'ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയത് സല്‍മാന്‍ ഖാനും ദാവൂദ് ഇബ്രാഹിമുമായി ബന്ധം പുലര്‍ത്തിയതിനാല്‍; ഇവരുമായി ബന്ധമുള്ളവര്‍ കരുതിയിരിക്കണമെന്നും ഭീഷണി സന്ദേശം'; ആരുമായും വ്യക്തി വൈരാഗ്യമില്ലെന്നും ബിഷ്ണോയ് സംഘം; കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടരുന്നു
സല്‍മാനേയും ദാവൂദിനേയും സഹായിക്കുന്നവര്‍ കരുതിയിരിക്കണമെന്ന് ബിഷ്ണോയ് സംഘം
മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകത്തില്‍ പ്രതികളെന്നു സംശയിക്കുന്ന ഹരിയാന സ്വദേശി ഗുര്‍മല്‍ സിങ്, യുപി സ്വദേശി ധരംരാജ് കാശ്യപ് എന്നിവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്‌ണോയിയുടെ ഗുണ്ടാസംഘം. എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവായ ബാബാ സിദ്ദിഖി (66) കഴിഞ്ഞദിവസം രാത്രിയാണു വെടിയേറ്റു കൊല്ലപ്പെട്ടത്. മൂന്ന് പേരാണു സിദ്ദിഖിയെ വെടിവച്ചതെന്നു അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
ബാബാ സിദ്ദിഖിയുടെ കൊലപാതകം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ലോറന്‍സ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിഷ്ണോയ് സംഘാംഗമെന്ന് വ്യക്തമാക്കിയയാള്‍ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നില്‍ തങ്ങളാണെന്ന് പറഞ്ഞ് രംഗത്തുവന്നത്. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധമാണ് സിദ്ദിഖിയെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
ഇവരുമായി ബന്ധമുള്ളവര്‍ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും ഫേസ്ബുക്ക് കുറിപ്പിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിവരികയാണ്. സല്‍മാന്‍ ഖാന്‍, ഞങ്ങള്‍ക്ക് ഈ യുദ്ധം വേണമെന്നില്ല, പക്ഷേ ഞങ്ങളുടെ സഹോദരന് ജീവന്‍ നഷ്ടമായത് നിങ്ങള്‍ കാരണമാണ്. ഇന്ന് ബാബാ സിദ്ദിഖിയുടെ മാന്യതയുടെ പൂള്‍ അടഞ്ഞു. കൊലപാതകത്തിന് കാരണം ദാവൂദ്, അനുജ് താപന്‍ എന്നിവരുമായുള്ള ബോളിവുഡ്, രാഷ്ട്രീയം, പ്രോപ്പര്‍ട്ടി ഡീലുകളുടെ ബന്ധങ്ങളാണ്.- ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസിലെ പ്രതിയായ അനുജ് താപന്‍ നേരത്തേ മരണപ്പെട്ടിരുന്നു. ലോക്കപ്പിനുള്ളിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചുവെന്നാണ് അന്ന് പോലീസ് നല്‍കിയ വിശദീകരണം. ആരുമായും വ്യക്തി വൈരാഗ്യമില്ലെന്നും സല്‍മാന്‍ ഖാനേയും ദാവൂദ് ഇബ്രാഹിമിനേയും സഹായിക്കുന്നവര്‍ കരുതിയിരിക്കണമെന്നും പോസ്റ്റില്‍ പറയുന്നു. ഞങ്ങളുടെ സഹോദരങ്ങളില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ പ്രതികരിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്. സല്‍മാന് നേരെയുണ്ടായ വധശ്രമവുമായി ഈ കേസിനുള്ള ബന്ധങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.
ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായി മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ബാബാ സിദ്ദിഖി കൊല്ലപ്പെടുന്നതെന്നും ശ്രദ്ധേയമാണ്. ബാബാ സിദ്ദിഖി സംഘടിപ്പിക്കാറുള്ള വന്‍ ഇഫ്താര്‍ പാര്‍ട്ടികളില്‍ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഉള്‍പ്പടെയുള്ള ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കാറുണ്ടായിരുന്നു. താരങ്ങളുമായി അടുപ്പമുണ്ടായിരുന്നയാളായാണ് സിദ്ദിഖി അറിയപ്പെട്ടിരുന്നത്. സല്‍മാനും ഷാരൂഖും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചത് 2013 ല്‍ സിദ്ദിഖി നടത്തിയ പാര്‍ട്ടിയില്‍ വെച്ചായിരുന്നെന്നും സിദ്ദിഖിയാണ് ഇതിന് മുന്‍കൈ എടുത്തതെന്നും വാര്‍ത്തകളുണ്ടായിരുന്നു.
അതേ സമയം സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. ബാന്ദ്രയിലെ അദ്ദേഹത്തിന്റെ ഗാലക്സി അപ്പാര്‍ട്ട്മെന്റില്‍ സുരക്ഷാ ഉദ്യോ?ഗസ്ഥരുടെ എണ്ണം കൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ സുഹൃത്തുക്കളോട് ഇപ്പോള്‍ സന്ദര്‍ശനമരുതെന്നും കുടുംബം അഭ്യര്‍ഥിച്ചിട്ടുണ്ട്.
അടുത്ത സുഹൃത്തായ ബാബ സിദ്ദിഖിയുടെ മരണം സല്‍മാന്‍ ഖാനെ തകര്‍ത്തിരിക്കുകയാണ്. ബാബ സിദ്ദിഖിയുടെ മകന്‍ സീഷാന്റെ സുരക്ഷ ഉറപ്പിച്ച് രാത്രി ഉറങ്ങാതെ ഇരിക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സല്‍മാന്റെ മീറ്റിങ്ങുകളും മറ്റ് പരിപാടികളും കുറച്ചു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
കൊല്ലപ്പെട്ട ബാബ സിദ്ദിഖി സല്‍മാന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. സല്‍മാന്റെ സഹോദരങ്ങളായ അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍ എന്നിവരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇഫ്ത്താര്‍ വിരുന്നുങ്ങളിലും മറ്റ് കുടുംബപരിപാടികളിലും ഇരു കുടുംബങ്ങളും ഒന്നിച്ചെത്തിയിരുന്നു.
ബാന്ദ്ര ഈസ്റ്റിലെ നിര്‍മല്‍ നഗറിലെ സീഷന്‍ സിദ്ദിഖിയുടെ ഓഫീസിന് സമീപത്ത് വെച്ചാണ് രാത്രി 9.30 ഓടെ സിദ്ദിഖി ആക്രമിക്കപ്പെട്ടത്. മുഖം മറച്ചെത്തിയ മൂന്ന് അക്രമികളാണ് വെടിയുതിര്‍ത്തത്. നെഞ്ചിന് വെടിയേറ്റ സിദ്ദിഖിയെ ഉടന്‍ തന്നെ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി തന്നെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. ഉത്തര്‍പ്രദേശ് ഹരിയാന സ്വദേശികളാണ് പിടിയിലായത്.
പ്രതികള്‍ ആഴ്ചകളോളം സിദ്ദിഖിയെ നിരീക്ഷിച്ചാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നു പൊലീസ് പറഞ്ഞു. ആക്രമികള്‍ക്കു മുന്‍കൂറായി 50,000 രൂപ വീതം നല്‍കി. 15 ദിവസം മുന്‍പ് ഇവര്‍ക്കു തോക്കുകള്‍ കൈമാറി. നാലാം പ്രതിയാണു തോക്കുകള്‍ എത്തിച്ചത്. കുര്‍ളയിലെ വാടകവീട്ടില്‍ 14,000 രൂപ നല്‍കി ഇവര്‍ 2530 ദിവസം താമസിച്ചു.
സിദ്ദിഖിയെ കൊല്ലാനായി ഓട്ടോറിക്ഷയിലാണ് ഇവരെത്തിയത്. സിദ്ദിഖി എവിടെയാണ് എന്നതു സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ഇവര്‍ക്കു കിട്ടിയിരുന്നു. ബാന്ദ്ര ഈസ്റ്റിലെ സിദ്ദിഖിയുടെ മകന്റെ ഓഫിസിന് അടുത്തുവച്ചാണു രാത്രി ഒന്‍പതരയോടെ അക്രമികള്‍ രണ്ടുമൂന്നു റൗണ്ട് വെടിയുതിര്‍ത്തത്. സുരക്ഷാഭീഷണി ഉള്ളതിനാല്‍ സിദ്ദിഖിക്കു വൈ കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു. പഴ്‌സനല്‍ സെക്യൂരിറ്റി ഓഫിസറും ഒപ്പമുണ്ടായിരുന്നു. 6 വെടിയുണ്ടകളില്‍ നാലെണ്ണം സിദ്ദിഖിയുടെ നെഞ്ചില്‍ കൊണ്ടു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിദ്ദിഖിയെ രക്ഷിക്കാനായില്ല.