സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ച സംഭവം; പി വി അന്‍വറിന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയ ഡി വൈ എസ് പി എം ഐ ഷാജിക്ക് സസ്‌പെന്‍ഷന്‍; അന്‍വറിനെ ഡിവൈഎസ്പി നേരില്‍ കണ്ടുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

അന്‍വറിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഡിവൈഎസ്പി എം.ഐ ഷാജിക്ക് സസ്‌പെന്‍ഷന്‍

Update: 2025-03-20 14:19 GMT

തിരുവനന്തപുരം: നിലമ്പൂരിലെ മുന്‍ എം എല്‍ എ പി വിഅന്‍വറിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഡിവൈഎസ്പി എം.ഐ ഷാജിക്ക് സസ്‌പെന്‍ഷന്‍.സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ച സംഭവത്തിലെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയതിനാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്ക് ബിജെപി ബന്ധം ഉണ്ടെന്ന രേഖയാണ് അന്‍വര്‍ പുറത്തുവിട്ടത്.

മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് മുന്‍ എംഎല്‍എ പി.വി അന്‍വര്‍ ക്രൈംബ്രാഞ്ചിന്റെ സുപ്രധാന രേഖ പുറത്തുവിട്ടത്. മലപ്പുറം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇത്.

ബിജെപി ബന്ധമുള്ള ചില ഉദ്യോഗസ്ഥര്‍, സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചു എന്നായിരുന്നു ഇതിലെ കണ്ടെത്തല്‍. രേഖ പുറത്തുവന്നത് ആഭ്യന്തരവകുപ്പിനുള്ളില്‍ വലിയ കോലാഹലങ്ങള്‍ക്ക് ഇടയാക്കുകയും തുടര്‍ന്ന് ഇന്റലിജന്‍സ് അന്വേഷണം നടത്തുകയുമായിരുന്നു.

ഈ അന്വേഷണത്തില്‍ എം.ഐ ഷാജിയെന്ന ഡിവൈഎസ്പി പി.വി അന്‍വറുമായി നിരന്തരം ബന്ധം പുലര്‍ത്തുകയും അദ്ദേഹത്തിന്റെ വീട്ടിലെത്തി ചില രേഖകള്‍ കൈമാറി എന്നും കണ്ടെത്തി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് ഡിവൈഎസ്പിയെ തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍.

അന്‍വറുമായി ഷാജി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും നേരില്‍ കണ്ടുവെന്നും ഇന്റലിജന്‍സ് ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി എടുത്തത്. തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്തിരുന്ന ഷാജിയെ നേരത്തേ കാസര്‍കോട്ടേയ്ക്കു മാറ്റിയിരുന്നു. മദ്യപിച്ചു വാഹനം ഓടിച്ച സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഡിവൈഎസ്പി അനില്‍കുമാറിനെയും സസ്പെന്‍ഡ് ചെയ്തു.


Tags:    

Similar News