2009 ലെ ഇടതു സര്‍ക്കാരിനെ കൊണ്ട് ആറന്മുള വിമാനത്താവളത്തിന് അനുമതി കൊടുപ്പിച്ചു: വി.എസ്. സര്‍ക്കാര്‍ ഭൂമി വ്യവസായ മേഖലയായി പ്രഖ്യാപിച്ചു: പഞ്ചായത്തിന്റെ വിഭവഭൂപട പരിപാടി അട്ടിമറിച്ചു: മുന്‍ എംഎല്‍എ കെസി രാജഗോപാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇടതു ചിന്തകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ടി.പി കലാധരന്‍
പത്തനംതിട്ട:മെഴുവേലി ഗ്രാമപഞ്ചായത്തില്‍ ഭരണം കൈവിട്ടതിന് പിന്നാലെ സിപിഎം കോഴഞ്ചേരി ഏരിയാ സെക്രട്ടറിക്കും മറ്റ് പാര്‍ട്ടി നേതാക്കള്‍ക്കുമെതിരേ കടുത്ത വിമര്‍ശനം അഴിച്ചു വിട്ട മുന്‍ ആറന്മുള എംഎല്‍എ കെ.സി. രാജഗോപാലിനെതിരേ രൂക്ഷവിമര്‍ശനവുമായി ഇടതു ചിന്തകനും പരിസ്ഥിതി വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ടി.പി കലാധരന്‍. ആറന്മുള വിമാനത്താവളം കൊണ്ടു വരാന്‍ വി.എസ്. അച്യുതാനന്ദനെ പ്രേരിപ്പിച്ചത് രാജഗോപാല്‍ ആയിരുന്നുവെന്ന് കലാധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
20 വര്‍ഷമായി സിപിഎം കുത്തകയാക്കിയിരുന്ന മെഴുവേലി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ നിന്ന് കെ.സി. രാജഗോപാലന്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഭരണം നഷ്ടമായി. ഇതിനെ തുടര്‍ന്ന് സിപിഎം കോഴഞ്ചേരി ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായ ടി.വി. സ്റ്റാലിനെതിരേ രൂക്ഷ വിമര്‍ശനമാണ് കെ.സി. രാജഗോപാല്‍ നടത്തിയത്. ഉപരി കമ്മറ്റികളില്‍ പരാതി നല്‍കുമെന്നും രാജഗോപാല്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതു വരെ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറയുന്നത്.
അതിനിടെയാണ് മെഴുവേലി പഞ്ചായത്തില്‍ താമസിക്കുന്ന ടി.പി. കലാധരന്‍ കെ.സി. രാജഗോപാലിനെതിരേ തുറന്ന് എഴുതിയിരിക്കുന്നത്. 75 വയസുള്ള ഒരു മുന്‍ എംഎല്‍എയെ മത്സരിപ്പിക്കേണ്ട കാര്യം എന്തായിരുന്നുവെന്ന് കലാധരന്‍ ചോദിക്കുന്നു. ഭരിക്കുന്നത് കോണ്‍ഗ്രസ് ആണെന്ന ഒറ്റക്കാരണത്താല്‍ പഞ്ചായത്തിലെ വിഭവ ഭൂപട സര്‍വേ നിര്‍മാണം രാജഗോപാല്‍ അട്ടിമറിച്ച കഥയും കലാധരന്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
75 വയസ് ഉളള ഒരു മുന്‍ MLA യെ മത്സരിപ്പിക്കേണ്ട ആവശ്യം എന്തായിരുന്നു?
പഞ്ചായത്ത് വൈസ് പ്രസിഡന്റും പ്രസിഡന്റും MLA യും ആയി പദവികള്‍ വഹിച്ച ഒരാള്‍ യുവാക്കള്‍ക്ക് വേണ്ടി മാറിക്കൊടുക്കാഞ്ഞത് സ്ഥാന ആര്‍ത്തി കൊണ്ടല്ലേ?
തോമസ് ഐസക്കിന്റെ പോസ്റ്റ് ഉണ്ടായിരുന്നു കെ സി ആറിനെക്കുറിച്ച്. അതില്‍ പലതും തെറ്റാണ് എന്ന് മെഴുവേലിക്കാരനായ എനിക്ക് പറയാനാകും.
ഐസക് പറയാതിരുന്ന ഒരു കാര്യം ആദ്യം പങ്കിടാം.
ആറന്മുള വിമാനത്താവളത്തിന് ഇടതുപക്ഷ സര്‍ക്കാരിനെക്കൊണ്ട് 2009ല്‍ അനുമതി കൊടുപ്പിച്ചത് ആരാണ്?
2006 മുതല്‍ 2011 വരെ ആറന്മുള MLA കെ സി രാജഗോപാല്‍ ആയിരുന്നു. അനുമതി കൊടുക്കുക മാത്രമല്ല ആറന്മുളയിലെ പദ്ധതി പ്രദേശത്തുള്ള അഞ്ഞൂറേക്കര്‍ ഭൂമിയാണ് അച്ച്യുതാനന്ദന്‍ സര്‍ക്കാര്‍ 2011-ല്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ചത്.
2008 ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ഈ പ്രദേശത്തിന് ബാധകമല്ലാതാക്കാനായിരുന്നു ഇത്.
പിന്നീട് വന്ന ശിവദാസന്‍ നായര്‍ MLA യും ആന്റോ ആന്റണി MP യും വിമാനത്താവളത്തിനായി നിലകൊണ്ടു.
സമരം കുമ്മനത്തിലൂടെ സംഘപരിവാറിന് മൈലേജ് ഉണ്ടാക്കിക്കൊടുത്തു. വി എസ് സമരത്തിന് എത്തി എന്നതാണ് മറ്റൊരു കാര്യം. താന്‍ തത്വത്തില്‍ അനുമതി കൊടുത്തതേയുള്ളു എന്ന് അദ്ദേഹം പറഞ്ഞു.
ആ അനുമതിയാണ് മൂലകാരണം.
അതിന്റെ പരിണിത ഫലമായിരുന്നു വിമാനത്താവള വിരുദ്ധ ജനകീയ സമരം.
2.
മെഴുവേലിയില്‍ വിഭവഭൂപട നിര്‍മ്മാണം നടന്നു. ഞാന്‍ അതിന്റെ കണ്‍വീനര്‍മാരില്‍ ഒരാളായിരുന്നു. കെ സി ആറാണ് പഞ്ചായത്ത് പ്രസിഡന്റ്. അടുത്ത തെരഞ്ഞെടുപ്പില്‍ UDF അധികാരത്തില്‍ വന്നു മാന്ദാനത്ത് നന്ദകുമാര്‍ പ്രസിഡന്റായി.
വിഭവഭൂപട നിര്‍മ്മാണത്തിന്റെ തുടര്‍ച്ചയായി PLDP പരിപാടി നടപ്പിലാക്കാന്‍ IRTC തീരുമാനിച്ചു. UDF ന് LDF തുടങ്ങി വച്ച പരിപാടി ഏറ്റെടുക്കാന്‍ മനസ്സില്ലായിരുന്നു. ഞാനും പി ആര്‍ ശ്രീകുമാറും നന്ദകുമാറുമായി പലവട്ടം ചര്‍ച്ച നടത്തി. ഒടുവില്‍ അദ്ദേഹം സമ്മതിച്ചു.
അപ്പോള്‍ ഈ പരിപാടിയുമായി സഹകരിക്കേണ്ട എന്ന് KCR തീരുമാനിച്ചു. ആ തീരുമാനം തിരുത്താനാകുമോ എന്ന ദൗത്യവുമായാണ് ഐസക്ക് മെഴുവേലിയില്‍ വരുന്നത്. KC R സഹകരിക്കില്ല എന്ന നിലപാട് മാറ്റിയില്ല.
അത് പലവിധ പ്രയാസങ്ങള്‍ ഉണ്ടാക്കി.
ഒരു ഉദാഹരണം പറയാം.
ജനകീയാസൂത്രണത്തിന്റെ ജില്ലയിലെ ആദ്യ മാതൃകാ ഗ്രാമസഭ ചന്ദനക്കുന്നില്‍ നടത്താന്‍ തീരുമാനിച്ചു.
അന്നത്തെ DCC പ്രസിഡന്റ് ഫീലിപ്പോസ് തോമസ് , നന്ദകുമാറിനെ വിളിച്ച് അത് നടത്തരുതെന്ന് നിര്‍ദ്ദേശിച്ചു. UDF തീരുമാനമാണ്. നന്ദകുമാര്‍ പറഞ്ഞത് വികേന്ദ്രീകൃതാസൂത്രണം ഗാന്ധിയന്‍ സങ്കല്പമാണ് ഞാന്‍ അത് നടത്തും എന്നാണ്.
കടമ്മനിട്ട രാമകൃഷ്ണനാണ് ഉദ്ഘാടകന്‍.
കടമ്മനിട്ട മെഴുവേലിയില്‍ അന്നേ ദിവസം 2 മണിക്ക് എത്തി.
പരിപാടിയില്‍ പങ്കെടുത്തില്ല.
അദ്ദേഹം സുഭഗടീച്ചറുടെ വീട്ടില്‍ വിശ്രമിച്ച് മടങ്ങി.
രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണത്രേ പങ്കെടുക്കാത്തത്!
ചില ദേഹങ്ങള്‍ ക്ഷണിക്കപ്പെട്ടില്ലെങ്കില്‍ ആ പരിപാടി നടക്കണ്ട എന്ന് ചിന്ത ഉണ്ടാകുന്നതെന്തുകൊണ്ടാണ്?
നാട്ടുകാര്‍ക്ക് കാര്യം മനസ്സിലായി.
ഇത്തരം അനുഭവങ്ങള്‍ ധാരാളമുണ്ട്'
സ്ഥാനമൊഴിയുന്ന പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധറിന്റെ FB നോക്കൂ. CPI യുടെ ഒരു സ്ഥാനാര്‍ഥിയുടെ വോട്ട് അഭ്യര്‍ഥന മാത്രമേ അതില്‍ കാണൂ.
കെ സി രാജഗോപാലടക്കം ആരുടെയും ഇല്ല. എന്താവാം കാരണം? ഒരുമ എന്ന പേരില്‍ സമാന്തര സംവിധാനമുണ്ടാക്കി തെരഞ്ഞെടുത്ത ഭരണ സമിതിയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ചതു മുതല്‍ ഒത്തിരി പ്രശ്‌നങ്ങള്‍. അധികാരം സ്വന്തം കൈയില്‍ വേണമെന്ന ദുരാഗ്രഹം. ഇടതുപക്ഷ ഭരണ സമിതിക്കെതിരെ ജില്ലാ കമ്മറ്റിയംഗം ആശിര്‍വദിച്ച് പഞ്ചായത്ത് ഓഫീസില്‍ സമരം ചെയ്യിക്കുന്ന കഥ കേരളത്തില്‍ വേറെ ഉണ്ടാകില്ല. ഒരാളുടെ വീട്ടിലേക്ക് വഴി കൊടുക്കാന്‍ ഭരണ സമിതി തീരുമാനിച്ചതാണ് കാരണം.
കൃഷി ഓഫീസര്‍, അവാര്‍ഡ് നേടിയ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവരെ പരസ്യമായി ഭീഷണിപ്പെടുത്തിയതാരായിരുന്നു? സംഭവങ്ങള്‍ ഒത്തിരിയുണ്ട്
മെഴുവേലിയിലെ വോട്ടര്‍മാര്‍ കെ സി ആറില്‍ നിന്നും പഞ്ചായത്തിനെ രക്ഷിക്കാന്‍ നടത്തിയ നെഗറ്റീവ് വോട്ടാണ് LDF ന്റെ പരാജയത്തിന് കാരണം എന്ന് നാട്ടില്‍ സംസാരമുണ്ട്. അതിന് ഏരിയ സെക്രട്ടറിയെ പള്ള് പറഞ്ഞിട്ട് കാര്യമില്ല.
