സബര്‍മതി ജയിലിനുള്ളില്‍ വെച്ച് ആസൂത്രണം; ഫോണിലൂടെ ബിഷ്ണോയ് 'കമാന്റ്' നല്‍കിയാല്‍ നടപ്പാക്കാന്‍ പുറത്ത് 700 ഷൂട്ടര്‍മാര്‍; ആയുധ പരിശീലനവും കൈനിറയെ പ്രതിഫലവും; രാജ്യാതിര്‍ത്തി കടന്നും ക്വട്ടേഷന്‍; പ്രധാന ടാര്‍ഗെറ്റ് സല്‍മാന്‍ ഖാനെന്ന് ബിഷ്‌ണോയ് ഗ്യാങ്

സങ്കീര്‍ണമായ സംഘടനാ സംവിധാനവും വിപുലമായ ബന്ധങ്ങളും

Update: 2024-10-14 18:03 GMT

മുംബൈ: പഞ്ചാബി ഗായകനായ സിദ്ധു മൂസവാലയെ 2022-ല്‍ കൊലപാതകത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണു കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയ്. കഴിഞ്ഞ ദിവസം മുംബൈയിലെ ബാന്ദ്ര ഈസ്റ്റില്‍ മകന്റെ ഓഫിസിനു പുറത്താണ് മൂന്ന് അക്രമികള്‍ സിദ്ദിഖിയെ വെടിവെച്ചു കൊന്നത്. ബിഷ്‌ണോയ് സംഘാംഗങ്ങളാണ് അക്രമികളെന്നു പൊലീസ് സ്ഥീരികരിച്ചു. ഗുജറാത്തിലെ സബര്‍മതി ജയിലില്‍ തടവിലുള്ള ലോറന്‍സ് ബിഷ്‌ണോയ് എങ്ങനെയാണ് തന്റെ ഗ്യാങ്ങിനെ ഉപയോഗിച്ച് ക്വട്ടേഷന്‍ നടപ്പാക്കുന്നതെന്ന ചോദ്യം പൊലീസിനെയും കുഴപ്പിക്കുന്നു.

ബിഷ്ണോയ് എന്ന വ്യക്തി ഒരു കൂട്ടമായി വളര്‍ന്ന് ഇപ്പോള്‍ ബിഷ്ണോയ് ഗ്യാങ് എന്നാണ് അറിയപ്പെടുന്നത്. ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ ജീവനെടുക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കുന്ന സംഘം കഴിഞ്ഞ ദിവസം നടത്തിയ മറ്റൊരു കൊലപാതകത്തിലൂടെ വീണ്ടും രാജ്യത്തെ ഒന്നാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ബിഷ്ണോയ് ഗ്യാങിലെ മൂന്നുപേരാണ് പലതവണയായി അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ബിഷ്ണോയ് ഗ്യാങിന്റെ പേരില്‍ ആക്രമണങ്ങള്‍ അരങ്ങേറുമ്പോള്‍ ഈ ഗുണ്ടാകൂട്ടത്തിന്റെ തലവന്‍ ലോറന്‍സ് ബിഷ്ണോയ് ഇപ്പോഴും ഗുജറാത്തിലെ സബര്‍മതി ജയിലില്‍ തടവുപുള്ളിയായി കഴിയുകയാണ്.

ആസൂത്രണം ജയിലില്‍

കൊലപാതകം ഉള്‍പ്പെടെ ജയിലില്‍വച്ച് ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ശേഷിയുള്ളതാണു ബിഷ്‌ണോയ് സംഘമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വെറുമൊരു പ്രാദേശിക ഗുണ്ടാപ്പടയല്ല ബിഷ്‌ണോയ് സംഘം. അവരുടെ സ്വാധീനം ലോകമാകെ കാണാം. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കാനഡ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലും അവര്‍ക്കു ബന്ധമുണ്ട്. വിദേശത്തുനിന്ന് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതു ബിഷ്‌ണോയി സംഘത്തിന്റെ മറ്റൊരു നേതാവ് ഗോള്‍ഡി ബ്രാര്‍ ആണ്.

സങ്കീര്‍ണമായ സംഘടനാ സംവിധാനവും വിപുലമായ ബന്ധങ്ങളും കാരണമാണ്, ലോറന്‍സ് തടവിലായിട്ടും സംഘം സജീവമായിരിക്കുന്നത് എന്നാണു നിഗമനം. കൊലപാതകം, ആയുധക്കടത്ത് എന്നിവയാണ് സംഘം പ്രധാനമായും ഏറ്റെടുത്ത് ചെയ്യുന്നത്. സെലിബ്രിറ്റികള്‍, സ്വാധീനമുള്ള ബിസിനസുകാര്‍ തുടങ്ങിയ ഉന്നത വ്യക്തികളെ ലക്ഷ്യമിട്ടുള്ള ക്വട്ടേഷനുകളാണ് ഇവര്‍ക്കു ഹരം. പ്രഫഷനല്‍ കൊലയാളികളെ ഉപയോഗിച്ചാണു കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതെന്നും അന്വേഷണസംഘം വിശദീകരിക്കുന്നു.

കൊലപാതകം ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ ജയിലിനുള്ളില്‍ വെച്ച് തന്നെ ആസൂത്രണം ചെയ്യാനും ഇത് നടപ്പാക്കാനും മാത്രം കരുത്തനാണ് ലോറന്‍സ് ബിഷ്ണോയ് എന്നാണ് നിലവിലെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഫോണിലൂടെയാണ് ബിഷ്ണോയ് തന്റെ ഓപ്പറേഷന്‍സ് എല്ലാം നടപ്പാക്കുന്നത്. സബര്‍മതി ജയിലിലായാലും തീഹാര്‍ ജയിലിലായാലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ലോറന്‍സ് ബിഷ്ണോയ് തന്റെ ഗ്യാങ്ങിലുള്ളവരുമായി ആശയവിനിമയം നടത്തുന്നുണ്ട്. പലതവണയായി ജയിലുകള്‍ മാറ്റിയിട്ടും ഏകാന്ത തടവില്‍ പാര്‍പ്പിച്ചിട്ടും അയാളുടെ നീക്കങ്ങള്‍ പൊളിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. പാകിസ്ഥാന്‍ ഗുണ്ടാനേതാവ് ഷഹ്സാദ് ഭാട്ടിയയുമായി ലോറന്‍സ് ബിഷ്ണോയ് സംസാരിക്കുന്നതിന്റെ വീഡിയോ പോലും മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ലോറന്‍സ് ബിഷ്ണോയ് ആശയവിനിമയം നടത്തുന്ന ആളുകളുടെ ഐ.പി. അഡ്രസ്, ലോക്കേഷന്‍ തുടങ്ങിയ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതിന് ഹൈഎന്‍ഡ് വി.പി.എന്‍. നെറ്റുവര്‍ക്കുകളാണ് ഉപയോഗിക്കുന്നത്. സിഗ്‌നല്‍, ടെലിഗ്രാം തുടങ്ങിയ ആപ്പുകളുടെ സഹായത്തോടെയാണ് വിദേശത്തും ഇന്ത്യയിലുമുള്ള തന്റെ സഹപ്രവര്‍ത്തകരുമായുള്ള ബിഷ്ണോയ്യുടെ ആശയവിനിമയം. നോര്‍ത്ത് അമേരിക്കയില്‍ ഉള്‍പ്പെടെ ബിഷ്ണോയ് ഗ്യാങ്ങിന്റെ സാന്നിധ്യമുള്ളതിനാല്‍ തന്നെ ലോറന്‍സ് തന്റെ സഹോദരന്‍ അന്‍മോലു, സംഘാംഗങ്ങളായ ഗോള്‍ഡ് ബ്രാര്‍, രോഹിത് ഗോദാര എന്നിവരുമായും ആശയവിനിമയം നടത്താറുണ്ട്. ഖലിസ്ഥാന്‍ ഭീകരരുമായും ഖലിസ്ഥാന്‍ വിഘടനവാദികളുമായും അടുത്ത ബന്ധമാണ് ബിഷ്ണോയ് ഗ്യാങിനുള്ളത്.

ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ അടങ്ങുന്ന വന്‍ സംഘം

700-ല്‍ അധികം ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് ഇന്ത്യയില്‍ മാത്രം ബിഷ്ണോയ് ഗ്യാങിനായി പ്രവര്‍ത്തിക്കുന്നത്. ഇതിനുപുറമെ, പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ചെറിയ ഗ്യാങ്ങുകളുമായി ബന്ധപ്പെട്ടാണ് ബിഷ്ണോയ് ഗ്യാങ് ആക്രമണങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. ബിഷ്ണോയ്യുടെ സംഘത്തിലുള്ളവര്‍ ഏറ്റെടുക്കുന്ന ക്വട്ടേഷനുകള്‍ ഇത്തരം പ്രാദേശിക ഗുണ്ടകള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഇവര്‍ക്ക് ഇത് നടപ്പാക്കുന്നതിനുള്ള ആയുധ പരിശീലനം നല്‍കുകയും കൈനിറയെ പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ് ബിഷ്ണോയ് ഗ്യാങിന്റെ രീതി. കോര്‍പറേറ്റ് കമ്പനികളുടെ കാര്‍ക്കശ്യം പിന്തുടരുന്ന ഇവരെ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി പോലും താരതമ്യം ചെയ്യാറുണ്ട്.

ചെറിയ കുറ്റകൃത്യങ്ങളില്‍ തുടങ്ങി സ്വന്തമായി ഒരു സംഘം കെട്ടിപ്പടുത്താണ് ബിഷ്ണോയ് ഗ്യാങ്ങായി വളര്‍ന്നത്. ഉത്തരേന്ത്യയില്‍ വ്യക്തമായ ആധിപത്യമാണ് ഈ ഗ്യാങ്ങിനുള്ളത്. കനേഡിയന്‍ പോലീസും ഇന്ത്യന്‍ ഏജന്‍സികളും അന്വേഷിക്കുന്ന കുപ്രസിദ്ധ കുറ്റവാളി സത്വീന്ദര്‍ സിങ് എന്ന ഗോള്‍ഡി ബ്രാര്‍ ആണ് ബിഷ്‌ണോയ് ഗ്യാങ്ങിനെ ഇപ്പോള്‍ പുറത്തുനിന്ന് നയിക്കുന്നത്. 11 സംസ്ഥാനങ്ങളില്‍ നിന്നുള്ള 700 ഷാര്‍പ്പ് ഷൂട്ടര്‍മാരാണ് ഈ സംഘത്തിലുള്ളതെങ്കിലും ഇതിലെ 300-ല്‍ അധികം പേരും പഞ്ചാബില്‍ നിന്നുള്ളവരാണെന്നാണ് എന്‍.ഐ.എ. വെളിപ്പെടുത്തിയിട്ടുള്ളത്.

ഉത്തരേന്ത്യയിലെ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലാണ് ബിഷ്ണോയ് ഗ്യാങ്ങിന്റെ വേര് ആഴത്തില്‍ പതിഞ്ഞിരിക്കുന്നത്. കാനഡയിലേക്കുള്ള കുടിയേറ്റം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളാണ് ബിഷ്ണോയ് ഗ്യാങില്‍ ചേരുന്നവര്‍ക്ക് നല്‍കുന്നത്. രാജ്യാതിര്‍ത്തികള്‍ കടന്നുള്ള ആക്രമണങ്ങള്‍ക്ക് പോലും ബിഷ്ണോയ് ഗ്യാങ് ഇറങ്ങാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താനിലെ ഖലിസ്ഥാന്‍ ഭീകരവാദിയായ ഹര്‍വിന്ദര്‍ സിങ് റിന്‍ഡ കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ബിഷ്ണോയ് ഗ്യാങിനെയാണ് ഉപയോഗിക്കുന്നതെന്നും എന്‍.ഐ.എ. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

1993ല്‍ പഞ്ചാബിലെ അബോഹറിനടുത്തുള്ള ദത്തരന്‍വാലി ഗ്രാമത്തിലാണു ലോറന്‍സ് ബിഷ്‌ണോയ് ജനിച്ചത്. ഹരിയാന പൊലീസില്‍ കോണ്‍സ്റ്റബിള്‍ ആയിരുന്നു പിതാവ്. പഞ്ചാബ് സര്‍വകലാശാലയിലെ കോളജ് പഠനകാലത്താണു സംഘടിത കുറ്റകൃത്യങ്ങളിലേക്ക് ആകൃഷ്ടനായത്. ഗോള്‍ഡി ബ്രാറിനെ പരിചയപ്പെടുന്നതും അവിടെ വച്ചാണ്. മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാണു ജയിലിനുള്ളില്‍നിന്നു ലോറന്‍സ് ആശയവിനിമയം നടത്തുന്നത്. തന്റെ ലൊക്കേഷന്‍ മറയ്ക്കാന്‍ വിപിഎന്‍ സാങ്കേതികവിദ്യയും ഉപയോഗിക്കാറുണ്ട്. സിഗ്‌നല്‍, ടെലഗ്രാം പോലുള്ള സുരക്ഷിത മെസേജിങ് ആപ്പുകള്‍ വഴിയാണു സഹോദരന്‍ അന്‍മോള്‍, ഗോള്‍ഡി ബ്രാര്‍, രോഹിത് ഗൊദാര തുടങ്ങിയവരുമായി ലോറന്‍സ് സ്ഥിരമായി സംസാരിക്കുന്നത്.

ഖലിസ്ഥാന്‍ ഭീകരരുമായും വിഘടനവാദ ഗ്രൂപ്പുകളുമായും സംഘം അടുത്ത ബന്ധം പുലര്‍ത്തുന്നു. ഏകദേശം 700 ഷൂട്ടര്‍മാരാണു ബിഷ്‌ണോയി സംഘത്തിലുള്ളത് എന്നാണു വിവരം. ദരിദ്ര പശ്ചാത്തലമുള്ളവരും പ്രാദേശിക ഗുണ്ടാസംഘങ്ങളില്‍നിന്നു റിക്രൂട്ട് ചെയ്യപ്പെട്ടവരുമാണ് ഇവരില്‍ ഭൂരിഭാഗവും. ആയുധ പരിശീലനത്തിനു ശേഷം, ക്വട്ടേഷന്‍ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും നടത്താന്‍ ഇവര്‍ക്കു വലിയ തുകയാണു ലഭിക്കുന്നത്. ആര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നു പലര്‍ക്കും അറിയില്ല. എന്തിനുവേണ്ടിയാണ് കൊലപാതകം നടത്തുന്നതെന്നതും അക്രമികളെ അറിയിക്കാറില്ലെന്നതാണു ബിഷ്‌ണോയ് സംഘത്തിന്റെ പ്രത്യേകത.

സല്‍മാന്റെ വീടിന് സുരക്ഷ കൂട്ടി

ബിഷ്ണോയ് ഗ്യാങിന്റെ ഏറ്റവും പ്രധാന ടാര്‍ഗെറ്റുകളില്‍ ഒന്നാണ് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കുക എന്നുള്ളത്. പരസ്യമായ വധഭീഷണിയാണ് ഈ ഗ്യാങ് മുഴക്കിയിരിക്കുന്നത്. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട വൈര്യമാണ് ബിഷ്ണോയ് ഗ്യാങിന് സല്‍മാന്‍ ഖാനോടുള്ളത്. സല്‍മാന്‍ ഖാനെ വധിക്കുന്നതിനായി ബിഷ്ണോയ് ഗ്യാങ് 25 ലക്ഷം രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 14-ന് മോട്ടോര്‍സൈക്കിളില്‍ എത്തിയ രണ്ടുപേര്‍ സല്‍മാന്‍ ഖാന്റെ വീടിനെ നേരെ പലതവണ വെടിയുതിര്‍ത്തിരുന്നു.

സുഹൃത്തും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തെ തുടര്‍ന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ വീട്ടില്‍ സന്ദര്‍ശകരെ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്. സിദ്ദിഖിക്കു ബോളിവുഡ് താരങ്ങളുമായുള്ള ബന്ധം, പ്രത്യേകിച്ച് സല്‍മാനുമായുള്ള ബന്ധം, കൊലപാതകത്തിനു കാരണമായിരിക്കാമെന്നാണു പ്രാഥമിക നിഗമനം. ഇക്കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തേമുതല്‍ ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണിയുള്ളയാളാണു സല്‍മാന്‍. സിദ്ദിഖിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈ ബാന്ദ്രയിലുള്ള സല്‍മാന്റെ വസതിയിലെ സുരക്ഷ ശക്തമാക്കി.

മുന്‍കരുതല്‍ നടപടിയായി വരും ദിവസങ്ങളില്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. സല്‍മാന്‍ ആരെയും സന്ദര്‍ശിക്കുന്നതില്‍നിന്ന് ഔദ്യോഗികമായി വിലക്കില്ലെങ്കിലും ഭീഷണിയുടെ ഗൗരവം കണക്കിലെടുത്ത് നടന്റെ വീട്ടുകാര്‍ അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്നാണു വിവരം. 1998ലെ കൃഷ്ണമൃഗവേട്ട കേസുമായി ബന്ധപ്പെട്ടാണു ബിഷ്‌ണോയ് സംഘത്തിന് സല്‍മാനോടുള്ള ശത്രുത ഉടലെടുത്തത്.

ബിഷ്‌ണോയ് സമുദായത്തിന്റെ പുണ്യമൃഗമാണു കൃഷ്ണമൃഗം. സംഭവത്തില്‍ നടനോടു പ്രതികാരം ചെയ്യുമെന്നു ലോറന്‍സ് ബിഷ്‌ണോയ് പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷമാദ്യം സല്‍മാന്റെ വീടിനു പുറത്ത് വെടിവയ്പ് ഉണ്ടായെന്നു റിപ്പോര്‍ട്ട് വന്നതോടെ താരത്തിന്റെ സുരക്ഷ കൂടുതല്‍ ശക്തമാക്കി. 2 പതിറ്റാണ്ടിലേറെയായി സല്‍മാനുമായി നല്ല അടുപ്പമുള്ളയാളാണു സിദ്ദിഖി. രാഷ്ട്രീയത്തിലും ബോളിവുഡിലും ഇവരുടെ സൗഹൃദം സുപരിചിതമാണ്. സിദ്ദിഖി സംഘടിപ്പിക്കുന്ന വാര്‍ഷിക ഇഫ്താര്‍ വിരുന്നുകളിലും ഖാന്‍ പതിവായി പങ്കെടുത്തിരുന്നു. സിദ്ദിഖിയുടെ മരണം സല്‍മാനെ ഉലച്ചെന്നാണു അടുത്തവൃത്തങ്ങള്‍ പറയുന്നത്.

Tags:    

Similar News