളും ഇവിടെ നടത്തിയിരുന്നുവെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബഹവല്‍പുറിലെ മര്‍ക്കസ് സുബാനള്ള കേന്ദ്രവും ഇന്ത്യയുടെ ആക്രമണത്തില്‍ പൂര്‍ണമായി തകര്‍ന്നിരുന്നുവെന്ന ജെയ്‌ഷെ കമാന്‍ഡര്‍ ഇല്യാസ് കശ്മീരി കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ബഹവല്‍പുറിലെ ആക്രമണത്തില്‍ ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങളെ നഷ്ടമായെന്നും ഇല്യാസ് സ്ഥിരീകരിച്ചു.
2015 മുതലാണ് ബഹവല്‍പുറിലെ ഭീകരത്താവളം പ്രവര്‍ത്തനക്ഷമമായത്. ഇത് ജയ്‌ഷെയുടെ മുഖ്യ പരിശീലന കേന്ദ്രവുമായിരുന്നു. പുല്‍വാമ ആക്രമണമടക്കം നടത്താനുള്ള ഗൂഢാലോചന ഇവിടെ വച്ചാണ് പാക് ഭീകരര്‍ നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പഹല്‍ഗാമിലെ പാക് സ്‌പോണ്‍സേര്‍ഡ് ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരത്താവളങ്ങളിലാണ് ഇന്ത്യ നിയന്ത്രിതവും കൃത്യവുമായ ആക്രമണം നടത്തിയത്.
ഡല്‍ഹിയിലും മുംബൈയിലും നടന്ന ഭീകരാക്രമണങ്ങളും മുഖ്യ ആസൂത്രകന്‍ സംഘടനാത്തലവനായ മസൂദ് അസ്ഹറായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന പരാമര്‍ശങ്ങള്‍ ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ നടത്തിയിരുന്നു. ഡല്‍ഹി, മുംബൈ ആക്രമണങ്ങളില്‍ തങ്ങളുടെ പങ്കിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ പാകിസ്താന്‍ ആവര്‍ത്തിച്ച് നിഷേധിക്കുന്നതിനിടെയാണ് സംഘടനയുടെ മുതിര്‍ന്ന അംഗമായ മസൂദ് ഇല്യാസ് കശ്മീരിയില്‍നിന്ന് ഇത്തരമൊരു സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
മെയ് 7-ന് ഓപ്പറേഷന്‍ സിന്ദൂറില്‍ നശിപ്പിക്കപ്പെട്ട മുരിദ്‌കെ ഭീകര ക്യാമ്പ് മുമ്പത്തേക്കാള്‍ വലുതായി പുനര്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണെന്ന് ലഷ്‌കറെ ത്വയ്ബ നേതാവ് ഖാസിം അവകാശപ്പെട്ടു. പാകിസ്താനെ പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ഫ്പുര ജില്ലയിലെ നഗരത്തിലാണ് മുരിദ്‌കെ നഗരം സ്ഥിതിചെയ്യുന്നത്. ആക്രമണത്തില്‍ തകര്‍ന്ന മുരിദ്‌കെയിലെ മര്‍കസ് ത്വയ്ബയുടെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് ഞാന്‍ നില്‍ക്കുന്നത്. ഇത് പുനര്‍നിര്‍മ്മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മുമ്പത്തേതിനേക്കാള്‍ വലുതായി ഇവ പുനര്‍ നിര്‍മ്മിക്കും, നിര്‍മ്മാണത്തിലിരിക്കുന്ന ഒരു സ്ഥലത്തിന് മുമ്പില്‍ വെച്ച് ഖാസിം പറയുന്നതിന്റെ വീഡിയോ എക്‌സില്‍ പ്രചരിക്കുന്നുണ്ട്.